കഴിഞ്ഞ പത്തുവർഷത്തിനിടെ മലയാളിയുടെ ഭക്ഷണ ശൈലിയിൽ അതിശയകരമായ മാറ്റമാണുണ്ടായത്. ശുദ്ധമായ ചേരുവകളാൽ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തിലുള്ള താത്‌പര്യം കുറയുകയും വിദേശനാടുകളിൽ നിന്ന് നമ്മുടെ നാട്ടിലേക്കുവന്ന വ്യത്യസ്തമായ ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കാനുള്ള താത്‌പര്യം കൂടുകയും ചെയ്തതോടെ ഭക്ഷണത്തിന് പിന്നിൽ അപകടം പതിയിരിക്കുന്ന സ്ഥിതിയായി.
എൺപതുകളിൽ തുടങ്ങി തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ച ഫാസ്റ്റ് ഫുഡ് സംസ്‌കാരം ഇന്ന് എല്ലായിടത്തും വ്യാപകമാണ്. കേരളത്തിന്റെ തനത് പാചകരീതികളിൽ നിന്ന് വ്യത്യസ്തമായി ഭക്ഷണപദാർത്ഥത്തിന്റെ ഗുണം ചൂഴ്‌ന്നെടുത്ത് കൃത്രിമമായി രുചി മാത്രം വർദ്ധിപ്പിക്കുന്ന രീതികൾ അവലംബിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് നമ്മുടെ നാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ആളുകൾ രുചിക്കൂട്ടുകൾക്ക് പിന്നാലെ പായുകയാണ്. ഇത്തരം വിഭവങ്ങളിൽ ട്രാൻസ്‌ഫാറ്റ്, കൃത്രിമമായി മധുരം ജനിപ്പിക്കുന്ന പദാർത്ഥങ്ങൾ, രുചി വർദ്ധിപ്പിക്കാനായി ഉപയോഗിക്കുന്ന അജ്‌നോ മോട്ടോ എന്നിവയുടെ ഉപയോഗം സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണോ എന്ന് ബന്ധപ്പെട്ടവർ നിശ്ചിത കാലയളവുകളിൽ കർശനമായി, പരിശോധിച്ചു ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പോകാൻ പോലും ഇന്ന് മിനക്കെടേണ്ട. ഇഷ്ടപ്പെട്ട ഹോട്ടലിലെ ഇഷ്ടപ്പെട്ട ഭക്ഷണം ഒരു ചെറിയ തുക അധികം കൊടുത്താൽ വീട്ടിലെത്തിച്ചു തരുന്ന ഫുഡ് ഡെലിവറി കമ്പനികൾ സജീവമായിട്ടുണ്ട്. ഈ ശീലം മലയാളിയെ അടുക്കളയിൽ നിന്ന് പുറത്താക്കി എന്ന് പറയാതെവയ്യ. രാവിലത്തെ കട്ടൻചായ മുതൽ രാത്രി അത്താഴം വരെ വീട്ടിലേക്കു വരുത്തിക്കുന്നവരുടെ എണ്ണം പെരുകിയിട്ടുണ്ട്.
എന്നാൽ ഇത്തരം ഭക്ഷണം എങ്ങനെയാണ് കൊണ്ടുവരുന്നത്?എങ്ങനെയാണ് തയ്യാറാക്കുന്നത് ? എവിടെയാണ് തയ്യാറാക്കുന്നത് എന്നൊക്കെ ആരെങ്കിലും ആലോചിച്ചു മെനക്കേടാറുണ്ടോ?
ആശുപത്രി ക്യൂവിലെ
ചെറുപ്പക്കാർ
സർക്കാർ ആശുപത്രികളുടെ അത്യാഹിത വിഭാഗത്തിലടക്കം വയറു വേദനയും ഛർദ്ദിയും തലകറക്കവുമായി ചികിത്സ തേടുന്നവരിൽ നല്ലൊരു ശതമാനവും ചെറുപ്പക്കാരാണ്. കാരണം മറ്റൊന്നുമല്ല ഷവർമ, കുബൂസ്, എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത വിദേശവിഭവങ്ങളാണ് ഓരോ ദിവസവും അകത്താക്കുന്നത്. ഇതേ ഭക്ഷണങ്ങൾ അവയുടെ ജന്മദേശമായ രാജ്യങ്ങളിൽ രുചികരമായി, യാതൊരു അസുഖവും വരാതെ ആളുകൾ കഴിക്കുന്നുണ്ടല്ലോ, ഇവിടെ മാത്രം എന്തുകൊണ്ടാണ് അവ പ്രശ്നകാരികളായി മാറുന്നത്. അവിടെയാണ് വൃത്തി എന്നതിന്റെ പ്രസക്തി. നമ്മുടെ നാട്ടിലെ ഭൂരിഭാഗം ഷവർമ വില്പനയും റോഡരികിലാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും ഏറ്റാണ് ഈ വിഭവം വൈകിട്ട് നാല് മുതൽ വിറ്റുതീരുന്ന പാതിരാത്രിവരെ തുറന്നിരിക്കുന്നത്. ഇവിടങ്ങളിൽ നിന്നാണ് എല്ലാവരും ഷവർമ വാങ്ങി കഴിക്കുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിർദേശം കാറ്റിൽ പറത്തിയാണ് ഇന്ന് 'തട്ട്' എന്ന് നമ്മൾ ഓമനപ്പേരിട്ടു വിളിക്കുന്ന റോഡരികിലെ പല ഭക്ഷണശാലകളും പ്രവർത്തിക്കുന്നത്. ശരിയായ രീതിയിൽ വെള്ളം ഒഴുകി പോകാൻ മാർഗമില്ല. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉത്പാദിക്കപ്പെടുന്ന ജൈവമാലിന്യം ശേഖരിക്കാനും അവ ആരോഗ്യകരമായി നിർമ്മാർജ്ജനം ചെയ്യാനും സംവിധാനങ്ങളില്ല. തലസ്ഥാന നഗരമദ്ധ്യത്തിലെ ഒരു പ്രമുഖ സർക്കാർ ആശുപത്രിയുടെ സമീപം ഏറെക്കുറെ അർദ്ധരാത്രി വരെ തുറന്നിരിക്കുന്ന ഒരു വഴിയോര ഭക്ഷണശാല പ്രവർത്തിക്കുന്നത് ഒരു ഓടയോടു ചേർന്നായതിനാൽ അവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ടെക്കികൾ അടക്കമുള്ളവർ മൂക്ക് പൊത്തി നിന്നാണ് ഭക്ഷണം ആസ്വദിക്കുന്നത് !
ഇത്തരം വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശനവും നിരന്തരവുമായ മിന്നൽ പരിശോധനകൾക്ക് വിധേയമാക്കേണ്ടതാണ്. നിയമലംഘകർക്ക് മാതൃകപരമായ ശിക്ഷ കൊടുത്താൽ ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളും അസുഖങ്ങളും വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
ചെറുകിട മത്സ്യമാംസ വ്യാപാരികൾക്ക് മാർഗ നിർദേശങ്ങൾക്ക് അനുസരിച്ചുള്ള ശീതീകരണ സംവിധാനങ്ങൾ ഇല്ലാത്തത്, കേടുവന്നതും അഴുകിയതുമായ മത്സ്യ മാംസാദികൾ വിപണനം ചെയ്യാനുള്ള പ്രധാനകാരണമാണ്. ദുരാഗ്രഹികളായ ചില ഭക്ഷണശാല ഉടമകൾ വിലകുറച്ചു കിട്ടുന്ന ഈ പഴകിയ മത്സ്യവും മാംസവും വാങ്ങി പാചകം ചെയ്യുന്നത് പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. പഴകിയ മത്സ്യ-മാംസാദികളിൽ നിന്ന് പിറവിയെടുക്കുന്ന സൽമോണെല്ല, ഇ - കോളി, ഷിഗെല്ല ബാക്‌ടീരിയകൾ മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം നിരന്തരമായ കർശന പരിശോധനകളും മുഖം നോക്കാതെയുള്ള നടപടികളും മാത്രമാണ്.
പെരുകുന്നു
ജീവിതശൈലീരോഗങ്ങൾ
ഇതിനെല്ലാം പുറമെ മാറിയ ഭക്ഷണരീതികൾ കാരണം ജീവിതശൈലീ രോഗങ്ങളുള്ളവരുടെ എണ്ണത്തിലും വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്. ചെറുപ്പക്കാർക്കിടയിൽ നിയന്ത്രണ വിധേയമാകാത്ത പ്രമേഹവും ഉയർന്ന കൊളസ്‌ട്രോളും പൊണ്ണത്തടിയും ഇന്ന് സാധാരണമാണ്. സർക്കാർ ആശുപത്രികളിൽ ആഴ്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന ജീവിതശൈലിരോഗ ക്ലിനിക്കുകൾ സന്ദർശിച്ചാൽ മേൽപ്പറഞ്ഞ സാഹചര്യം എത്രത്തോളം ഭീകരമാണെന്ന് ആർക്കും മനസിലാകും. അതുകൊണ്ട് ഇത്തരം ഭക്ഷണരീതികൾ പ്രത്യേക സന്ദർഭങ്ങളിലേക്ക് ചുരുക്കി സാധാരണ ദിവസങ്ങളിൽ വീട്ടിലുണ്ടാക്കിയ ശുദ്ധമായ ഭക്ഷണം കഴിച്ചാൽ അസുഖങ്ങളിൽ നിന്ന് മുക്തിനേടി ആരോഗ്യകരമായ ജീവിതം നയിക്കാം. ശുദ്ധമായ ഭക്ഷണം വീട്ടിൽ തയാറാക്കി കഴിക്കുന്നതിനോളം വരില്ല മറ്റൊന്നും എന്ന തിരിച്ചറിവ് കുട്ടികൾക്ക് പകർന്നു നൽകാൻ ഇനിയും വൈകരുത്.
ലേഖകന്റെ ഫോൺ - 9400643477
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |