SignIn
Kerala Kaumudi Online
Saturday, 02 August 2025 8.45 PM IST

സമസ്തയുടെ വിശ്വപൗരൻ !

Increase Font Size Decrease Font Size Print Page

shashi-tharoor

പെരുന്നയിലെ തറവാടി നായരിൽ നിന്നും കോഴിക്കോട്ടെ സമസ്താലയത്തിൽ എത്തിയതോടെ ശശി തരൂർ വീണ്ടും വിശ്വപൗരനായി !. മുസ്‌ലിം മതസംഘടനകളിൽ ആൾബലത്തിൽ മുന്നിലുള്ള സമസ്ത ഇ.കെ വിഭാഗം സുന്നികളുടെ നേതാവ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിക്കാൻ കോഴിക്കോട് എത്തിയപ്പോഴാണ് തന്റെ കേരളപര്യടന യാത്രക്കിടെ നഷ്ടപ്പെട്ട വിശ്വപൗരത്വം തരൂരിന് വീണ്ടും മടക്കികിട്ടിയത്. ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂർ എന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. കോൺഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നയാളാണ് തരൂർ എന്നുകൂടി പറയാനും അദ്ദേഹം മറന്നില്ല. ജിഫ്രി തങ്ങൾ സമസ്തയുടെ അമരത്തെത്തിയ ശേഷം ഒരുപക്ഷേ ആദ്യമായിട്ടാവാം ഒരു കോൺഗ്രസ് നേതാവിനെ പരസ്യമായി പ്രശംസിക്കുന്നത്. യു.ഡി.എഫ് തുടർച്ചയായി ഭരണത്തിന് പുറത്തുനിന്നതോടെ വിമതസ്വരം തീർക്കുകയും ഇടതുപക്ഷത്തോടുള്ള അകൽച്ചയുടെ ദൂരം കുറയ്ക്കുകയും ചെയ്ത ഒരു നേതാവിൽ നിന്നും കോൺഗ്രസിനെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടും തരൂരിനും എം.കെ.രാഘവനും ഒഴികെ മറ്റ് പ്രധാന നേതാക്കൾക്കൊന്നും ആഹ്ലാദം തോന്നിയിട്ടില്ലെന്നത് മറ്റൊരു കാര്യം.
തറവാടി നായർ പരാമർശത്തോടെ വിശ്വപൗരനിൽ നിന്നും പെരുന്നയിലെ നായരിലേക്ക് തരൂർ ചുരുക്കപ്പെട്ടെന്ന വിലയിരുത്തലിൽ മനസിൽ ലഡു പൊട്ടിയ കോൺഗ്രസ് നേതാക്കൾക്ക് സമസ്തയുടെ വിശ്വപൗരത്വപദവി ചില്ലറയൊന്നുമല്ല അസ്വസ്ഥതയുണ്ടാക്കുന്നത്. വിശ്വപൗരൻ പട്ടം നിലനിറുത്തേണ്ടതിന്റെ ആവശ്യകതയും നായർ തറവാടിയിലെ അപകടവും തിരിച്ചറിഞ്ഞ തരൂർ അരമന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് സമസ്തയുടെ പരമോന്നത നേതാവിനെ തേടിയെത്തിയത്.

മാർത്തോമാ സഭയുടെ ക്ഷണം സ്വീകരിച്ച് ചരിത്രപ്രസിദ്ധമായ മാരാമൺ കൺവെൻഷൻ വേദിയിലും തരൂർ എത്തുന്നുണ്ട്. ഫെബ്രുവരി 18ന് നടക്കുന്ന യുവജന സമ്മേളനത്തിലാണ് മാർത്തോമാ യുവജനസഖ്യത്തിന്റെ ക്ഷണപ്രകാരം ശശി തരൂർ പങ്കെടുക്കുന്നത്. ചുരുക്കിപ്പറ‍ഞ്ഞാൽ ഇനി കാണാൻ ശേഷിക്കുന്ന സമുദായ നേതാക്കളും മതസംഘടനകളും നന്നേ ചുരുക്കം. പാണക്കാട്ടെത്തി തുടക്കമിട്ട കേരള പര്യടനവും അതിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ സമുദായ നേതാക്കളുടെ പിന്തുണ ആർജ്ജിക്കാൻ തരൂരിനായിട്ടുണ്ട്. സമുദായ സംഘടന നേതാക്കളെ പ്രീണിപ്പിക്കലാണോ യഥാർത്ഥ രാഷ്ട്രീയ നേതാവിന്റെ കർമ്മമെന്ന ചോദ്യം നിലനിൽക്കുമ്പോഴും വോട്ടാണ് മുഖ്യം എന്ന് ചിന്തിക്കുന്നവരാണ് യു.ഡി.എഫ് ഘടകകക്ഷികളിൽ കൂടുതലും.

തരൂരിനൊപ്പം !

സമസ്ത പ്രസിഡന്റിന്റെ വാർത്താസമ്മേളനം വീക്ഷിച്ചാൽ ഒരുകാര്യം മനസിലാകും. തരൂരിനൊപ്പം എന്ന ഹാഷ് ടാഗിന്റെ മാത്രം കുറവേയുള്ളൂ. സമുദായ സംഘടനകളെ കോൺഗ്രസിനൊപ്പം നിർത്താനാണ് തരൂർ ശ്രമിക്കുന്നതെന്നും കോൺഗ്രസിലെ മറ്റുള്ളവർ ചെയ്യാത്തതാണ് തരൂർ ചെയ്യുന്നതെന്ന് കൂടി ജിഫ്രി തങ്ങൾ പറഞ്ഞുവച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശക്തമായ പര്യടനമാണ് തരൂർ നടത്തുന്നത്. ശശി തരൂരിനെ പോലെയുള്ളവർ വിശ്വപൗരന്മാരാണല്ലോ. ലോകത്തെ മനസിലാക്കി അതിൽനിന്നും ഉൾക്കൊണ്ട പല അറിവുകളും തരൂരിനുണ്ട്. കോൺഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് തരൂർ നടത്തുന്നതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ശശി തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോ ഇല്ലയോ എന്ന് പറയേണ്ടത് കോൺഗ്രസുകാരാണ്. സമസ്തയുടെ നിലപാട് തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കും. എല്ലാ സമുദായത്തെയും ശക്തിപ്പെടുത്തി അവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നവർ നേതൃത്വത്തിലേക്ക് വരുന്നതിനെ സമസ്ത അനുകൂലിക്കുമെന്ന് കൂടി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞുവയ്ക്കുന്നുണ്ട്.

