പാലക്കാട് : വർഷങ്ങളായി പാലക്കാട്ടെ കർഷകരുടെ വിളകൾ നശിപ്പിച്ച, മനുഷ്യ ജീവൻ കവർന്ന കാട്ടാന പി ടി 7നെ കൂട്ടിലടച്ച് വനം വകുപ്പ്. ഇന്നലെ ആരംഭിച്ച ദൗത്യം രണ്ടാം ദിനമായ ഇന്നാണ് വിജയത്തിലെത്തിയത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പദ്ധതി അണുവിട മാറ്റമില്ലാതെ നടപ്പിലാക്കാൻ കഴിഞ്ഞു എന്നതാണ് ഓപ്പറേഷൻ പി ടി 7നിൽ എടുത്തുപറയേണ്ടത്.
ഇന്ന് പുലർച്ചെ 5.30നാണ് ഓപ്പറേഷൻ ആരംഭിച്ചത്. ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് രാവിലെ 7.10 ഓടെയാണ് പി ടി 7നെ കേവലം അമ്പത് മീറ്റർ അകലെ നിന്ന് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ മയക്കുവെടി വച്ചത്. ഇടത് ചെവിക്ക് താഴെയായി കൃത്യമായി ആനയ്ക്ക് മയക്കുവെടി കൊണ്ടതോടെ ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. മയക്കുവെടി വയ്ക്കാൻ ശ്രമിക്കുമ്പോൾ പിടി 7ന് അടുത്തായി മറ്റൊരു മോഴയാനയും ഉണ്ടായിരുന്നു. അതിനാൽ തന്നെ ശ്രദ്ധയോടെയാണ് ദൗത്യസേനാംഗങ്ങൾ ഓരോ ചുവടും വച്ചത്.
മയക്കുവെടി കൊണ്ട ആന മയങ്ങാൻ അരമണിക്കൂറിൽ കൂടുതൽ സമയം എടുക്കും. ഈ സമയത്താണ് ഓപ്പറേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ലോറിയിൽ കയറ്റുക എന്നതാണ് അത്. ലോറിയിലേക്കുള്ള വഴിയൊരുക്കുന്നതിനായി ജെ സി ബി കാടുകയറി. ഒപ്പം കൂടുതൽ ദൗത്യസേനാംഗങ്ങളും. മയക്കുവെടി കൊണ്ട ആന ജനവാസ കേന്ദ്രങ്ങളിലടക്കം ഓടിയെത്തുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഓപ്പറേഷന്റെ രണ്ടാം ഘട്ടവും ഏറെ അപകടം പിടിച്ചതായിരുന്നു.
വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി 7നെ പിടികൂടാൻ വനം വകുപ്പ് എത്തിച്ചത്. കറുത്ത തുണിയുപയോഗിച്ച് കണ്ണ് മറച്ചാണ് ആനയെ ലോറിയിൽ കയറ്റിയത്. ലോറിയിൽ കയറ്റുന്നതിന് ഇടയിൽ പിടി 7 കുങ്കിയാനയായ സുരേന്ദ്രനെ ആക്രമിക്കാൻ ശ്രമിച്ചത് പരഭ്രാന്തി പടർത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ ലോറിയിൽ കയറ്റാനായത്. ലോറിയിൽ എത്തിച്ച പിടി 7നെ തുടർന്ന് യൂക്കാലിപ്സ് മരം കൊണ്ട് നിർമ്മിച്ച കൂറ്റൻ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. എത്ര പരിശ്രമിച്ചാലും തകർക്കാനാവാത്ത കൂട്ടിൽ ശാന്തനാവുന്നതുവരെ പിടി 7ന് കഴിയേണ്ടി വരും.
ഇന്നലെ സർവ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും കൊമ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു. 72 അംഗ വനപാലകരാണ് പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി ടി സെവനെ കണ്ടെത്തിയാൽ മയക്കുവെടിയുതിർത്ത് പിടികൂടാനായിരുന്നു ശ്രമം. 2022 നവംബർ മുതൽ ഇടവേളകളില്ലാതെ ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ വിലസിയ ആനയാണ് പി ടി സെവൻ. ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്തവരെ മന്ത്രി എം ബി രാജേഷും നാട്ടുകാരും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |