SignIn
Kerala Kaumudi Online
Saturday, 20 April 2024 6.52 AM IST

പ്രതിപക്ഷങ്ങളുടെ ഐക്യ സാദ്ധ്യത

photo

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു പുതിയ പാർട്ടിയും പുതിയ നയവും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള, പഞ്ചാബ്, ഡൽഹി മുഖ്യമന്ത്രിമാരുൾപ്പെടെ അണിനിരന്ന വേദി ദേശീയതലത്തിൽ പ്രതിപക്ഷഐക്യമാണ് ഉന്നംവയ്ക്കുന്നത്. ദക്ഷിണേന്ത്യയിൽനിന്നുള്ള ഒരു പ്രധാന സംസ്ഥാനമായ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിൻ ഈ യോഗത്തിൽ പങ്കെടുത്തില്ല.

കോൺഗ്രസുമായിട്ടാണ് ഡി.എം.കെയ്ക്ക് കൂടുതൽ അടുപ്പമുള്ളത്. കോൺഗ്രസിനെ പരിഗണിക്കാതെയുള്ള പ്രതിപക്ഷ കൂട്ടായ്മയിൽ താത്‌പര്യമില്ലെന്ന് വ്യക്തമായി സൂചിപ്പിക്കുകയാണ് തന്റെ അഭാവത്തിലൂടെ സ്റ്റാലിൻ ചെയ്തത്. അതേസമയം ടി.ആർ.എസ് എന്ന തന്റെ പാർട്ടിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയതിലൂടെ പ്രതിപക്ഷ ഐക്യമുണ്ടായാൽ അതിന്റെ നേതൃസ്ഥാനം അവകാശപ്പെട്ടതാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് കെ. ചന്ദ്രശേഖരറാവു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇത് അംഗീകരിക്കുന്നില്ല എന്നതാണ് അവരുടെ അസാന്നിദ്ധ്യം വ്യക്തമാക്കുന്നത്. മായാവതിയും റാവുവിന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കാതെ മാറിനിന്നു.

താരതമ്യേന ബി.ജെ.പിക്ക് സ്വാധീനം കുറവായ ദക്ഷിണേന്ത്യയിൽപോലും പ്രതിപക്ഷ കക്ഷികൾക്ക് ഒന്നിച്ച് നിൽക്കാനാവുന്നില്ലെങ്കിൽ ഉത്തരേന്ത്യയിലെ കാര്യം പറയേണ്ടതില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ സി.പി.ഐ പങ്കെടുക്കുമെങ്കിലും സി.പി.എം ഇക്കാര്യത്തിൽ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പി പൊതുശത്രുവാണെന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ പ്രതിപക്ഷപാർട്ടികൾ തമ്മിൽ യോജിപ്പുള്ളത്. എന്നാൽ സംസ്ഥാനതലത്തിൽ ഇതേകക്ഷികൾ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ നേരിടാനുള്ള സാദ്ധ്യത വിരളമാണ്. ഇവർ വേറിട്ട മത്സരം നടത്തിയാൽ അതിന്റെ ഗുണം ഒടുവിൽ ബി.ജെ.പിക്ക് തന്നെ ലഭിക്കാനാണ് സാദ്ധ്യത. ഈ വർഷം ഒമ്പത് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിന്റെ ഫലമാവും പ്രതിപക്ഷകക്ഷികളുടെ ഐക്യസാദ്ധ്യതയുടെ അടിസ്ഥാനമാവുക. അതേസമയം ബി.ജെ.പിയാകട്ടെ വളരെ കരുതലോടെയാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഡൽഹിയിൽ രണ്ടുദിവസമായി നടന്ന പാർട്ടിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിന്റെ തീരുമാനങ്ങൾ വ്യക്തമാക്കുന്നു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുന്നതും പ്രധാനമന്ത്രിയാകുന്നതും മോദി തന്നെയായിരിക്കുമെന്നാണ് അമിത് ഷാ ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷം അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. അമിത ആത്മവിശ്വാസം പാടില്ലെന്നും സിനിമകളുമായും മറ്റും ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും വിജയത്തിന് കഠിനപ്രയത്നം നടത്തണമെന്നും മോദി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. യാഥാർത്ഥ്യബോധത്തോടെയാണ് മൂന്നാം ഉൗഴത്തിനായി ബി.ജെ.പി നീങ്ങുന്നത്. എന്നാൽ, ബി.ജെ.പിയെ വിമർശിക്കുന്നതൊഴികെ മറ്റ് കാര്യങ്ങളിൽ ഐക്യത്തിലെത്താൻ കഴിയാത്തതും വിവിധ നേതാക്കളുടെ പ്രധാനമന്ത്രിപദ മോഹവുമാണ് പ്രതിപക്ഷ ഐക്യത്തിന് വിലങ്ങുതടിയായി നിൽക്കുന്നത്. ഭിന്നതയുള്ള കാര്യങ്ങൾമാറ്റിവച്ച് ഒരു പൊതുമിനിമം പരിപാടിയുടെ പേരിൽ ഒന്നിക്കാൻ പ്രതിപക്ഷനിര ശ്രമം നടത്തേണ്ടതാണ്. ഒരു ശക്തമായ പ്രതിപക്ഷമില്ലാതെ വരുന്നത് ഒരു രാജ്യത്തിന്റെ കെട്ടുറപ്പിനും ജനാധിപത്യത്തിനും നല്ലതല്ല. പ്രതിപക്ഷപാർട്ടികൾ ഒന്നിച്ച് നിന്നാൽ ബി.ജെ.പി കണക്കുകൂട്ടുന്നതുപോലെ അനായാസമായി കടക്കാൻ കഴിയുന്നതല്ല മൂന്നാമൂഴം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPOSITION UNITY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.