SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.57 PM IST

ടി.കെ; വിസ്‌മയകരമായ രാഷ്ട്രീയ ജീവിതം

ss

പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കണമെന്ന് ജീവിതത്തിലും കർമ്മമേഖലയിലും അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ആർ.എസ്.പി നേതാവും ജനകീയമന്ത്രിയുമായിരുന്ന ടി.കെ. ദിവാകരൻ. കേരളത്തെ വിസ്‌മയിപ്പിച്ച ടി.കെയെന്ന ടി.കെ. ദിവാകരൻ അന്തരിച്ചിട്ട് ഇന്ന് 47 വർഷം. ആർ.എസ്.പിയെന്ന വിപ്ളവപാർട്ടിക്ക് കേരളത്തിൽ ജനകീയ അടിത്തറയിട്ട നേതാക്കളിൽ പ്രധാനിയായിരുന്നു ടി.കെ.

കൊല്ലത്തെ സാധാരണ കുടുംബത്തിൽ ജനിച്ച് സ്വാതന്ത്ര്യസമരസേനാനി, സ്റ്റേറ്റ് കോൺഗ്രസിന്റെ തിരുവിതാംകൂറിലെ മുന്നണിപ്പോരാളി, തൊഴിലാളിസംഘടനാ നേതാവ്, ആർ.എസ്.പി നേതാവ്, മികച്ച സാമാജികൻ, ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കിയ പൊതുമരാമത്ത് മന്ത്രി എന്നീ നിലകളിലാണ് 55 വർഷത്തെ ജീവിതത്തിൽ ടി.കെ. കേരളത്തിൽ നിറഞ്ഞുനിന്നത്. കൊല്ലം ജില്ലയിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ടചരിത്രവും ടി.കെ.യുടെ ജീവിതവും ഒന്നാണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാവും. ജനകീയനായ പൊതുപ്രവർത്തകൻ എന്നതിലുപരി കേരളത്തിൽ മാർക്സിസ്റ്റ് വിരുദ്ധ ജനകീയ ഐക്യത്തിന്റെ ശില്പികളിലൊരാളായി അദ്ദേഹത്തെ വിലയിരുത്താനാണ് ഞാനാഗ്രഹിക്കുന്നത്.

വിസ്‌മയകരമായ രാഷ്ട്രീയ ജീവിതമായിരുന്നു ടി.കെ. ദിവാകരന്റേത്. ജീവിതപ്രാരാബ്ധങ്ങളെ തുടർന്ന് പത്താംക്ളാസിൽ പഠനം അവസാനിപ്പിച്ച ടി.കെ. കൊല്ലത്തെ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിലെ ജീവനക്കാരനായി. ഇവിടെനിന്നാണ് തൊഴിലാളി നേതാവായി ഉയർന്നത്. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് പതിനേഴാമത്തെ വയസിൽ ഒന്നരവർഷം ജയിലിലായി. പിന്നാലെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ആറുമാസം ജയിലിലായി. പുന്നപ്ര - വയലാർ സമരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് നടന്നതെങ്കിലും ഗൂഢാലോചന കേസിൽ കമ്മ്യൂണിസ്റ്റുകാരനല്ലാത്ത ടി.കെയും പ്രതിചേർക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവത്തെ തുടർന്ന് ട്രാവൻകൂർ സോഷ്യലിസ്റ്റ് പാർട്ടി, കെ.എസ്.പി എന്നിവയിൽ പ്രവർത്തിച്ച ടി.കെ ആർ.എസ്.പിയെന്ന പുതിയൊരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി. ശ്രീകണ്ഠൻനായർ, ടി.കെ. ദിവാകരൻ, ബേബിജോൺ എന്നിവരാണ് കൊല്ലം ജില്ലയിൽ ആർ.എസ്.പിക്ക് വേരോട്ടമുണ്ടാക്കിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് ജില്ലയിൽ തടസമായതും ആർ.എസ്.പിയുടെ ശക്തമായ സാന്നിദ്ധ്യമായിരുന്നു.

നാലുതവണയാണ് ടി.കെ കൊല്ലത്ത് നിന്നും തിരുവിതാംകൂർ, കേരള നിയമസഭകളിലെത്തിയത്. അഞ്ചുവർഷം കൊല്ലം നഗരസഭാ അദ്ധ്യക്ഷനുമായി. നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ, കയർ ബോർഡ് വൈസ് ചെയർമാൻ, പ്ളാനിംഗ് അഡ്വൈസറി ബോർഡ് അംഗം, ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് അംഗം, മിനിമം വേജസ് കമ്മിറ്റിയംഗം എന്നീ നിലകളിൽ ടി.കെയുടെ മാതൃകാപരമായ പ്രവർത്തനം ചരിത്രത്തിന്റെ ഭാഗമാണ്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭയിൽ അംഗമല്ലാത്ത ടി.കെയായിരുന്നു സഭാനേതാവ്. കേരള നിയമസഭയിൽ മുഖ്യമന്ത്രിക്ക് പകരം സഭാനേതാവായ ഒരേയൊരു സാമാജികനും ടി.കെയായിരുന്നു. നിയമസഭാ നടപടിക്രമങ്ങളിലെ അവഗാഹവും പ്രസംഗത്തിലും ചർച്ചകളിലും നേടിയിരുന്ന മേൽക്കൈയുമാണ് കീഴ്‌വഴക്കങ്ങൾ മറികടന്നും ടി.കെയെ സഭാനേതാവാക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. കണക്കുകൾ ശേഖരിച്ചും നന്നായി ഗൃഹപാഠം ചെയ്തും നിയമസഭയിലെത്തുന്ന ടി.കെ. നിയമസഭാ സാമാജികർക്ക് എക്കാലത്തെയും മാതൃകയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇടപെടലുകൾ മികച്ച റഫറൻസാണെന്നതിലും തർക്കമില്ല.

സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും റോഡ്, പാലം ഉൾപ്പെടെയുള്ളവ സമയബന്ധിതമായി യാഥാർത്ഥ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. സ്വകാര്യ കരാറുകൾ ഉപേക്ഷിക്കുന്നതിനെ തുടർന്ന് മുങ്ങിപ്പോകുന്ന മരാമത്ത് പണികൾ പൂർത്തിയാക്കാൻ കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ രൂപീകരിച്ചത് ടി.കെ. മന്ത്രിയായിരുന്നപ്പോഴാണ്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടിൽ പൊതുമരാമത്ത് വകുപ്പിലെ അഴിമതി അവസാനിപ്പിക്കാൻ വിജിലൻസിന്റെ പ്രവർത്തനമാരംഭിച്ചതും ടി.കെയായിരുന്നു. വാടകകെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കാൻ തിരുവനന്തപുരത്ത് 'വികാസ് ഭവൻ" ഓഫീസ് സമുച്ചയം ടി.കെയുടെ ദീർഘവീക്ഷണത്തി​ന്റെ പ്രതീകമായി തലയുയർത്തി​ നി​ല്ക്കുന്നു.

കുട്ടനാട്ടി​ലെ കൃഷി​യി​ടങ്ങളി​ൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ തണ്ണീർമുക്കം ബണ്ട് എന്ന ആശയം മുന്നോട്ടുവച്ചതും സമയബന്ധി​തമായി​ പൂർത്തി​യാക്കി​യതും ടി​.കെ. മന്ത്രി​യായി​രുന്നപ്പോഴാണ്. പൊതുജന പങ്കാളി​ത്തത്തോടെ പൂർത്തി​യാക്കി​യ ആദ്യ പദ്ധതി​യായി​രുന്നു തണ്ണീർമുക്കം ബണ്ട്. ആലപ്പുഴ, കൊല്ലം, ആറ്റി​ങ്ങൽ ബൈപ്പാസുകളുടെ അനി​വാര്യതയെക്കുറി​ച്ച് അരനൂറ്റാണ്ട് മുൻപേ മന്ത്രി​യായി​രുന്ന ടി​.കെ. പറഞ്ഞി​രുന്നു. കൊല്ലം, ആറ്റി​ങ്ങൽ ബൈപ്പാസുകൾക്കായി​ 1975ലെ ബഡ്ജറ്റിൽ അദ്ദേഹം ടോക്കൺതുക ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷമായിരുന്നു മരണം. ടി.കെ. സ്വപ്നംകണ്ട കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ വർഷങ്ങൾക്ക് ശേഷം യാഥാർത്ഥ്യമായെങ്കിലും ആറ്റിങ്ങൽ ബൈപ്പാസ് ഇപ്പോഴും പൂർത്തിയാക്കാനായില്ല. കൊല്ലം ഇത്തിക്കരയിൽ 11 മാസം കൊണ്ട് പുതിയപാലം നിർമ്മിക്കാൻ ടി.കെയുടെ കാലത്ത് സാധിച്ചെങ്കിലും ഉദ്ഘാടനത്തിന് ഏതാനും ദിവസങ്ങൾ ശേഷിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. തിരുവനന്തപുരത്ത് നിന്നും ടി.കെയുടെ മൃതദേഹവും വഹിച്ചുകൊണ്ട് കൊല്ലത്തേക്ക് പോയ വാഹനത്തെ കടത്തിവിട്ടുകൊണ്ടാണ് ഇത്തിക്കരപാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. കേരളത്തിന്റെ ടൂറിസം രംഗത്തെ അഭിമാനകരമായ പദ്ധതികളിലും ടി.കെയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കോവളത്തെ ടൂറിസം കേന്ദ്രമാക്കി മാറ്റിയത് ടി.കെ. ടൂറിസം വകുപ്പിന്റെ ചുമതല വഹിക്കുന്ന കാലത്താണ്. മുൻസിപ്പൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോൾ പുരോഗമനപരവും ചരിത്രപരവുമായ ഒരു ഉത്തരവിറക്കി. മനുഷ്യവിസർജ്ജ്യം തലയിൽ ചുമന്ന് നീക്കംചെയ്യുന്ന രീതി അവസാനിപ്പിക്കുന്നതായിരുന്നു ആ ഉത്തരവ്.

ഒരുകാലത്ത് തൊഴിലാളി സമൂഹത്തിന്റെയും ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വിപ്ളവ നക്ഷത്രമായിരുന്നു ടി.കെയെന്ന രണ്ടക്ഷരം. തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലും മന്ത്രിപദവിയിലുമെത്തിയ ടി.കെയുടെ ജീവിതം രാഷ്ട്രീയ പ്രവർത്തകർക്ക് നൽകുന്ന ഉൗർജ്ജം ചെറുതല്ല. കേരള ചരിത്രത്തിലെ മികച്ച മന്ത്രിമാരിൽ ഒരാളായിരുന്ന ടി.കെ. ദിവാകരന്റെ വിപ്ളവകരമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: T K DIVAKARAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.