# കൗണ്ടറുകളുടെ എണ്ണം കുറച്ചു
ശബരിമല: ഏലയ്ക്കയിൽ അമിതതോതിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് നിറുത്തിവച്ചിരുന്ന അരവണ പ്രസാദ വിതരണം ഇന്നലെ പുനരാരംഭിച്ചതോടെ രാത്രി 8 വരെ വിറ്റുപോയത് ഏകദേശം 2ലക്ഷം ടിൻ. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അരവണ നിർമ്മാണവും വിതരണവും 11ന് വൈകിട്ട് 5 മുതൽ നിറുത്തിവച്ചത്. ഏലയ്ക്ക ചേർക്കാതെ നിർമ്മിച്ച അരവണ ഇന്നലെ പുലർച്ചെ 3.30 മുതലാണ് വിതരണം തുടങ്ങിയത്.
പ്രതിദിനം 2.40 ലക്ഷം ടിൻ അരവണയാണ് നിർമ്മിക്കുന്നത്. പേട്ട തുള്ളൽ സംഘത്തിനൊപ്പവും തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പവും സന്നിധാനത്തേക്ക് ആയിരക്കണക്കിന് തീർത്ഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം മകരജ്യോതി ദർശനത്തിന് ഭക്തരെത്തുന്നതോടെ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കും. ഇക്കാരണത്താൽ അരവണ പ്രതിസന്ധി വീണ്ടും രൂക്ഷമാകാനിടയുണ്ട്. ഇന്നലെ നിർമ്മിച്ച അരവണ ഏതാണ്ട് വിറ്റുതീർന്നു. മകരവിളക്ക് ദിനത്തിലേക്ക് അരവണ കരുതിവയ്ക്കാൻ കഴിയുന്നില്ല.
സന്നിധാനത്തും മാളികപ്പുറം വലിയ നടപ്പന്തലിന് സമീപവും രണ്ട് അരവണ വിതരണ കൗണ്ടറുകളാണുള്ളത്. ഇതിൽ മാളികപ്പുറത്തെ അരവണ വിതരണം ഒഴിവാക്കി. പുലർച്ചെ 3 മുതൽ രാത്രി 11.30 വരെയാണ് കൗണ്ടർ പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ മകരവിളക്കിന് 15 ലക്ഷത്തോളം ടിൻ അരവണ കരുതൽ ശേഖരമായി നിർമ്മിച്ചിരുന്നു.
ഇത്തവണ കരുതൽ ശേഖരമായി നിർമ്മിച്ച ആറര ലക്ഷത്തിലധികം ടിൻ അരവണയാണ് കോടതി നിർദ്ദേശപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ സീൽ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. ഈ സാഹചര്യത്തിൽ മകരവിളക്ക് ദിനത്തിലടക്കം ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് പരാതി രഹിതമായി അരവണ വിതരണം നടത്തുക ദേവസ്വം ബോർഡിന് വെല്ലുവിളിയാണ്. പ്രതിസന്ധിയുണ്ടെങ്കിലും വിതരണത്തിൽ ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |