ഒരുവയസുള്ള കുട്ടിയെയും എടുത്ത് അതിന്റെ അച്ഛനാണ് ഒ.പിയിലെ അടുത്ത ഊഴം
കുട്ടിയ്ക്ക് എന്തുപറ്റി?
'ഡോക്ടർ, കുഞ്ഞിന് നാല് ദിവസമായി നല്ല പനിയുണ്ട്. ജലദോഷം, ചുമ.. .'
രോഗലക്ഷണങ്ങളുടെ വിശദാംശങ്ങൾ ആരാഞ്ഞു.
ഉത്തരങ്ങൾ കൃത്യമായി തന്നു.
നഴ്സ് തെർമോമീറ്റർ വച്ച് നോക്കിയിട്ട് പറഞ്ഞു.
ടെംപറേച്ചർ നോർമൽ
ഞാൻ കുട്ടിയെ ഒന്ന് വിശദമായി നിരീക്ഷിച്ചു. പിന്നെ തൊട്ടുനോക്കി.
പനിയില്ല!
കുട്ടി കൗതുകത്തോടെ മുറിയാകെ നോക്കി, കളിക്കാൻ വല്ല സ്‌കോപ്പുമുണ്ടോ എന്ന് തിരയുന്നു.
അസുഖത്തിന്റെ ക്ഷീണം അശേഷമില്ല!
അനന്തരം മൂക്ക്, തൊണ്ട്, ചെവി, നെഞ്ച്, വയർ തുടങ്ങിയവയൊക്കെ പരിശോധിച്ചു.
കുഞ്ഞിന് ഒരസുഖവുമുള്ളതായി കണ്ടില്ല.
വലിയ പ്രശ്നമൊന്നും കാണുന്നില്ലല്ലോ?
നിരാശയോടെ പിതാജി മുന്നോട്ടാഞ്ഞു.
'ഡോക്ടർ....ഇന്നലെ രാത്രി തിളച്ച പനിയായിരുന്നു. ചുമ കാരണം ആരും ഉറങ്ങിയില്ല.'
ഞാനൊന്നു ഞെട്ടി! പരിശോധനയിൽ അസുഖമില്ല....എന്നാൽ രോഗവിവരണം മറിച്ചും!!
തത്‌കാലം രണ്ട് ദിവസം വെയിറ്റ് ചെയ്യാം. പനിയുള്ളപ്പോൾ മാത്രം പനിയുടെ മരുന്ന് കൊടുത്താൽ മതി.....
ഞാൻ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു.
പിതാജി അസ്വസ്ഥനായി.
'ചുമ കാരണം കുട്ടിയും ഞങ്ങളും ഉറങ്ങിയില്ല.....ചുമയുടെ മരുന്ന് കൂടി എഴുതിയെങ്കിൽ.....'
മനസില്ലാ മനസോടെ പനി മരുന്നും ചുമ മരുന്നും കുറിച്ചുകൊടുത്തു.
ഒട്ടും തൃപ്തിയില്ലാതെ പിതാജിയും വളരെ ഉല്ലാസത്തോടെ കുട്ടിയും മുറിവിട്ടു.
ഒ.പി യിലെ അന്നത്തെ അവസാനത്തെ
പേഷ്യന്റായി കടന്നുവന്നവരെ കണ്ട് ഞാൻ ഞെട്ടി.
ചെറുപ്പക്കാരിയായ ഒരു മാതാജി
നേരത്തെ കാണിച്ചിട്ടുപോയ കുഞ്ഞിനെയും ഒക്കത്തെടുത്തുകൊണ്ട്, മൂന്ന് വയസ് തോന്നിക്കുന്ന മറ്റൊരു മകനോടൊപ്പം
വെപ്രാളത്തിൽ വരുന്നു.
'സോറി ഡോക്ടർ. ഒരബദ്ധം പറ്റി.....എന്റെ ഹസ്ബന്റ് ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നത് ഈ ഇളയകുട്ടിയെയാണ്. അസുഖം മൂത്തകുട്ടിക്കാണ്....'
ഞാൻ വാതിൽക്കൽ ഒന്ന് നോക്കി.
പിതാജി നല്ല ചമ്മലോടെ ഒരു വളിച്ച ചിരിയുമായി അൽപ്പം മറഞ്ഞു നിൽക്കുന്നു.
കൗതുകത്തിന് വേണ്ടി ഞാൻ ചോദിച്ചു, ഇതെങ്ങനെ സംഭവിച്ചു?
മാതാജി വിശദീകരിച്ചതിങ്ങനെ.
ഞങ്ങൾ രണ്ട് പേർക്കും ടെക്‌നോപാർക്കിലാ ജോലി.
ഹസിന് ഭയങ്കര ജോലിത്തിരക്കായിരുന്നു.
വർക്ക് ഫ്രം ഹോമെടുത്ത് ഞാനായിരുന്നു കുട്ടികളെ മാനേജ് ചെയ്തിരുന്നത്.
ഇന്ന് എനിക്ക് ഓഫീസിൽ പോകണമായിരുന്നു. ഓഫീസിൽ നിന്നും വിളിച്ച് ഹസ്ബന്റിനോട് കുട്ടിയെ കാണിക്കണമെന്ന്
പറഞ്ഞു.
തിരക്കിനിടയിൽ പറഞ്ഞപ്പോൾ പേര് മാറിപ്പോയി........
ചക്കുവിന് പകരം ചിക്കു എന്നായിപ്പോയി!
അപ്പോൾ ഒന്നാമൻ ചക്കു......രണ്ടാമൻ ചിക്കു?
ഒരൽപ്പം കൂടി അന്വേഷിക്കാമെന്ന് കരുതി ഞാൻ ചോദിച്ചു.
ഇന്നലെ രാത്രിയിൽ ചുമ കാരണം ആരും ഉറങ്ങിയില്ലെന്നു പറഞ്ഞല്ലോ...?
അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം മാതാജി മറുപടി നൽകി.
'ഞാനാണ് ഉറങ്ങാതെ കിടന്നത്. അദ്ദേഹം അങ്ങനെ ചുമ കേട്ട് ഉണരുന്നയാളല്ല.....'
ലേഖകന്റെ ഫോൺ - 9447055050
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |