SignIn
Kerala Kaumudi Online
Thursday, 19 September 2024 12.49 PM IST

ജനാധിപത്യം ഉലയാതിരിക്കാൻ

Increase Font Size Decrease Font Size Print Page

jagdeep-dhankar

കോടതിയും ഭരണസംവിധാനവും ഏറ്റുമുട്ടുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല,മറിച്ച് അത്യന്തം അപകടകരമാണ്. ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) വിധിയിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ പറഞ്ഞ പൊതുവിമർശനം രാജ്യത്തെ നിയമത്തിനെതിരായി ഉയർന്ന ഭരണഘടനാ അതോറിറ്റിയുടെ അഭിപ്രായമായി കണക്കാക്കേണ്ടിവരും.

കോടതികളും ഭരണസംവിധാനങ്ങളും ഏറ്റുമുട്ടൽപാതയിലൂടെ സഞ്ചരിക്കുന്നത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യും. അത് പാകിസ്ഥാന്റെ സ്ഥിതി വിളിച്ചുവരുത്തും. ഭരണഘടനയുടെ മേൽക്കോയ്മ, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്,ജുഡീഷ്യറി എന്നിവയ്ക്കിടയിലുള്ള അധികാര വിഭജനം, രാഷ്ട്രീയത്തിന്റെ ജനാധിപത്യ സ്വഭാവം എന്നിവയാണ് സൂചിപ്പിക്കുന്നത്.
ഭരണഘടനയുടെ 141ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതി പ്രഖ്യാപിക്കുന്ന ഒരു വിധി എല്ലാ കോടതികൾക്കും, സുപ്രീം കോടതിക്കുപോലും ബാധകമാണ്.
എല്ലാവരും കോടതി നിർദ്ദേശിച്ച വിധി അനുസരിക്കേണ്ടത് അത്യാവശ്യമാണ്; അല്ലാത്തപക്ഷം സമൂഹത്തിലെ ചില വിഭാഗങ്ങൾ സ്വന്തം നിയമം പിന്തുടരാൻ തീരുമാനിച്ചേക്കാം. ജുഡീഷ്യൽ നിയമനങ്ങളുടെ കൊളീജിയം സമ്പ്രദായം ഉയർത്തിപ്പിടിക്കുന്ന എൻജെഎസി വിധി നിലനിൽക്കുന്നിടത്തോളം, കോടതി വിധി പാലിക്കാൻ രാഷ്ട്രം ബാധ്യസ്ഥമാണ്. ഒരു ജനാധിപത്യത്തിന്റെ ഹൃദയവും കാതലും ജുഡിഷ്യൽ പ്രക്രിയയിലാണെന്ന് നമുക്കറിയാം.
എൻ.ജെ.എസി നിയമത്തിന്റെ കാര്യത്തിലെന്നപോലെ ജുഡിഷ്യൽ റിവ്യൂ പാർലമെന്റിന്റെ പരമാധികാരത്തെ നേർപ്പിക്കുകയാണെന്ന് ഇപ്പോൾ ധൻഖർ അഭിപ്രായപ്പെടുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്.
1973ലെ സുപ്രധാനമായ കേശവാനന്ദ ഭാരതി വിധിന്യായത്തിൽ താൻ 'വഴങ്ങിയിട്ടില്ല' എന്ന് അദ്ദേഹം പറഞ്ഞിരുന്നു, ഖേദമുണ്ടാക്കുകയാണ് ഇത്തരം കാര്യങ്ങൾ. 1973ലെ സുപ്രധാനമായ കേശവാനന്ദ ഭാരതി വിധിയെ ചോദ്യം ചെയ്ത് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്‌ദീപ് ധൻഖറിന്റെ പരാമർശം ജുഡിഷ്യറിക്ക് നേരെയുള്ള അസാധാരണമായ ആക്രമണമാണെന്നാണ് മുൻ ധനമന്ത്രി പി.ചിദംബരം പറഞ്ഞത്.
2015ലെ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മിഷൻ (എൻജെഎസി) നിയമം റദ്ദാക്കിയതിനെ ബുധനാഴ്ച ധൻഖർ വിമർശിക്കുകയും കേശവാനന്ദ ഭാരതി കേസ് വിധിയെ ചോദ്യം ചെയ്യുകയും ചെയ്തു, ഇത് തെറ്റായ കീഴ്വഴക്കമാണെന്നും പറഞ്ഞു. പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാമെന്നും എന്നാൽ അതിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നുമുള്ള സുപ്രീം കോടതി വിധിയോട് വിയോജിപ്പുണ്ടെന്നും പറഞ്ഞിരുന്നു.
ഭൂരിപക്ഷത്തോടെ, പാർലമെന്ററി സമ്പ്രദായം പ്രസിഡൻഷ്യൽ സമ്പ്രദായമാക്കി മാറ്റാൻ വോട്ട് ചെയ്തു. അല്ലെങ്കിൽ ഷെഡ്യൂൾ VII- സ്റ്റേറ്റ് ലിസ്റ്റ് റദ്ദാക്കുകയും സംസ്ഥാനങ്ങളുടെ പ്രത്യേക നിയമനിർമ്മാണ അധികാരങ്ങൾ എടുത്തുകളയുകയും ചെയ്യുക. അത്തരം ഭേദഗതികൾ സാധുതയുള്ളതായിരിക്കുമോ?' എന്ന് ട്വീറ്റുകളുടെ പരമ്പരയിൽ അദ്ദേഹം ചോദിച്ചു.
2015ലെ നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമ്മീഷൻ ഭരണഘടന 124 (A) പ്രകാരം ഫോം ചെയ്തിട്ടുള്ളതാണ്. Advocates on record V/S Union of India എന്ന കേസിൽ അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി അതിനെ റദ്ദാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് സുപ്രീംകോടതി ഹൈക്കോടതി കൊളീജിയം മൂന്നംഗസമിതി വീണ്ടും നിലവിൽ വരികയും ചെയ്തു. ഭരണഘടന 141 അനുഛേദം അനുസരിച്ച് സുപ്രീംകോടതി വിധികൾ എല്ലാം രാജ്യത്തിന്റെ നിയമമാണ്.
ഭരണഘടനയുടെ അനുഛേദം 50 പ്രകാരം സുപ്രീംകോടതിയും കേന്ദ്രസർക്കാരും എല്ലാ കാര്യങ്ങളിലും പരസ്പരം മാനിക്കാൻ ബാധ്യസ്ഥരാണ്. ഹൈക്കോടതികളിലെയും സുപ്രീംകോടതികളിലെയും ജഡ്ജി നിയമനം 2015ലെ നിയമപ്രകാരം നാളിതുവരെ നടന്നുവന്നിരുന്നത് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകേണ്ടതുമാണ്. അതിൽ കാതലായ ഒരു മാറ്റത്തിന്റെയും അനിവാര്യത പ്രകടമല്ല. എന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും സുപ്രീംകോടതിയും തമ്മിൽ ഏറ്റുമുട്ടൽ പാത ആവശ്യവുമില്ല . സുപ്രീംകോടതി കൊളീജിയം നടത്തുന്ന ശുപാർശകൾ തിരിച്ചയക്കുന്ന സർക്കാർ തിരിച്ചയച്ച ഫയലുകൾ വീണ്ടും പരിശോധിച്ച് ശുപാർശ ചെയ്യുമ്പോൾ നിരുത്തരവാദപരമായി കേന്ദ്രസർക്കാർ വീണ്ടും അവഗണിക്കുന്നത് പരസ്പര ബഹുമാനത്തെ ഇല്ലായ്‌മ ചെയ്യുന്നതാണ്. ഹൈക്കോടതി,സുപ്രീംകോടതി ജഡ്ജി നിയമന രീതിയെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേകം പരാമർശമില്ലാത്തതിനാൽ നാളിതുവരെ കൊളീജിയം നിർദ്ദേശമാണ് അംഗീകരിച്ചു പോരുന്നത്. 1973 കേശവാനന്ദ ഭാരതി വേഴ്സസ് കേരള സംസ്ഥാനവും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചത് അനുച്ഛേദം 368 പ്രകാരം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റിമറിച്ചു കൊണ്ട് ഒരു ഭേദഗതിയും പാടില്ല എന്നാണ്. അതുകൊണ്ടാണ് ഭരണഘടന രാജ്യത്തിന്റെ എല്ലാറ്റിന്റെയും പരമാധികാരി എന്ന് നാം വിവക്ഷിക്കുന്നത്. ഇപ്പോൾ രാജ്യത്ത് നടന്നുവരുന്ന സംവാദം ഭരണഘടനയാണോ രജിസ്ലേച്ചറാണോ പരമാധികാരി എന്ന തർക്കമാണ്. തീർച്ചയായും ഭരണഘടന തന്നെയാണെന്നതിൽ നമുക്ക് തർക്കമില്ല. ഏതൊരു പൗരന്റെയും അവസാന അത്താണി ജുഡീഷ്യറിയാണ്. ആകയാൽ നിയമത്തിന്റെ എല്ലാ അർത്ഥതലങ്ങളിൽ ജുഡിഷ്യറിക്ക് നമ്മൾ താങ്ങും തണലുമാകണം. നമ്മുടെ ഭരണഘടന അനുച്ഛേദം 246 പ്രകാരം ഏഴാം പട്ടിക നിയമനിർമ്മാണ അധികാരത്തെ മൂന്നായി വിഭജിച്ചിട്ടുണ്ട്. സംസ്ഥാനം (സ്റ്റേറ്റ്) ലിസ്റ്റ്, കേന്ദ്രം (യൂണിയൻ) ലിസ്റ്റ് സമവർത്തി പട്ടിക (കൺകറന്റ്) ലിസ്റ്റ് എന്നിവയാണത്. ഉദാഹരണത്തിന് ഒരു സുപ്രഭാതത്തിൽ പാർലമെന്റ് സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന നിയമനിർമ്മാണത്തിനുള്ള അധികാരമായ സംസ്ഥാന പട്ടിക റദ്ദാക്കിയാൽ ഫെഡറൽ സംവിധാനം ഇല്ലാതെയാകും. അതുണ്ടാക്കുന്ന ഉലച്ചിൽ വളരെ വലുതാണ്. അങ്ങനെ സംഭവിക്കാൻ അനുവദിച്ചുകൂടാ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HOW TO PROTECT DEMOCRACY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.