എ.ആർ. റഹ്‌മാന് ഗോൾഡൻ ഗ്ളോബും ഓസ്‌കാറും ലഭിച്ചപ്പോൾ ഇന്ത്യയിലാരും അത്ഭുതം കൂറിയില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ അത്തരം പുരസ്‌കാരങ്ങൾ റഹ്‌മാനെ തേടിയെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഓസ്‌കാർ ലഭിക്കുന്നതിന് മുൻപുതന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംഗീത സംവിധായകനും യുവാക്കളുടെ ഹരവുമായിരുന്നു റഹ്‌മാൻ. ഹിന്ദി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതാണ് റഹ്‌മാനെ ഇന്ത്യയ്‌ക്ക് പ്രിയങ്കരനാക്കിയത്. എന്നാൽ റഹ്‌മാൻ ലോകപ്രശസ്തനായത് ഓസ്‌കാർ അവാർഡ് ലഭിച്ചതിന് ശേഷമാണ്. പക്ഷേ എം.എം. കീരവാണിയാകട്ടെ ഇന്ത്യ മുഴുവൻ അറിയപ്പെട്ട സംഗീതസംവിധായകനായിരുന്നില്ല. ദക്ഷിണേന്ത്യയിലാണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്. വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ താരമൂല്യം കുതിച്ചുയർന്നത് ബാഹുബലി എന്ന ചിത്രത്തിന് ശേഷമാണ്. ആർ.ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ കീരവാണി ഇപ്പോൾ ലോകത്തിന്റെ നെറുകയിലെത്തി. മുറ്റത്തെ മുല്ലയുടെ മണം നാം ശരിയായ രീതിയിൽ തിരിച്ചറിയുന്നത് പലപ്പോഴും പാശ്ചാത്യ രാജ്യങ്ങളിൽനിന്നും പുരസ്‌കാരങ്ങളെത്തുമ്പോഴാണ്.
ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഗാനത്തിന് ആദ്യമായാണ് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം ലഭിക്കുന്നത്. റഹ്‌മാന് അവാർഡ് ലഭിച്ച സ്ളംഡോഗ് മില്യണെയർ ബ്രിട്ടീഷ് ചിത്രമായിരുന്നു. അതിനാൽ ഇന്ത്യയ്‌ക്ക് ഇരട്ടിമധുരമാണ് കീരവാണിയുടേത്. സ്വന്തം പുത്രന് ലഭിച്ച പുരസ്കാരത്തിലൂടെ തെലുങ്ക് നാടിന്റെ അഭിമാനം വലുതാണെങ്കിലും മലയാളത്തിന്റെ സന്തോഷവും കുറവല്ല. ദേവരാഗം, സൂര്യമാനസം, നീലഗിരി തുടങ്ങിയ മലയാളചിത്രങ്ങളിൽ അദ്ദേഹമൊരുക്കിയ പാട്ടുകൾ മലയാളി ഹൃദയത്തിൽ സ്വീകരിച്ചവയാണ്. തന്റെ 1200 പാട്ടുകളിൽ ആയിരവും പാടിയത് ചിത്രയാണെന്ന കീരവാണിയുടെ വാക്കുകളും നമുക്ക് അഭിമാനമാണ്. സിനിമാരംഗത്തെ അദ്ദേഹത്തിന്റെ സംഗീതഗുരുവും രാജാമണിയെന്ന മലയാളിയായിരുന്നു.
നാട്ടു - നാട്ടു എന്ന ഗാനത്തിന്റെ സന്ദർഭവും പ്രതീകാത്മകമാണ്. പാശ്ചാത്യ ഡാൻസിനെ തോല്പിക്കാനുള്ള ചടുലതയും ഉൗർജ്ജവും ഇന്ത്യൻ നാട്ടുപാട്ടിനുണ്ടെന്ന് തെളിയിച്ച് ബ്രിട്ടീഷുകാരന്റെ അംഗീകാരം നേടുന്ന ഗാനമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. മറ്റൊരർത്ഥത്തിൽ അതുതന്നെയാണ് ഗോൾഡൻ ഗ്ളോബ് നേടിയതിലൂടെ സംഭവിച്ചിരിക്കുന്നത്. അവാർഡ് നേടിയതിന് ശേഷം കീരവാണി ആദ്യം നന്ദിപറഞ്ഞത് ചിത്രത്തിന്റെ സംവിധായകൻ എസ്.എസ്. രാജമൗലിക്കാണ്. ബ്രഹ്മാണ്ഡചിത്രങ്ങൾ ഒരുക്കുകയും തുടർച്ചയായി ബ്രഹ്മാണ്ഡ വിജയങ്ങൾ നേടുകയും ചെയ്യുകയെന്ന അവിശ്വസനീയ നേട്ടത്തിന്റെ ശില്പിയായ രാജമൗലിയെ തേടിയും ഭാവിയിൽ ഇത്തരം പുരസ്‌കാരങ്ങൾ എത്താതിരിക്കില്ല.
ചലച്ചിത്ര ഗാനരംഗത്തിന്റെ സമസ്തമേഖലകളിലും കൈയൊപ്പു ചാർത്തിയ പ്രതിഭയാണ് കീരവാണി. ഗായകനായും ഗാനരചയിതാവായും തിളങ്ങി. ബാഹുബലി 2ലെ ഒരു ജീവൻ എന്ന ഗാനം അദ്ദേഹം ആലപിച്ചതാണ്. അച്ഛനും മകനും ഒരുപോലെ അഭിമാനിക്കാവുന്നതെന്ന അപൂർവതയും ഈ പുരസ്കാരത്തിനുണ്ട്. നാട്ടു - നാട്ടു പാടിയ ഗായകരിൽ ഒരാൾ കീരവാണിയുടെ മകൻ കാലഭൈരവയാണ്.
തെലുങ്കിലും തമിഴിലും സംഭവിക്കുന്ന വലിയ സിനിമകളുടെ വലിയ വിജയങ്ങൾ ബോളിവുഡാണ് ഇന്ത്യൻ വാണിജ്യ സിനിമയുടെ ഇരിപ്പിടം എന്ന ധാരണയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. 2022ൽ മിക്ക ബോളിവുഡ് ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണേന്ത്യയിൽ നിന്നുളള ചിത്രങ്ങൾ വെന്നിക്കൊടി പാറിക്കുകയാണ് ചെയ്തത്. ഇതിൽ ആർ.ആർ.ആർ ആകട്ടെ ആഗോളതലത്തിൽ 1200 കോടി രൂപയാണ് കളക്‌ട് ചെയ്തിരിക്കുന്നത്. പ്രതിഭാശാലികളായ നിരവധി കലാകാരന്മാരുടെ ഒത്തുചേരലാണ് ദക്ഷിണേന്ത്യയ്ക്ക് ഈ വിജയങ്ങൾ സമ്മാനിക്കുന്നത്. ഗോൾഡൻ ഗ്ളോബിനും മുകളിൽ നിൽക്കുന്ന പുരസ്കാരം വൈകാതെ കീരവാണിയെ തേടി എത്തുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |