അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദങ്ങൾ ഉച്ചത്തിൽ പ്രതിഷേധിച്ച മണ്ണാണ് പയ്യന്നൂരിലേത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് നമുക്കാവശ്യം പൂർണസ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചത് പയ്യന്നൂരിലായിരുന്നു, 1928 മേയ് 25 മുതൽ 27 വരെ ജവഹർലാൽ നെഹ്‌റുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ബ്രിട്ടീഷ് പട്ടാളത്തെ കബളിപ്പിച്ച് പഴയ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിലെ യൂണിയൻ ജാക്ക് വലിച്ചുതാഴ്ത്തി, അവിടെ ദേശീയപതാക ഉയർത്തികെട്ടിയ സമര പാരമ്പര്യമുണ്ട് പയ്യന്നൂരിന്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേളപ്പജിയുടെ നേതൃത്വത്തിൽ ഉപ്പ് കുറുക്കിയതാവട്ടെ പയ്യന്നൂർ ഉളിയത്തുകടവിലും. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണ്ടാം ബർദോളിയെന്നാണ് പയ്യന്നൂർ അറിയപ്പെടുന്നത്. കോളനി വാഴ്ചയ്ക്കെതിരെയുള്ള പോരാട്ടങ്ങൾ മാത്രമല്ല പയ്യന്നൂരിന്റെ സവിശേഷത. കർഷകപ്രക്ഷോഭങ്ങളും ജാതീയതക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളും പ്രദേശത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. കീഴാളരെന്നു വിളിക്കപ്പെട്ടവരെയും കൂട്ടി കണ്ടോത്ത് ക്ഷേത്ര ഇടവഴിയിലൂടെ നടന്നതിന് എ.കെ.ജി ഉൾപ്പെടെയുള്ളവർക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നു.
സ്വാതന്ത്ര്യ സമരത്തിന് ശേഷം ചെറുതും വലുതുമായ നീതി നിഷേധങ്ങൾക്കെതിരെ പയ്യന്നൂരിനെ മുന്നോട്ട് നയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പയ്യന്നൂരിൽ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സി.പി. എമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂരിപക്ഷം നൽകിയ പയ്യന്നൂരിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും സി.പി.എം അകന്നു നിൽക്കുന്ന വാർത്തകളാണ് കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുക്കാൻ പാർട്ടി മടിക്കുമ്പോൾ ജനകീയ സമരസമിതികൾ രൂപീകരിച്ച് സമരം ചെയ്യുകയെന്ന ഗതികേടിലാണ് പയ്യന്നൂർ കാങ്കോൽ-ആലപ്പടമ്പിലെ സി.പി.എം പ്രവർത്തകർ.
മത്സ്യസംസ്കരണ
യൂണിറ്റിനെതിരെ പ്രതിഷേധം
പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്‌ക്കരണ യൂണിറ്റ് ഉയർത്തുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളെ മുൻനിറുത്തി സമരത്തിലാണ് പ്രദേശവാസികളായ സി.പി.എം പ്രവർത്തകർ. പഞ്ചായത്തിലെ രണ്ടാം വാർഡായ കരിയാപ്പിൽ പ്രവർത്തിക്കുന്ന സാഗർ ഫോർ സീഫുഡ് കമ്പനി പുറംതള്ളുന്ന മാലിന്യങ്ങൾ മൂലം പ്രദേശത്തെ 80 ഓളം കുടുംബങ്ങളും ജീവിതം പ്രതിസന്ധിയിലായെന്നും കമ്പനി അടച്ചുപൂട്ടണമെന്നുമാണ് ആവശ്യം. ഞങ്ങൾ സി.പി.എം പ്രവർത്തകരാണെന്ന് പറയുമ്പോഴും മുതലാളിമാരുടെ താത്‌പര്യമാണ് സി.പി.എം നേതാക്കൾ നടപ്പിലാക്കുന്നതെന്നും അത് ജനജീവിതം ദുരിതത്തിലാക്കുകയാണെന്നും ജനകീയ സമരസമിതി പ്രവർത്തകർ പറഞ്ഞിരുന്നു.
ജനകീയ പ്രതിഷേധത്തെ ഭയന്ന് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടി സമരം നടക്കുന്ന പ്രദേശത്ത് പയ്യന്നൂർ എം.എൽ.എ റദ്ദാക്കിയെന്ന വാർത്ത ഷെയർ ചെയ്തതിന് സമരസമിതി പ്രവർത്തകർക്ക് നേരെ സി.പി.എം പ്രാദേശിക നേതൃത്വം വധഭീഷണി മുഴക്കിയത് വലിയ വിവാദമായിരുന്നു. ജീവന് എന്തെങ്കിലും സംഭവിച്ചാൽ സി.പി.എം പ്രാദേശിക നേതൃത്വമാണ് ഉത്തരവാദിയെന്ന് പ്രവർത്തകർ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിട്ടുണ്ടാവണം.
സമരത്തിന്റെ ഭാഗമായി സമരസമിതി പ്രവർത്തകർ കെട്ടിയ പന്തൽ കഴിഞ്ഞ ദിവസം രാത്രി കത്തിയമർന്നു. സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി സി.പി.എമ്മാണ് പന്തൽ കത്തിച്ചതെന്ന് പറയാൻ സമരസമിതി പ്രവർത്തകർ മടി(പേടി)ച്ചു. പാർട്ടിക്കതിൽ പങ്കില്ലെന്ന് സി.പി.എം പറയുന്നു. കമ്പനി പൂട്ടിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങളുടെ പ്രയാസം പരിഹരിച്ച് ഫാക്ടറി തുറക്കാൻ തന്നെയാണ് തീരുമാനമെന്നും പൊതുയോഗത്തിൽ പാർട്ടി നേതൃത്വം തുറന്ന് പ്രഖ്യാപിച്ചു. അവശേഷിക്കുന്നത് രണ്ട് ചോദ്യമാണ്. ഒന്ന്, ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് കമ്പനിയുടെ പ്രവർത്തനമെന്ന് ബോദ്ധ്യമുണ്ടായിരുന്നെങ്കിൽ സമരം നയിക്കാൻ എന്തുകൊണ്ട് സി.പി.എം തയ്യാറായില്ല.
രണ്ട്, പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം അറിയിപ്പ് നൽകിയിട്ടും സ്ഥാപനം തുറന്ന് പ്രവർത്തിക്കണമെന്ന സി.പി.എം വാശിയുടെ കാരണമെന്താണ് .
ടാർ മിക്സിംഗ് യൂണിറ്റും
ജനകീയ സമരത്തിൻ കീഴിൽ
കാങ്കോലിൽ തുടങ്ങിയ ടാർ മിക്‌സിങ് യൂണിറ്റു് ഉയർത്തുന്ന മാലിന്യപ്രശ്‌നം പ്രദേശത്തെ ജനജീവിതം വഴിമുട്ടിച്ചു. 400 ലധികം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പും ഇതിനകത്തുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള മലിനജലവും ശുചിമുറി മാലിന്യവും ഉൾപ്പെടെ ആലക്കാട് കാശിപുരം തോട്ടിലേക്കാണ് ഒഴുക്കിവിടുന്നതെന്നാണ് ആരോപണം.
പൊടിപടലവും ടാർ മികസിങ് ഗന്ധവും രാപ്പകലില്ലാതെ വലിയ യന്ത്രങ്ങൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഭീകര ശബ്ദവും കാരണം ഇവിടെ ജീവിക്കാനാവുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.
ടാർ മിക്സിങ് യൂണിറ്റിന് സമീപത്ത് സ്കൂൾ, ഖാദികേന്ദ്രം, അങ്കണവാടി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ പലതവണ പഞ്ചായത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഇവിടേക്ക് വരുന്ന ലോറികൾ തടഞ്ഞിരുന്നു. കമ്പനി അടച്ചുപൂട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
പരിസ്ഥിതി ലോല പ്രദേശത്ത്
റെഡ് കാറ്റഗറി വ്യവസായശാല
റബ്ബറിൽ നിന്നും സർജിക്കൽ ഗ്ലൗസ്, മാസ്‌ക് തുടങ്ങി ആയിരത്തിലധികം ഉത്‍പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന റോയൽ ലാറ്റക്‌സ് വ്യവസായശാലയുടെ നിർമാണം നടക്കുന്നതും ഇതേ പഞ്ചായത്തിലാണ്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് കമ്പനി വരുന്നതിനെതിരെ ജനകീയ സമരസമിതി പ്രക്ഷോഭത്തിലാണ്. പരിസ്ഥിതി നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് സ്ഥാപനത്തിന് നിർമാണാനുമതി നൽകിയിരിക്കുന്നതെന്നാണ് സമരസമിതിയുടെ ആക്ഷേപം.
കാവും കുളങ്ങളും പുഴകളും ഉൾപ്പെടുന്ന പരിസ്ഥിതി ലോല മേഖലയിൽ റെഡ് കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുന്ന കമ്പനി വരുന്നതിനെ ചോദ്യം ചെയ്യാനും സി.പി.എം ഔദ്യോഗിക ഘടകവും ഭരണകർത്താക്കളും തയ്യാറാവുന്നില്ലെന്ന് മാത്രമല്ല ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണവർ. അമോണിയയും മറ്റ് നിരവധി ആസിഡുകളും കലർന്ന വെള്ളം ഫാക്ടറിയിൽനിന്ന് പുറന്തള്ളുമ്പോൾ പ്രദേശത്തെ ജലസ്രോതസിനേയും മണ്ണിന്റെ വളക്കൂറിനേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പാർട്ടിക്ക് മനസിലാകാത്തതെന്താണെന്ന അത്ഭുതം ആരും മറച്ച് പിടിക്കുന്നുമില്ല. പാർട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ടവർ സമരവേദികളിൽ ഇന്ന് ഒറ്റപ്പെടുകയാണ്.
കാങ്കോൽ മറ്റൊരു
കീഴാറ്റൂരാകുമോ?
തളിപ്പറമ്പ കീഴാറ്റൂരിൽ നടന്ന വയൽക്കിളി സമരത്തെ ഓർമപ്പെടുത്തുന്നുണ്ട് കാങ്കോൽ-ആലപ്പടമ്പിലെ ജനകീയ സമരം. വയൽ നികത്തി ദേശീയപാത പണിയുന്നതിനെതിരെ സി.പി.എം പ്രവർത്തകനായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടന്ന വയൽക്കിളി സമരം സംസ്ഥാന വ്യാപകമായി സി.പി.എമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബൈപ്പാസ് അലൈൻമെന്റിനായി വന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത് സമരത്തെ വലിയ രീതിയിൽ ചർച്ചയാക്കി. വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചതും വലിയ വാർത്തയായിരുന്നു. അന്നും പന്തൽ കത്തിച്ചത് ഞങ്ങളല്ല എന്നായിരുന്നു സി.പി. എമ്മിന്റെ പ്രതികരണം. എന്നാൽ കേസിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |