SignIn
Kerala Kaumudi Online
Tuesday, 19 March 2024 7.47 AM IST

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം ; വിജയകൃഷ്ണൻ

s

'പൊക്കമില്ലായ്മയാണ് എന്റെ പൊക്കം' എന്ന് ഉറക്കെ പറഞ്ഞ കുഞ്ഞുണ്ണി മാഷിന്റെ നാടാണിത്. 'എന്റെ പരിമിതികൾ ആണ് എന്റെ ഉയർച്ചയ്ക്ക് കാരണം' എന്നു പറയുന്ന വിജയകൃഷ്ണന്റേതു കൂടിയാണ് കേരളം. അത്ഭുതദ്വീപിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി വിജയകൃഷ്ണൻ ഇന്ന് ഹിറ്റു സിനിമകളുടെ ഭാഗമാണ്.

അത്ഭുതദ്വീപിലൂടെ അഭിനയരംഗത്തേക്ക്?

യു.പി സ്കൂളിൽ എന്നെ പഠിപ്പിച്ച ഒരു ടീച്ചറാണ് ഇങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന് എന്നോട് പറയുന്നത്. കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട് എന്നല്ലാതെ ആ സമയത്ത് എന്റെ സിനിമ മോഹങ്ങൾ ഒട്ടും തന്നെ സീരിയസ് ആയിരുന്നില്ല. പക്ഷേ ചെറുപ്പം മുതലേ സിനിമാ വാരികകളിൽ വന്നിരുന്ന സംവിധായകരുടെ അഡ്രസ് സൂക്ഷിച്ചുവയ്ക്കുമായിരുന്നു. അങ്ങനെയാണ് വിനയൻ സാറിന്റെ വീട്ടിലേക്ക് ഞാൻ ഒരു എഴുത്ത് അയക്കുന്നതും അതിലൂടെ ആ സിനിമയുടെ ഭാഗമാകുന്നതും.

അതിനുശേഷം ഒരു ചെറിയ ഇടവേള ഉണ്ടായല്ലോ?

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അത്ഭുതദ്വീപിൽ അഭിനയിക്കുന്നത്. അന്ന് മുതൽ സിനിമ മനസ്സിൽ ഉണ്ടെങ്കിലും അതിനു വേണ്ടി പൂർണ്ണമായും പരിശ്രമിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. അച്ഛന്റെ മരണവും അതിലൂടെ നിന്നുപോയ കുടുംബത്തിന്റെ വരുമാനവും കാരണം ആയിടയ്ക്ക് ചില സാമ്പത്തികപ്രശ്നങ്ങൾ കുടുബത്തെ ബാധിച്ചിരുന്നു. കൂടാതെ എനിക്ക് ആ സമയത്ത് ചില ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായി. അതിന്റെ പരിചരണവും സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള ഒരു കാരണമായി എന്നു പറയാം. അതുകൊണ്ടൊക്കെ തന്നെ പത്തിലെ പരീക്ഷയും രണ്ടു വർഷം കഴിഞ്ഞാണ് എഴുതിയത്. അങ്ങനെ ആ സമയത്ത് ചെറിയ ചില ജോലികൾക്കൊക്കെ പോയിത്തുടങ്ങി.

ഹൃദയം ഒരു വലിയ ബ്രെയ്ക്ക് ആയിരുന്നു?

എന്റെ പ്രൊഫഷണൽ കരിയർ നോക്കുകയാണെങ്കിൽ ഹൃദയത്തിനു മുൻപും ഹൃദയത്തിനു ശേഷവും എന്ന തരം തിരിക്കാൻ പറ്റും. വിവേകാണ് വിനീതേട്ടന് എന്റെ ചിത്രം അയച്ചുകൊടുക്കുന്നത്. ഞങ്ങൾ തമ്മിൽ കാണുകയും ചെയ്തു. ആ ഇടയ്ക്കാണ് എന്റെ അമ്മ മരിക്കുന്നത്. അതുകഴിഞ്ഞ് ആറുമാസത്തിനു ശേഷമാണ് ഹൃദയത്തിൽ അഭിനയിക്കാനുള്ള ക്ഷണം കിട്ടുന്നത്. എന്റെ വിഷമഘട്ടത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷമായിരുന്നു ഹൃദയത്തിലെ ആ വേഷം.

എന്റെ പരിമിതികളാണ് എന്റെ പടവുകൾ എന്നു പറയുന്ന വിജയകൃഷ്ണൻ?

എന്നെപ്പോലെയുള്ള ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ പലരും ഇപ്പോഴും ഉയരക്കുറവിന്റെ പേരിലോ മറ്റ് എന്തെങ്കിലും ശാരീരിക പ്രശ്നങ്ങളുടെ പേരിലോ വീടിനുള്ളിൽ അടച്ചിരിക്കുകയാണ്. അതിന് കാരണമാകട്ടെ നമ്മുടെ സമൂഹത്തിലുള്ള ഒരു വിഭാഗം ആളുകളുടെ പെരുമാറ്റവും. പുറത്തേക്കിറങ്ങുമ്പോൾ ഞാനും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ചിലർ ദൂരെ മാറി നിന്ന് നമ്മെ സഹതാപത്തോടെ നോക്കി നിൽക്കും. മറ്റുചിലർ അവരുടെ കുട്ടികളോട് കാഴ്ച ബംഗ്ലാവിലെ വസ്തുവിനെ പോലെ ചൂണ്ടി കാണിച്ചു സംസാരിക്കും. സത്യത്തിൽ അതൊക്കെ വളരെ മോശമായ കാര്യങ്ങളല്ലേ? പലപ്പോഴും അതൊക്കെ അരോചകമായി തോന്നിയിട്ടുമുണ്ട്. അതിനു പകരം അവർ കുട്ടികളോട് 'ആ ചേട്ടനോട് ഒന്ന് പോയി സംസാരിക്കൂ' എന്നു പറഞ്ഞ് കുട്ടികളെ അടുത്തേക്ക് കൊണ്ടുവന്നാൽ എത്ര സന്തോഷം ആയേനെ. അതായത് സമൂഹത്തിന്റെ സിമ്പതിയ്ക്ക് പകരം പിന്തുണയാണ് ഞങ്ങളെപ്പോലെ പലരും ആഗ്രഹിക്കുന്നത്. സിമ്പതി വേണ്ട എന്നല്ല. പകരം അനാവശ്യ സന്ദർഭങ്ങളിലെ സിമ്പതി ഒഴിവാക്കികൊണ്ട് ഈ സമൂഹം എല്ലാവരെയും ഒരു പോലെ പരിഗണിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹമാണ് എപ്പോഴുമുള്ളത്. ഒരുപക്ഷേ അതിലൂടെ മുറിയ്ക്കുള്ളിൽ അടച്ചിരിക്കുന്ന ചിലർ കൂടി പുറത്തേക്ക് വരാൻ കാരണമായെങ്കിൽ അതും നല്ലതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പിന്നെ ഉയരക്കുറവിന്റെ പേരിലുള്ള കളിയാക്കലുകൾ അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതോടൊപ്പം എന്നെ ചേർത്തു നിർത്തുന്ന ഒരുപാട് പേരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. എല്ലാത്തിനെയും പോസിറ്റീവ് ആയിട്ടാണ് ഞാൻ കാണാൻ ശ്രമിക്കുന്നത്. എന്റെ രൂപത്തിലുള്ള വ്യത്യാസം കൊണ്ടാണല്ലോ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചെയ്യാൻ ആഗ്രഹമുള്ള വേഷങ്ങൾ ഒരുപാടു ഉണ്ടാകുമല്ലോ?

തീർച്ചയായും. വിജയ കൃഷ്ണൻ എന്നയാളിലെ നടനെ അടയാളപ്പെടുത്തുന്ന തരം ചിത്രങ്ങളുടെ ഭാഗമാകാനും അതിലൂടെ നല്ല വേഷങ്ങൾ ചെയ്യാനും എപ്പോഴും ആഗ്രഹിക്കാറുണ്ട്. പലപ്പോഴും പല സംവിധായകരോടും ചോദിക്കുമ്പോഴും അവർ പറയുന്ന ഒരു കാര്യം വിജയ്ക്ക് പറ്റിയ ഒരു വേഷം ഇതിൽ ഇല്ല എന്നുള്ളതാണ്. അവർ അതിൽനിന്നും ഉദ്ദേശിക്കുന്നത് എന്റെ പൊക്കമില്ലായ്മയെ ആണോ എന്നറിയില്ല. വിജയകൃഷ്ണൻ എന്നയാൾ ഒരു നടൻ എന്ന രീതിയിൽ പൊക്കത്തിന്റെ മാത്രം ബേസിൽ മാത്രം അളക്കപ്പെടുകയാണോ എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. എനിക്ക് ചുറ്റുമുള്ളവർക്കിടയിൽ അത് അങ്ങനെയല്ല എന്ന് എനിക്ക് ഉറപ്പാണ്. അത് തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ധൈര്യവും. ഇന്ന് സിനിമയിലെ പൊളിറ്റിക്കൽ കറക്ട്നസ് ചർച്ച ചെയ്യുമ്പോൾ അതോടൊപ്പം തന്നെ ഈ സമൂഹത്തിലുള്ള എന്നെപ്പോലെയുള്ള ചിലരെ കൂടി പരിഗണിക്കുന്ന ആരോഗ്യപരമായ ചർച്ചകളും അതുമായി ബന്ധപ്പെട്ട സിനിമകളും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.

'ഹൃദയം', 'പ്രകാശൻ പറക്കട്ടെ', 'മാളികപ്പുറം' പോലെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണല്ലോ?

വലിയ സന്തോഷമാണത്. ചെയ്യുന്ന കഥാപാത്രത്തോട് നൂറുശതമാനവും നീതി പുലർത്തണം എന്നാണ് ആഗ്രഹിക്കാറുള്ളത്. അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. യാദൃശ്ചികം എന്ന് മാത്രമേ പറയാൻ പറ്റുന്നുള്ളൂ. വലിയ ഹിറ്റുകള ഭാഗമാകുമ്പോൾ കിട്ടുന്ന അംഗീകാരവും സ്വീകാര്യതയും ഇപ്പോൾ ആസ്വദിക്കുന്നുണ്ട്.

പുതിയ ചിത്രങ്ങൾ

'മോമോ ഇൻ ദുബായ്', 'വേദ', സുനിൽ ഇബ്രാഹിം സാറിന്റെ പുതിയ ചിത്രം, 'നമുക്ക് കോടതിയിൽ കാണാം', 'പ്രതിഭാ ട്യൂട്ടോറിയൽ', 'ഹാപ്പി ന്യൂ ഇയർ', 'ജോയ് ഫുൾ എൻജോയ്'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.