കേരള നദ്‌വത്തുൽ മുജാഹിദീൻ നേതാക്കളെയും തരൂർ സന്ദർശിച്ചിട്ടുണ്ട്. പലകഷ്ണങ്ങളായി മുറിഞ്ഞ മുജാഹിദ് പക്ഷത്തിലെ ഓരോ വിഭാഗത്തിലെ നേതാവിനെയും കാണാൻ തരൂർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രബല മുജാഹിദ് വിഭാഗത്തിന്റെ നേതാവ് ടി.പി.അബ്ദുല്ല കോയ മദനിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി. സാമുദായിക സംഘടനാ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ആര് ശ്രമിച്ചാലും പിന്തുണയ്‌ക്കും.

ശശി തരൂരിനെ എല്ലാവർക്കും അറിയാം. അദ്ദേഹം ഒരു ജനകീയനായ നേതാവാണ്. വ്യക്തിത്വവും വ്യക്തമാണ്. മുജാഹിദ് സമ്മേളനത്തിലെ അതിഥിയായിരുന്നു തരൂരെന്നും കുടുംബ കാരണങ്ങളാൽ അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കാനായില്ലെന്നും ടി.പി.അബ്ദുല്ല കോയ മദനി ചൂണ്ടിക്കാട്ടി. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ വന്നതെന്നും പരസ്പരം സ്‌നേഹം കൈമാറി എന്നതിലുപരി ഒന്നുമുണ്ടായില്ലെന്നും ആയിരുന്നു തരൂരിന്റെ മറുപടി. തരൂർ സന്ദർശിച്ച ഈ രണ്ട് മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗിന്റെ അടിത്തറയായാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ചും സമസ്ത. മുസ്‌ലിം ലീഗിന്റെ ആഗ്രഹവും പദ്ധതിയും തരൂർ നടപ്പാക്കി എന്ന് വേണമെങ്കിലും പറയാം.

തരൂർ നയിക്കട്ടെ !

കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട ചരിത്രം മുസ്‌ലിം ലീഗിന് ഇല്ലെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. കരുണാകരന്റെയും ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും സമയത്ത് മുഖ്യമന്ത്രി ആരാവണമെന്ന് ചോദിച്ചപ്പോൾ പോലും ലീഗ് ഒന്നും പറഞ്ഞിട്ടില്ല. പിന്നല്ലേ ഇപ്പോൾ എന്നും കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. പുറമേക്ക് ഇങ്ങനെയാണ് പറയുന്നതെങ്കിലും ലീഗിന്റെ മനസിലിരുപ്പ് പലതാണ്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെങ്കിലും സാമുദായിക സംഘടനകളെ കൂടെ നിറുത്താൻ ആര് മുൻകൈയെടുത്താലും പിന്തുണയ്ക്കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്. സാമുദായിക സംഘടനകളോടുള്ള അടുപ്പമാണ് യു.ഡി.എഫിന്റെ ശക്തിയെന്ന ചിന്താഗതി ലീഗ് പുലർത്തുന്നുണ്ട്. ശശി തരൂർ നടത്തുന്ന പര്യടനത്തോട് ലീഗ് കാണിക്കുന്ന മമതയ്ക്ക് കാരണവും ഇതാണ്. യു.ഡി.എഫിന് അധികാരത്തിലേറാനുള്ള അംഗസംഖ്യയിലേക്ക് കാര്യങ്ങളെ എത്തിക്കണം. തരൂർ എന്നല്ല അനുകൂല ഘടകങ്ങളുള്ള ആരെയും തിരഞ്ഞെടുപ്പ് ഫലം വരെ പിന്തുണയ്ക്കാൻ ലീഗ് തയ്യാറാണ്.

സാമുദായിക സംഘടനകളെ യു.ഡി.എഫുമായി അടുപ്പിക്കാനുള്ള ശശി തരൂരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ചെന്നൈയിൽ ചേർന്ന മുസ്‌ലിം ലീഗ് ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാ സമുദായങ്ങളിൽ നിന്നും തരൂരിന് ലഭിക്കുന്ന പിന്തുണ അധികനാൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. യു.ഡി.എഫിന്റെ അടിത്തറ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ പിന്തുണയാണ്. തരൂരിന് പിന്തുണയേകാൻ തീരുമാനിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ സർക്കാർ-ഗവർണർ ഒത്തുകളിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട് തള്ളിയ മുസ്‌‌ലിം ലീഗ് നേതൃത്വം ഗവർണർമാരെ ഉപയോഗിച്ചു ബി.ജെ.പി രാജ്യം ഭരിക്കുകയാണെന്നും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. നിലവിലെ അനുകൂലഘടകങ്ങൾ ശശി തരൂരിന് നിലനിർത്താനായാൽ ലീഗിന്റെ പിന്തുണ കൂടുതൽ ശക്തമാവുമെന്ന് തീ‌ർച്ച.

TAGS: MALAPPURAM DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.