കൊല്ലങ്കോട്: കോൺക്രീറ്റ് സ്ലാബ് തകർന്ന് അപകടാവസ്ഥയിലായ ഊട്ടറ പാലം എത്രയും പെട്ടന്ന് ഗതാഗത യോഗ്യമാക്കും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം താൽക്കാലിക അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുന്ന മുറയ്ക്ക് വേഗത്തിൽ ഫണ്ട് അനുവദിച്ച് നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഇതോടൊപ്പം തന്നെ കിഫ്ബി പദ്ധതി വഴി അനുവദിച്ച പുതിയ പാലത്തിനായുള്ള നടപടികളും പുരോഗമിക്കും. മൂന്നുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളും.
പാലത്തിലൂടെയുള്ള ഗതാഗതം അടിയന്തരമായി പുനഃസ്ഥാപിക്കാൻ ഫണ്ടനുവദിക്കണമെന്നും പുതിയ പാലത്തിന്റെ ടെൻഡർ നടപടി ഉൾപ്പെടുള്ള പ്രവൃത്തികളിൽ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കെ.ബാബു എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് നിവേദനം നൽകി. മന്ത്രി കെ.കൃഷ്ണൻകുട്ടിയെ സന്ദർശിച്ചും വിഷയം അവതരിപ്പിച്ചു.
ആലമ്പള്ളം ചപ്പാത്തിൽ കൈവരി സ്ഥാപിച്ചു
ഊട്ടറയിൽ ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കൂടുതലായി കടന്നുപോകുന്ന ബദൽ മാർഗമായ ആലമ്പള്ളം ചപ്പാത്തിന് മുകളിൽ കൈവരികൾ സ്ഥാപിച്ചു. കൂടുതൽ മെറ്റലിട്ട് താൽക്കാലികമായി ബലപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം മുതൽ പാതയിലൂടെ ബസ് അടക്കമുള്ള വാഹനങ്ങൾ കടത്തി വിട്ടത്. ചെറുവാഹനങ്ങൾ പുഴയിൽ വീഴുന്ന അപകട സാദ്ധ്യത മുന്നിൽക്കണ്ട് മുള, ചൗക്ക എന്നിവ ഉപയോഗിച്ചാണ് ഇരുവശത്തും കൈവരികൾ നിർമ്മിച്ചത്.
സന്ദർശനം നടത്തി
ഊട്ടറ പാലത്തിലൂടെ താൽക്കാലിക ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിന് ആവശ്യമായ നടപടി ഉടൻ കൈക്കൊള്ളുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു. തകർന്ന പാലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മന്ത്രിയെ കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി.
ലോക്കൽ സെക്രട്ടറിമാരായ കെ.സന്തോഷ് കുമാർ, വി.ജ്യോതീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം വി.കെ.മഹേഷ്, പി.ദേവദാസ്, ബി.അലാവുദ്ദീൻ, രാധ പഴനിമല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വട്ടംചുറ്റി യാത്രക്കാർ
നിലവിൽ യാത്രക്കാർ അധിക ദൂരം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, കച്ചവടക്കാർ തുടങ്ങി നിരവധി പേരാണ് ഓഫീസ് സമയങ്ങളിൽ വലയുന്നത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലുള്ളവരാണ് ഏറെ പ്രയാസം നേരിടുന്നത്.
ബോർഡുകൾ സ്ഥാപിച്ചു
ഊട്ടറ വഴിയുള്ള ഗതാഗത നിരോധനത്തെ തുടർന്ന് വാഹനങ്ങൾ കടന്നുപോകുന്ന ബദൽ വഴികൾ കാണിക്കുന്നതിനായി കൊല്ലങ്കോട്, മുതലമട, പട്ടഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ പൊലീസ് ദിശാസൂചികകൾ സ്ഥാപിച്ചു.
ആലമ്പള്ളം ചപ്പാത്തിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഭാരവാഹനങ്ങൾ കടന്നുപോയാണ് കഴിഞ്ഞ ദിവസം പാലത്തിന് തകരാർ സംഭവിച്ചത്. അതിക്രമിച്ച് കടക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ എ.വിപിൻദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |