കൊല്ലം: കൊല്ലം എസ്.എൻ കോളേജിലുണ്ടായ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്.എഫ്.ഐ നേതാക്കളെയും ഒരു എ.ഐ.എസ്.എഫ് പ്രവർത്തകനെയും പുറത്താക്കി. 15 എസ്.എഫ്.ഐ പ്രവർത്തകരെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ജേർണലിസം വിദ്യാർത്ഥിയുമായ ഗൗതം, എസ്.എഫ്.ഐ യൂണിറ്റ് ജോ. സെക്രട്ടറിയും മൂന്നാം വർഷ കെമസ്ട്രി വിദ്യാർത്ഥിയുമായ അഭിനന്ദ്, എ.ഐ.എസ്.എഫ് യൂണിറ്റ് കമ്മിറ്റി അംഗവും മൂന്നാം വർഷ മാത്സ് വിദ്യാർത്ഥിയുമായ ആകാശ് എന്നിവരെയാണ് പുറത്താക്കാൻ തീരുമാനിച്ചത്.
ഇന്നലെ ചേർന്ന കോളേജ് കൗൺസിൽ യോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സംഘർഷത്തിന് പിന്നാലെ കോളേജ് കൗൺസിൽ യോഗം ചേർന്ന് അന്വേഷണ കമ്മിഷൻ രൂപീകരിച്ചിരുന്നു. തെളിവുകൾ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തിയ ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൂട്ടത്തോടെ എത്തുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എ.ഐ.എസ്.എഫിന്റെ വനിതാ പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ ഫോണിലൂടെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ നടത്തിയ ശ്രമങ്ങളുടെ ശബ്ദരേഖകളും ലഭിച്ചു. സസ്പെൻഡ് ചെയ്തവരെ, ഇനിമേൽ അച്ചടക്ക പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷമേ തിരിച്ചെടുക്കു.
കഴിഞ്ഞമാസം 7നാണ് എസ്.എഫ്.ഐക്കാർ എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. സംഭവത്തിൽ 15 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റിരുന്നു. എ.ഐ.എസ്.എഫ് പ്രവർത്തകയായ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായിരുന്നു. ബാക്കിയുള്ളവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അനിഷ്ട സംഭവങ്ങൾ പ്രതിരോധിക്കാൻ
കോളേജ് സംരക്ഷണ സമിതി
കോളേജിൽ വരും ദിവസങ്ങളിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ തത്സമയം പ്രതിരോധിക്കാൻ നേരത്തെ രൂപീകരിച്ച കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു.
എസ്.എൻ.ഡി.പി യോഗം കൊല്ലം, ചാത്തന്നൂർ, കുണ്ടറ യൂണിയനുകളിലെ നേതാക്കളെ ഉൾപ്പെടുത്തിയാണ് സ്റ്റിയറിംഗ് കമ്മിറ്റി. കൊല്ലത്ത് നിന്ന് 11, കുണ്ടറയിൽ നിന്നും 6, ചാത്തന്നൂരിൽ നിന്ന് നാല് വീതം നേതാക്കളാണ് സമിതിയിലുള്ളത്. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, ശങ്കേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അനിൽ മുത്തോടം എന്നിവർക്കാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വം.
എല്ലാ ദിവസവും സ്റ്റിയറിംഗ് കമ്മിറ്റിയിലെ നിശ്ചിത അംഗങ്ങൾ കോളേജിലുണ്ടാകും. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കൂടുതൽ പേരെ വിളിച്ചുവരുത്തും. ഹൈക്കോടതി ഉത്തരവിലൂടെ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചിട്ടുള്ള കോളേജിൽ നിരന്തരം സംഘർഷം സൃഷ്ടിച്ച് അദ്ധ്യയനം തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് കോളേജ് സംരക്ഷണ സമിതിയുടെ ഇടപെടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |