SignIn
Kerala Kaumudi Online
Friday, 29 March 2024 12.48 PM IST

വിമാനയാത്രക്കാർക്ക് ആശ്വസിക്കാം

photo

യാത്ര മുടങ്ങുന്ന വിമാനയാത്രക്കാർക്ക് വിമാനക്കൂലി മടക്കിനൽകാനുള്ള വ്യവസ്ഥ കൂടുതൽ ഉദാരമാക്കിയിരിക്കുകയാണ്. അടുത്തമാസം 15 മുതൽ പുതിയനയം നടപ്പിലാകും. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകൾക്ക് പുതിയ ഇളവുകൾ ലഭ്യമാകും. ഫ്ളൈറ്റ് റദ്ദാക്കൽ, കാലതാമസം തുടങ്ങിയ കാരണങ്ങളാലാണ് യാത്ര റദ്ദാക്കുന്നതെങ്കിൽ നികുതിയടക്കം ടിക്കറ്റ് നിരക്കിന്റെ എഴുപത്തഞ്ചു ശതമാനം മടക്കി നൽകണമെന്നാണ് പുതിയ വ്യവസ്ഥ. സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാരത്തുക ലഭിക്കുക. ദൂരം 3500 കിലോമീറ്ററിലധികമാണെങ്കിൽ ടിക്കറ്റിനായി മുടക്കിയ പണത്തിന്റെ മുക്കാൽ പങ്കും തിരികെ ലഭിക്കും. വിദേശയാത്രയ്ക്കായി ടിക്കറ്റെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം സിവിൽ വ്യോമയാന വകുപ്പിന്റെ പുതിയ തീരുമാനം നല്ല കാൽവയ്പാണ്.

എയർ ഇന്ത്യാ വിമാനത്തിൽ ഈയിടെ നടന്ന ചില സംഭവങ്ങൾ രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരു ബിസിനസ് ക്ളാസ് യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട് പ്രായമായ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതും തുടർന്നുണ്ടായ സംഭവഗതികളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിമാനകമ്പനിയുടെ അപ്രാപ്തിയാണ് എടുത്തുകാണിച്ചത്. നിലവിട്ട് പെരുമാറിയ യാത്രക്കാരനെ ദിവസങ്ങൾക്കു ശേഷമാണ് പിടികൂടിയതും നിയമനടപടികൾ സ്വീകരിച്ചതും. ഈ സംഭവത്തിന്റെ പേരിൽ എയർ ഇന്ത്യയ്ക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ 30 ലക്ഷം രൂപ പിഴയിടുകയും ചെയ്തു. പൈലറ്റിനെ നാലുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയെ മാത്രമല്ല രാജ്യത്തെത്തന്നെ നാണം കെടുത്തിയ ഈ സംഭവം സൃഷ്ടിച്ച വിവാദം കെട്ടടങ്ങും മുമ്പ് എയർ ഇന്ത്യയുടെ മറ്റൊരു ഫ്ളൈറ്റിൽ വിമാന യാത്രക്കാരൻ തൊട്ടടുത്ത സീറ്റിൽ കിടന്നിരുന്ന പുതപ്പിൽ മൂത്രമൊഴിച്ച് വാർത്ത സൃഷ്ടിക്കുകയുണ്ടായി. ഇയാളും കണക്കിലേറെ മദ്യം അകത്താക്കിയിരുന്നതായി തെളിഞ്ഞിരുന്നു. ഈ രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ വിമാനത്തിൽ യാത്രക്കാർക്ക് മദ്യം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ എയർ ഇന്ത്യ കർക്കശമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നന്നായി. യാത്രയ്ക്കിടെ മദ്യപിച്ച് ലക്കുകെട്ട് അരുതാത്ത പ്രവൃത്തികൾക്കു മുതിരുന്നവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് വ്യോമയാനവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ വിമാനത്തിൽ മദ്യം വിളമ്പുന്നത് സംബന്ധിച്ച് പുതിയ മാർഗനിദ്ദേശങ്ങൾ കൊണ്ടുവന്നത്. വിമാനജീവനക്കാർ നൽകുന്ന മദ്യം മാത്രമേ യാത്രക്കാർ കുടിക്കാവൂ. കൈയിൽ കൊണ്ടുവരുന്ന മദ്യം പുറത്തെടുക്കാനോ ഉപയോഗിക്കാനോ പാടില്ല. മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് വിമാനത്തിൽ കയറാൻ വരുന്നതെങ്കിൽ അത്തരക്കാരെ കയറ്റാതിരിക്കാൻ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് അധികാരമുണ്ടായിരിക്കും. യാത്രയ്ക്കിടെ ഒരു യാത്രക്കാരനും നിശ്ചിത അളവിലധികം മദ്യം നൽകരുതെന്നും നിബന്ധനയുണ്ട്. തികഞ്ഞ ഭവ്യതയോടെയാകണം യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം.

മദ്യം ഉള്ളിൽ ചെല്ലുമ്പോൾ നിലവിട്ട് പെരുമാറുന്ന യാത്രക്കാർ ഇവിടെയന്നല്ല ലോകത്തെവിടെയും വിമാന കമ്പനികൾക്ക് വലിയ തലവേദനയാകാറുണ്ട്. കടുത്ത മത്സരം നടക്കുന്ന മേഖലയായതിനാൽ യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നതിലാണ് കമ്പനികൾ താത്‌പര്യം കാണിക്കാറുള്ളത്. വിമാനത്തിൽ മദ്യം ഉപയോഗിക്കുന്നവരെപ്പോലെ മദ്യപിക്കാത്ത യാത്രക്കാരും വളരെയധികം ഉണ്ടാകും. മദ്യപിച്ചു ലക്കുകെട്ട് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ സഹയാത്രികർക്ക് എത്രമാത്രം അലോസരമുണ്ടാക്കുന്നു എന്ന് അവർ ഓർക്കാറില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIR TICKET REIMBURSEMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.