എരുമപ്പെട്ടി: രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ഭർത്തൃവീടിന്റെ ബാൽക്കണിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ. എരുമപ്പെട്ടി പന്നിത്തടം മെഹഫിൽ മൻസിലിൽ കാവിലവളപ്പിൽ ഹാരിസിന്റെ ഭാര്യ ഷഫീന(28),മക്കളായ അജുവ (മൂന്ന്),അമൻ (ഒന്നര) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച രാത്രി 11നാണ് ഷഫീനയും മക്കളും വീട്ടിലെത്തിയത്. ഭർത്തൃമാതാവ് താഴത്തെ നിലയിലെ മുറിയിലും സഫീനയും മൂന്ന് കുട്ടികളും മുകൾനിലയിലെ മുറിയിലുമാണ് കിടന്നത്.ഇന്നലെ രാവിലെ മുറിയിൽ ഉമ്മയെയും സഹോദരങ്ങളെയും കാണാതായതോടെ ആറ് വയസുള്ള മൂത്തമകൾ ആയിന താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ മൂന്ന് പേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കത്തിക്കാനുള്ള മണ്ണെണ്ണ കൊണ്ടുവന്ന രണ്ട് കുപ്പികളും,ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറിയും കാർ പോർച്ചിൽ നിന്നും പൊലീസ് കണ്ടെത്തി. സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
റാസൽഖൈമയിൽ ജോലി ചെയ്യുന്ന ഷഫീനയുടെ ഭർത്താവ് ഹാരിസ് ആറ് മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. ഹാരിസിന്റെ ജ്യേഷ്ഠന്റെ കുടുംബാംഗങ്ങളും ഇവരുടെ ഉമ്മയും ഇവർക്കൊപ്പമാണ് താമസം. ജ്യേഷ്ഠന്റെ ഭാര്യയും കുഞ്ഞുങ്ങളും അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
തൃശൂർ കേച്ചേരി പുളിച്ചാറൻ വീട്ടിൽ ഹനീഫയുടെയും ഐഷയുടെയും മകളാണ് സഫീന. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പള്ളിക്കുളം ജുമാമസ്ജിദിൽ ഇന്ന് സംസ്‌കാരം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |