• കീഴ്ക്കാവിന് മുന്നിലെ സംരക്ഷണഭിത്തി തകർന്ന് കുളത്തിലേക്ക് വീണിട്ട് ഒമ്പതുമാസം
ചോറ്റാനിക്കര: ലക്ഷങ്ങൾ എത്തുന്ന മകം തൊഴൽ മഹോത്സവത്തിന് ഒരു മാസം മാത്രം ശേഷിക്കെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കീഴ്ക്കാവിൽ വൻ അപകട ഭീഷണി.
കീഴ്ക്കാവിലെ നടപ്പന്തലിന്റെ സംരക്ഷണഭിത്തി ഒമ്പതുമാസം മുമ്പ് ഇടിഞ്ഞ് ആറാട്ട് കുളത്തിലേക്ക് വീണതിനെത്തുടർന്ന് അമ്പതടി നീളമുള്ള കോൺക്രീറ്റ് നടപ്പന്തൽ അപകടകരമായ സ്ഥിതിയിലാണ്. തറനിരപ്പിൽനിന്ന് മുപ്പത് അടിയോളം താഴ്ചയിലാണ് കുളം. അസ്ഥിവാരം പുറത്തുകാണാവുന്ന രീതിയിലായ ഭാഗം ആറു മാസമായി മണൽ ചാക്ക് വച്ച് വലിയ ഷീറ്റിട്ട് മൂടിയിട്ടിരിക്കുകയാണ്.
മാർച്ച് ആറിനാണ് ക്ഷേത്രത്തിലെ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന പ്രസിദ്ധമായ മകംതൊഴൽ മഹോത്സവം. അതിന് മുമ്പേ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദുരന്തസാദ്ധ്യതയുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് ചുറ്റുമതിലും സ്റ്റീൽ ഗ്രില്ലും കുളത്തിലേക്ക് വീണത്. മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ ജീവനക്കാർ മുളയും കമ്പിവേലിയും കെട്ടി തിരിച്ചിരുന്നതിനാൽ അന്ന് ആളപായമൊന്നും ഉണ്ടായില്ല. വലിയ ശബ്ദത്തോടെ ഭിത്തി ഇടിഞ്ഞു താഴേക്ക് വീഴുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.
വിശേഷദിനങ്ങളിൽ ദർശനസമയം നൂറുകണക്കിന് ഭക്തർ കീഴ്ക്കാവിലമ്മയെ ഇവിടെ നിന്ന് തൊഴുന്നുണ്ടാകും. അല്ലാത്തപ്പോഴും ഭക്തർ ഇവിടെ ഭജനയിരിക്കാറുണ്ട്. ഉടൻ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കുമെന്ന് അന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും പാഴ്വാക്കായി. ദേവസ്വം ബോർഡിന്റെ കാലാവധിയും കഴിഞ്ഞു. പുതിയ ബോർഡ് നിലവിൽ വന്നിട്ടുമില്ല. ഇപ്പോൾ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അത് കഴിഞ്ഞ് ഒരു മാസത്തിനുള്ള പണിതീർക്കൽ എളുപ്പവുമല്ല. കാക്കനാട് കരിമുകളിലെ എ.എഫ്. എ.എഫ് കൺസ്ട്രക്ഷനാണ് കരാർ.
# ചോറ്റാനിക്കര കീഴ്ക്കാവിലെ സംരക്ഷണഭിത്തി നിർമ്മാണം ഓൺലൈൻ ഓൺലൈൻ ടെണ്ടറിലൂടെ ഉറപ്പിച്ചിട്ടുണ്ട്. 20 ലക്ഷത്തിനു മുകളിലെ പ്രവൃത്തിയായതിനാൽ ഹൈക്കോടതിയുടെ അനുമതി കാക്കുകയാണ്. മകംതൊഴലിന് മുമ്പ് പണി പൂർത്തിയാക്കാനാകുമെന്ന് കരുതുന്നു.
പി.ഡി.ശോഭന, സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ്
# നിർമ്മാണം പൂർത്തിയാകാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരും. ടിപ്പർ, ക്വാറി, ക്രഷർ സമരങ്ങൾ നടക്കുന്നതിനാൽ നിർമ്മാണ സാമഗ്രികൾ കിട്ടാനില്ല.
ജബ്ബാർ കരിമുകൾ, ഉടമ
എ.എഫ്. എ.എഫ് കൺസ്ട്രക്ഷൻ
അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടി വേണം. ഭക്തരുടെ പണത്തിനോട് മാത്രമാണ് കൊച്ചിൻ ദേവസ്വം ബോർഡിന് താത്പര്യം.
ഡി. വിശ്വനാഥൻ, ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി, ചോറ്റാനിക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |