SignIn
Kerala Kaumudi Online
Tuesday, 28 March 2023 10.39 AM IST

ആഹാരം അന്തകനാകുമ്പോൾ

photo

കേരളത്തിലെ ഭക്ഷണത്തിന്റെ രുചിപ്പെരുമ വിദൂര ദേശങ്ങളിൽ പോലും പേരുകേട്ടതാണ്. വൃത്തിയിലും വൈവിദ്ധ്യത്തിലും എപ്പോഴും മുന്നിൽത്തന്നെയാണ് നമ്മുടെ സ്ഥാനം. എന്നാലിപ്പോൾ അതേ വൃത്തിയുടെ കാര്യത്തിലാണ് ഇവിടെ പല ഭക്ഷണശാലകളുടെയും പാചകപ്പുരകൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളിൽ ഹോട്ടലുകളിലും റസ്റ്റാറന്റ്കളിലും രാവിലെ തയ്യാറാക്കുന്ന ഭക്ഷണം രാത്രിയിലും ബാക്കിയാണെങ്കിൽ അത് നശിപ്പിച്ചു കളയണമെന്നാണ് അവിടത്തെ നിയമം. അവിടെ വളരെ കർശനമായി പാലിക്കപ്പെടുന്ന നിയമം കൂടിയാണത്. എന്നാൽ നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ രാവിലത്തെ ഭക്ഷണം വൈകിട്ട് എന്നല്ല ദിവസങ്ങളോളം ചൂടാക്കിയും രൂപം മാറ്റി മറ്റൊരു വിഭവമാക്കിയും നമ്മുടെ മുന്നിലെത്തും. ഉഷ്ണകാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ ഫ്രിഡ്ജിൽ വച്ചാൽ പോലും 24 മണിക്കൂറുകൾക്ക് ശേഷം ഭക്ഷണം കേടുവരും. എന്നാൽ പലപ്പോഴും ഹോട്ടലുകൾ ഇത് കാര്യമാക്കാറില്ല.

ഞാൻ എക്‌സൈസ് കമ്മിഷണറായിരുന്ന സമയത്ത് ഫുഡ് ഇൻസ്‌പെക്ടർമാരുടെ ചില പരിശോധനകൾ നേരിട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. പല ഹോട്ടലുകളിലും പെറോട്ടയ്ക്ക് മാവ് കുഴയ്ക്കുന്ന മേശയുടെ വശങ്ങളും ജോയിന്റുകളും വൃത്തിയാക്കാറേയില്ല. ജോയിന്റുകൾക്കിടയിൽ മാവിന്റെ അവശിഷ്ടങ്ങൾ ദിവസങ്ങളും മാസങ്ങളും തങ്ങിയിരുന്ന് രോഗാണുക്കൾ പെരുകുന്നു. ഇതേ മേശയിൽ തന്നെയാണ് ദിവസവും മാവ് കുഴയ്ക്കുന്നത് എന്നോർക്കണം ! അതുപോലെ തന്നെയാണ് മിക്സി, ഫ്രിഡ്ജ് എന്നീ ഉപകരണങ്ങളുടെ അവസ്ഥയും. മിക്സിയുടെ ബ്ലെയ്ഡുകൾ, ഫ്രിഡ്ജ് / ഫ്രീസർ എന്നിവ മാസങ്ങളോളം വൃത്തിയാക്കില്ല. രോഗവാഹകരായ ബാക്‌ടീരിയകളുടെ താവളമാണ് ഈ ഇടങ്ങൾ.

ഇതെല്ലാം ഭക്ഷണശാലകളിലെ കലവറകളുടെ ശോചനീയാവസ്ഥയാണെങ്കിൽ തൊഴിലാളികളുടെ കാര്യം അതിലും മോശമായിരിക്കും. വ്യക്തിശുചിത്വത്തിന്റെ കാര്യം തന്നെയാണ് ആദ്യം പറയേണ്ടത്. തൊഴിലാളികളുടെ താമസസ്ഥലം ഉൾപ്പെടെ പലേടത്തും വൃത്തിഹീനമാണ്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സ്ഥലം തന്നെ ഇവർക്ക് അപര്യാപ്തമായിരിക്കും.

ശൗചാലയങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. വൃത്തിഹീനമായ ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുന്ന തൊഴിലാളികൾ കൈകൾ കൃത്യമായി ശുചിയാക്കുകയോ പാചകം ചെയ്യുമ്പോൾ പ്ലാസ്റ്റിക് കൈയുറകൾ ധരിക്കുകയോ ചെയ്യാറില്ല. എന്താണ് ഇതിന്റെ പ്രത്യാഘാതമെന്ന് ചിന്തിച്ചിട്ടുണ്ടോ?

മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പകരുന്നത് മലിനജലത്തിലൂടെയും ശുചിത്വമില്ലാത്ത ഭക്ഷത്തിലൂടെയുമാണ്. ടൈഫോയ്ഡ് പരത്തുന്ന സാൽമൊണല്ല ടൈഫി ബാക്‌ടീരിയ രോഗവാഹകരുടെ വിസർജ്ജ്യത്തിലാണ് ഉണ്ടാവുക. ശൗചാലയത്തിൽ പോയശേഷം കൈകൾ ശരിയായി ശുചിയാക്കാതെ ഭക്ഷണം തയ്യാറാക്കുന്ന ഒരാൾ രോഗവാഹകനല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?

അതുപോലെ തന്നെയാണ് മഞ്ഞപ്പിത്തത്തിന്റെ കാര്യവും. പ്രത്യേകിച്ചും ഹെപ്പറ്റൈറ്റിസ് എ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസും വൃത്തിഹീനതയുടെ ഉത്പന്നമാണ്. പാചകത്തൊഴിലാളികൾ മുഴുവൻ പേരും ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾക്കെതിരെ പ്രതിരോധ വാക്സിനുകൾ എടുത്തവരാണോ എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനമൊന്നുമില്ല. തൊഴിലുടമകൾ
വഴി ഇത് പരിഹരിക്കാൻ ഒരു നിയമം ആവശ്യമാണ്.

നമുക്ക് ആയിരക്കണക്കിന് ഹെൽത്ത് ഇൻസ്‌പെക്ടർമാരുണ്ട്. മുൻകാലങ്ങളിൽ റസ്റ്റോറന്റുകളിലും, ചെറുകിട ഹോട്ടലുകളിലും, ഫാസ്റ്റ് ഫുഡ് സെന്ററുകളിലും പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ അവർക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ ഇടക്കാലത്ത് അവരുടെ ആ അധികാരം സർക്കാർ എടുത്തു കളയുകയുണ്ടായി. ഇപ്പോൾ ആ അധികാരം ആകെയുള്ളത് നൂറ്റിനാല്പതോളം വരുന്ന ഫുഡ് ഇൻസ്‌പെക്ടർമാർക്കാണ്. അഞ്ചു ലക്ഷത്തിലേറെ ഭക്ഷണശാലകൾ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്ത് ഇത്രയും ചെറിയ ഒരു സംഘം എത്രമാത്രം അപര്യാപ്തമാണെന്ന് നമുക്കറിയാം. ഈ സാഹചര്യത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് പരിശോധനാധികാരം തിരികെ നൽകിയാൽ പ്രശ്‌നങ്ങൾ കുറേക്കൂടി മികച്ച രീതിയിൽ പരിഹരിക്കാനാകും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഭക്ഷ്യവിഷബാധയോ, അപകടമോ ഉണ്ടാകുമ്പോൾ മാത്രം ഉണരുന്ന സാമൂഹിക ബോധം കൊണ്ട് ഒരു പ്രയോജനവുമില്ല. വൃത്തിയിലും വ്യക്തിശുചിത്വത്തിലും മുൻപന്തിയിൽ നിൽക്കുമ്പോഴും ഇത്തരം വീഴ്ചകൾ നമുക്ക് ഒഴിവാക്കാനാകുന്നില്ല എന്നത് ദുഃഖകരമാണ്. ഭക്ഷണം തയ്യാറാക്കുന്നതിൽ ആരോഗ്യകരമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നം നമുക്ക് അതിജീവിക്കാനാകൂ. ഹോട്ടൽജീവനക്കാർക്കും ഭക്ഷണവിതരണക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കാനൊരുങ്ങുന്ന സർക്കാർ തീരുമാനം ഈ അവസരത്തിൽ സ്വാഗതാർഹമാണ്.

ആളുകളുടെ ഭക്ഷണപ്രേമത്തെയും വിശപ്പിനെയും ചൂഷണം ചെയ്‌ത് എന്ത് വിഷവും വിളമ്പാനുള്ള കച്ചവടക്കണ്ണ് വ്യാപാരികളും ഉപേക്ഷിക്കണം. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ മനുഷ്യർ കഴിക്കുന്ന മത്സ്യത്തിലും ഉപയോഗിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയല്ലേ കേൾക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD SAFETY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.