'' നിങ്ങൾക്കിത് ആത്മഹത്യയാവാം, എനിക്കിത് അപേക്ഷയാണ് ''. പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരുമില്ലെന്ന വേദന പങ്കുവെച്ച് ആത്മഹത്യചെയ്ത പരിസ്ഥിതി പ്രവർത്തകൻ കൊഴിഞ്ഞാമ്പാറ സ്വദേശി കെ.വി.ജയപാലന്റെ ആത്മഹത്യാകുറിപ്പിലെ വാചകങ്ങളാണിത്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് പറയുന്ന അദ്ദേഹം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടെയുമാണ് ഒരു കുറിപ്പെഴുതി ജീവൻ അവസാനിപ്പിച്ചത്. പശ്ചിമഘട്ടത്തെക്കുറിച്ചും മലനിരകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കൊടിയ ചൂഷണങ്ങളെക്കുറിച്ചും കേരളം ചർച്ചചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പൊതുജനശ്രദ്ധയോ മാദ്ധ്യമശ്രദ്ധയോ ആകർഷിക്കാൻ തന്റെ ആത്മഹത്യയിലൂടെ സാധിച്ചേക്കും എന്നതിനാലാണ് അദ്ദേഹം പോറ്റമ്മയെ സംരക്ഷിക്കാൻ ആരുമില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കിയത്.
പശ്ചിമഘട്ടത്തിന്റെ പുത്രൻ
ഓരോ ശ്വാസത്തിലും പരിസ്ഥിതിയെന്ന ചിന്തയിലാണ് ജയപാലന്റെ ജീവിതം കടന്നുപോയിരുന്നത്. പോറ്റമ്മയായാണു പശ്ചിമഘട്ടത്തെ അദ്ദേഹം ആദരിച്ചിരുന്നത്. പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കാനായി ''ഗ്രീൻ ഗാർഡ്സ് ഒഫ് ഇന്ത്യ'' എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നൽകിയിരുന്നു. മാസത്തിലൊരിക്കലെങ്കിലും പശ്ചിമഘട്ട മലനിരകളിലെ പലയിടങ്ങളിൽ നിന്നും അദ്ദേഹം മാലിന്യങ്ങൾ നീക്കം ചെയ്യുമായിരുന്നു. നെല്ലിയാമ്പതി, ഊട്ടി, കൊടൈകനാൽ, വാൽപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ പതിവ് സന്ദർശകനായിരുന്നു.
പശ്ചിമഘട്ട മലനിരകൾക്കുവേണ്ട പരിഗണനയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന ആശങ്കകൾ അദ്ദേഹം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ മാസം അഞ്ചിനു രാവിലെ വാൽപാറയ്ക്കു പോയ ജയപാലൻ അക്കാമലയിലെ പുൽമേട്ടിലിരുന്നാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയത്. തുടർന്നു ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തി തെങ്ങിൽ പ്രയോഗിക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നു.
'നമുക്ക് നിലവാരമുള്ള വായു, ശുദ്ധജലം, അതുവഴി കൃഷി, ഭക്ഷണം എന്നിവ നിറവേറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പശ്ചിമഘട്ട മലനിരയെ സംരക്ഷിക്കുകയും വേണ്ടവിധം പരിഗണിക്കുകയും വേണം. ലോകപൈതൃക പട്ടികയിൽ ഇടംനേടിയ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണം, അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റണം. നേരിൽ കണ്ടിട്ടില്ലാത്ത ദൈവസങ്കല്‌പങ്ങൾക്ക് കൊടുക്കുന്ന പരിഗണനയുടെ ഒരംശമെങ്കിലും പ്രകൃതിക്ക് നൽകണം. ദിനംപ്രതി നശിച്ച് കൊണ്ടിരിക്കുന്ന പശ്ചിമഘട്ടം അത്യാസന്ന നിലയിലാണ്. സത്യഗ്രഹം പോലുള്ള നിരവധി സമര മാർഗങ്ങളെപ്പറ്റി ആലോചിച്ചു. എന്നാൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ആത്മഹത്യയല്ലാതെ മറ്റൊന്നും മതിയായി തോന്നുന്നില്ലെന്നും അദ്ദേഹം ആത്മഹത്യാ കുറിപ്പിലെഴുതി.
ജയപാലന്റെ
ആശങ്കകളിലൂടെ
കാലാവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതും ലോക പൈതൃക പട്ടികയിൽ എട്ടാംസ്ഥാനം അലങ്കരിക്കുകയും ചെയ്യുന്ന പശ്ചിമഘട്ട മലനിരകൾക്ക് പോറ്റമ്മയുടെ സ്ഥാനം നൽകണം. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം പുരോഗതിയിലേക്കല്ല തകർച്ചയിലേക്കാണ് നയിക്കുന്നത്. വിനോദസഞ്ചാരികൾ ചവറുകൾ വലിച്ചെറിയുന്നതിനെതിരെ കേസെടുത്തതുകൊണ്ട് മാത്രം മാറ്റങ്ങൾ ഉണ്ടാകില്ല. ബോധവത്കരണം അടിത്തട്ടിൽനിന്ന് ആരംഭിക്കണം.
ഇന്ത്യയുടെ ഭൂവിസ്തൃതിയിൽ ആറ് ശതമാനം മാത്രം വരുന്നതും പ്രത്യക്ഷമായും പരോക്ഷമായും കോടികണക്കിന് മനുഷ്യരുടേയും മറ്റ് സസ്യ ജന്തുജാലങ്ങളുടേയും നിലനില്പിനുതന്നെ അത്യന്താപേക്ഷിതവുമായ ശുദ്ധവായു ഉത്പാദിപ്പിക്കുകയും ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിൽ നിന്നാണ്. കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പു മുതൽ ഗുജറാത്തിലെ താപ്തി നദിവരെ ഏകദേശം 1600 കിലോമീറ്റർ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകൾ നമ്മുടെ ഉയിർനാഡിയാണ്.
വിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കണം
ലോക പൈതൃക പട്ടികയിൽ എട്ടാംസ്ഥാനം അലങ്കരിക്കുകയും നമ്മുടെ കാലാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നതുമായ പശ്ചിമഘട്ട മലനിരകൾക്ക് നമ്മുടെ പോറ്റമ്മയുടെ സ്ഥാനമുണ്ട്. അത് നാമുൾപ്പെടുന്ന പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. പശ്ചിമഘട്ടത്തിന്റെ മഹത്തരം ബോദ്ധ്യപ്പെടുത്താനുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായങ്ങളും നമുക്കില്ലാതെപോയി. എത്ര ഉന്നതവിദ്യാസ നിലവാരം നമുക്കുണ്ടെങ്കിലും പോറ്റമ്മയെ തിരിച്ചറിയാനായില്ലെങ്കിൽ ആ വിദ്യാഭ്യാസം കൊണ്ടെന്ത് നേട്ടമാണുണ്ടാവുക ?
പശ്ചിമഘട്ട മലനിരകളും അവയുടെ സംരക്ഷണവും ചെറിയ ക്ലാസുമുതൽ തന്നെ പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. നിലവിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിരവധി അദ്ധ്യായങ്ങൾക്ക് നടുവിൽ പേരിന് മാത്രമാണ് നമ്മുടെ കുട്ടികൾ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കുന്നത്. തുടർ അദ്ധ്യയന വിഷയങ്ങളിലും പശ്ചിമഘട്ടം ഒരു വിഷയമാകണം. വർഷത്തിൽ രണ്ടു പ്രാവശ്യമെങ്കിലും കുട്ടികളെ അദ്ധ്യാപകർ പശ്ചിമഘട്ടത്തിലേക്ക് കൊണ്ടുപോവുകയും അതിന്റെ പ്രാധാന്യം നേരിൽ പറഞ്ഞു മനസിലാക്കുകയും ചെയ്യണം. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക തുടങ്ങി മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണം.
താളംതെറ്റിച്ച്
ആഗോളതാപനം
ആഗോളതാപനത്തിന്റെ ദുരിതങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. പ്രവചനാതീതമായ കാലാവസ്ഥ അതിനുദാഹരണമാണ്. ആഗോള താപനത്തിന്റെ ഭാഗമായുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ പശ്ചിമഘട്ടത്തിന്റെ ജൈവിക ആവാസവ്യവസ്ഥയിലും കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ജൂണിൽ ആരംഭിക്കുന്ന മഴയുടെ ദൈർഘ്യംകൂടിയും കുറഞ്ഞുമിരിക്കുന്നതും, അപ്രതീക്ഷിതമായി എത്തുന്ന അതിതീവ്ര മഴയും, പ്രളയ സാഹചര്യവും എല്ലാം അതിന്റെ തെളിവാണ്. പശ്ചിമഘട്ട മലനിരകളിൽ മതിയായ മഞ്ഞുകാലമോ വേനൽക്കാലമോ ഇല്ലാതെ ഓരോ ദിവസവും അതിന്റ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാടുണ്ടെങ്കിൽ വീടുണ്ട്, നാടുണ്ട്, നാമുണ്ട്...തലമുറയുണ്ട്.
ജീവൻ വീണ്ടെടുക്കാൻ
വഴികളേറെയുണ്ട്
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ലഭിക്കുന്ന മഴയുടെ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലാണ്. ദക്ഷിണ ഉപഭൂഖണ്ഡത്തിലെ പ്രമുഖ നദികളായ കൃഷ്ണ, ഗോദാവരി, കാവേരി എന്നിവ ഉത്ഭവിക്കുന്നതും ഇവിടെ നിന്നാണ്. പേരാറും പെരിയാറും ഭാരതപ്പുഴയും അടക്കം കേരളത്തിന്റെ എല്ലാ പുഴകളും പശ്ചിമഘട്ടത്തിൽ നിന്നാണ്. ജലസേചനത്തിനും വൈദ്യുതി ഉത്‌പാദനത്തിനുമായി വൻകിട നദീതടപദ്ധതികൾ നടപ്പിലാക്കി. ഇത്, പശ്ചിമഘട്ട വനങ്ങളുടെ നാശത്തിന് തുടക്കം കുറിച്ചു. മലനിരകളുടെ നെറുകയിലേക്ക് റോഡ് വെട്ടി കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്ന പുതിയ വ്യവസായവും മലനിരകളെ നശിപ്പിക്കുന്നതാണ്. ഇരുമ്പയിര്, മാംഗനിസ്, ബോക്‌സൈറ്റ് എന്നിവകൊണ്ട് സമ്പന്നമായ മലനിരകളിൽ വൻതോതിൽ ഖനനം നടത്തുന്നതും പശ്ചിമഘട്ടത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ട്.
പശ്ചിമഘട്ട മലനിരകളിൽ 2200 റോളം വന്യമൃഗസങ്കേതങ്ങളും ദേശീയ പാർക്കുകൾ ഉൾപ്പെട്ട സംരക്ഷിത പ്രദേശങ്ങളുമുണ്ട്. ഇതുകൂടാതെ, പരിസ്ഥിതി ദുർബലപ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തുകയും ചെയ്തു. ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കാതിരിക്കുക, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുക, വനഭൂമി കൃഷിക്കോ വൃക്ഷവിളകൾക്കോ അനുവദിക്കാതിരിക്കുക, ക്വാറികൾക്കും മണൽഖനനത്തിനും പുതിയ ലൈസൻസുകൾ നൽകാതിരിക്കുക, പുതിയ മലിനീകരണ വ്യവസായങ്ങൾ തുടങ്ങാതിരിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുക എന്നിവ ഘട്ടംഘട്ടമായി നടപ്പാക്കിയാൽ പശ്ചിമഘട്ടനിരകളെ ഒന്നാകെ സംരക്ഷിക്കാം.
അവസാനത്തെ ആഗ്രഹവും അപേക്ഷയുമാണിത്. അതെ, സർക്കാരിനോടും സമൂഹത്തോടുമുള്ള അപേക്ഷ.
സ്വന്തം മാതാവിനെ തിരിച്ചറിയാൻ കഴിയാത്തതും മതിയായ സംരക്ഷണവും പരിഗണനയും നൽകാത്തതുമായ ജീവിതം ആത്മഹത്യാപരമാകുമെന്ന സന്ദേശത്തിന്റെ ഗൗരവം ഉൾകൊള്ളാനായി ഈ ആത്മഹത്യയിലൂടെ ഞാനപേക്ഷിക്കുന്നു.
--- എന്ന്
ജയപാലൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |