SignIn
Kerala Kaumudi Online
Thursday, 25 April 2024 9.38 AM IST

ആൾക്കൂട്ടത്തിലും ഉയർന്ന ശിരസ്

baby

കൊല്ലം മുതൽ ചവറ വരെ നീളുന്ന കരിമണൽ പരപ്പിന്റെ സന്തതി എന്നു രാഷ്ട്രീയ പ്രതിയോഗികൾ വിശേഷിപ്പിച്ച നേതാവും നാലു ദശകത്തോളം വിവിധ മുന്നണികളുടെ കിങ് മേക്കർ പദവി അലങ്കരിച്ച ചെറിയ പാർട്ടിയുടെ വലിയ നേതാവുമായ ബേബിജോൺ ഓർമ്മയായിട്ട് ഇന്ന് പതിനഞ്ച് വർഷം .

പഠിച്ചു കൊണ്ടിരുന്നപ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാകുകയും തുടർന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ ആർ.എസ്.പി എന്ന വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി മാറുകയും ചെയ്തു അദ്ദേഹം.

കരിമണലിനെ വെല്ലുന്ന കറുപ്പ്, ഏത് ആൾക്കൂട്ടത്തിലും ഉയർന്നു നിൽക്കുന്ന ശിരസ്, കൈകൾ അല്‌പം തെറുത്ത് വച്ച ജുബ്ബ , ചാണക്യ സൂത്രജ്ഞനായ തന്ത്രശാലി ഇതെല്ലാമായിരുന്നു ബേബിജോൺ.

അക്കാലത്ത് മദ്ധ്യ തിരുവിതാംകൂറിൽ നിലനിന്നിരുന്ന മാടമ്പി രാഷ്ട്രീയത്തിനെതിരെ ബേബിജോൺ ഉയർത്തിയ ശബ്ദത്താൽ നാട്ടുപ്രമാണിത്തം കടപുഴുകി വീണത് ചരിത്രം. ആർത്തിരമ്പുന്ന തിരമാലകൾ പോലെ ഉരുണ്ടുവരുന്ന കുഴഞ്ഞ പ്രശ്നങ്ങൾക്കു മുന്നിൽ അക്ഷോഭ്യനായി നിന്ന് പരിഹാരം കാണുന്ന ബുദ്ധിമാൻ.

കരിമണൽ ശരീരത്തിലും ശ്വാസകോശത്തിലും പേറി ചുമച്ചുതുപ്പി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു വലിയ ജനസമൂഹത്തിനു നീതി ലഭിക്കാനും അവകാശ സമരങ്ങൾക്കു ചുക്കാൻപിടിക്കാനും ഒരു നേതൃനിരതന്നെ അദ്ദേഹത്തിന് പിന്നിൽ രൂപംകൊണ്ടു.

ഒ.എൻ. വി യുടെ ഓർമ്മകുറിപ്പിൽ ചവറയെപ്പറ്റി പരാമർശിക്കുന്നത് ഇപ്രകാരമാണ്. 'തന്റെ ജന്മഭൂമി എന്നതിലുപരി തനിക്കു അപൂർവമായ അറിവുകൾ പകർന്നുതന്ന ഗുരുകുലമാണ് ചവറ. മനുഷ്യാവകാശം എന്ന പദം ഞാൻ ആദ്യമായി കേട്ടതും ഈ കറുത്ത മണ്ണിൽ കുങ്കുമം വിതച്ച ഒരു സായംസന്ധ്യയിലാണ്. ചവറ തോടിന്റെ മറുകരയിലുള്ള മൊട്ടപ്പറമ്പിൽ ചുവന്ന കൊടിയുടെ കീഴിൽ കണ്ഠമിടറി പ്രസംഗിക്കുന്ന കണ്ണന്തോടത്തിന്റെയും ശ്രീകണ്ഠൻ നായരുടെയും ബേബി ജോണിന്റെയും വാക്കുകളിലൂടെയാണത് കേട്ടത്. ഞാൻ അകന്നു നിന്നു മാത്രമേ അവരെ ശ്രദ്ധിച്ചിട്ടുള്ളൂ. അടുത്തറിഞ്ഞവർ ഒരുപക്ഷേ മറന്നാലും ഈ ലോഹമണൽത്തരികൾ അവരെ മറക്കില്ലെന്ന് നിസംശയം ഉറപ്പിക്കാം.'

ജാതിമത രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ പാവങ്ങളെ സ്‌നേഹിച്ചിരുന്ന ആ വലിയ മനുഷ്യൻ അവരുടെ ആവശ്യങ്ങൾക്ക് ചെവി കൊടുത്ത് അവരിലൊരാളായി നിലയുറപ്പിച്ചതിലൂടെ തേവലക്കരകാർക്ക് ബേബി ഹാജിയും , നീണ്ടകരക്കാർക്ക് ബേബിച്ചായനും ചവറക്കാർക്ക് സഖാവ് ബേബിജോണുമായി രൂപാന്തരപ്പെട്ടു .

പല മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത ബേബിജോൺ ഫയലുകൾ ആഴത്തിൽപഠിച്ചു തീർപ്പു കല്‌പിക്കുന്നതിലും നിയമസഭയിൽ പ്രതിയോഗികളെ നിഷ്പ്രഭമാക്കുന്നതിലും കാണിച്ച പാടവം വരുംതലമുറയ്‌ക്ക് വെളിച്ചം വീശും.

ബേബി ജോൺ റവന്യു മന്ത്രിയെന്ന നിലയിൽ ഇന്ത്യക്കുതന്നെ മാതൃകയായ സമഗ്ര ഭൂപരിഷ്‌കരണ നിയമനിർമ്മാണത്തിനും തുടർന്നുള്ള നടപടിക്കും ചുക്കാൻപിടിച്ചു .

തൊഴിൽമന്ത്രിയായിരുന്ന ബേബിജോൺ കമ്മിറ്റികൂടി തത്വം പ്രസംഗിച്ചു പോകുന്ന മന്ത്രിയായിരുന്നില്ല. മറിച്ചു തൊഴിലാളികളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് അവരുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പിച്ച മന്ത്രിയായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തെ ഒരു തൊഴിലെന്ന നിലയിൽ കാണുന്നവരുടെ തള്ളിക്കയറ്റമാണ് പിൽക്കാലത്ത് രാഷ്ട്രീയ മൂല്യശോഷണത്തിനു നാന്ദികുറിച്ചത്.


സഹപ്രവർത്തകരോട് എന്നും ആദരവും സ്‌നേഹവും പുലർത്തിയിരുന്ന ബേബി ജോണിനെ ടി. കെ. ദിവാകരന്റെ ആകസ്മികമായ അന്ത്യം അക്ഷരാർത്ഥത്തിൽ തളർത്തിയിരുന്നു. ടി. കെയ്‌ക്കു ഉചിതമായ സ്മാരകം വേണമെന്ന നിർബന്ധബുദ്ധിയിൽ റവന്യൂ മന്ത്രിയായിരുന്ന ബേബി ജോൺ അന്നു കൊല്ലം മുൻസിപ്പൽ ചെയർമാനായിരുന്ന എൻ. തങ്കപ്പനുമായി കൂടിയാലോചിച്ച് കൊല്ലത്ത് പീരങ്കി മൈതാനത്തെ നെഹ്‌റു പാർക്കിന്റെ ഒരു ഭാഗം ടി.കെ യുടെ സ്മാരകത്തിനായി കണ്ടെത്തി. നാലു ദശകത്തോളം കൊല്ലത്തിന്റെ ഗതിവിഗതികളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന, ഇരുമുന്നണികൾക്കും സ്വീകാര്യനായ ബേബിജോണിനു കൊല്ലം പട്ടണത്തിൽ ഉചിതമായ ഒരു സ്മാരകം എന്ന ആശയം 15 വർഷം പിന്നിടുമ്പോഴും വെളിച്ചം കണ്ടിട്ടില്ല.


ലേഖകന്റെ ഫോൺ - 9847862420

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABY JOHN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.