#രാഷ്ട്രീയ ബന്ധം നോക്കി ആരെയും കേസിൽ നിന്നൊഴിവാക്കില്ലെന്ന് മന്ത്രി രാജേഷ്
തിരുവനന്തപുരം:മയക്കു മരുന്ന്കേസിലെ പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും, പാർട്ടി നേതാക്കളെ സംരക്ഷിക്കാൻ കേസുകൾ അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷം ഉന്നയിച്ച ആരോപണം.നിയമസഭയിൽ ഇന്നലെ ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ ബഹളത്തിനും, ചൂടേറിയ വാക്പോരിനും ഇടയാക്കി.
സി.പി.എം നഗരസഭാംഗം ഷാനവാസിന്റെ ലോറിയിൽ നിന്ന് കരുനാഗപ്പള്ളിയിൽ ഒരു കോടിയുടെ ലഹരി മരുന്നു പിടിച്ച കേസിൽ അന്വേഷണം അട്ടിമറിക്കുന്നതായി, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസിലെ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണമാണ് ഏറ്റുമുട്ടലിനിടയാക്കിയത്.സി.പി.എമ്മിലെ
ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലെ ചവിട്ടുപടി കയറുന്നത് മയക്കുമരുന്ന് മാഫിയയുടെ പണം ഉപയോഗിച്ചാണെന്നും കുഴൽനാടൻ പറഞ്ഞതോടെ, ഭരണപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷവും എഴുന്നേറ്റതോടെ വാഗ്വാദമായി. പ്രാദേശിക രാഷ്ട്രീയ നേതൃത്വം ലഹരി മരുന്ന് കച്ചവടത്തിന് കുട പിടിക്കുകയാണെന്നും, കാരിയർമാരെ മാത്രം പിടിച്ച് മയക്കുമരുന്ന് കേസുകൾ ഒതുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
എന്നാൽ,രാഷ്ട്രീയബന്ധം നോക്കി ആരെയും പ്രതിയാക്കുകയോ, ഒഴിവാക്കുകയോ ചെയ്യില്ലെന്നും, അന്വേഷണം അട്ടിമറിക്കുന്ന രീതി സർക്കാരിനില്ലെന്നും മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. കരുനാഗപ്പള്ളിയിൽ പിടിച്ചത് പല സംസ്ഥാനങ്ങളിലും വിൽപ്പനാനുമതിയുള്ളതും കേരളത്തിൽ നിരോധിച്ചതുമായ പുകയില ഉത്പ്പന്നങ്ങളാണ്.ഇത് കടത്തിക്കൊണ്ടുവന്നത് ഷാനവാസ് വാടകയ്ക്ക് നൽകിയ ലോറിയിലാണ്. ഷാനവാസിനെ പ്രതിയാക്കാൻ തെളിവു കിട്ടിയിട്ടില്ല. പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിയാക്കും.പ്രതിപക്ഷത്തിന് അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ തിമിരമാണ്. മയക്കുമരുന്ന് കേസുകളിൽ ഏറ്റവും ശിക്ഷാനിരക്ക് കേരളത്തിലാണ് (98.9%). മയക്കുമരുന്ന് വിപത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഷിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെ ആംബുലൻസിൽ ലഹരി കടത്തിയതിന് വാഹന ഉടമയെ പ്രതിയാക്കണോയെന്ന് രാജേഷ് ചോദിച്ചതോടെ, പ്രതിപക്ഷത്ത് ബഹളമായി. അത് ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നമാണെന്നും, മന്ത്രിയുടെ പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അടിയന്തരപ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കരുനാഗപ്പള്ളി കേസിൽ പ്രതികൾ അറസ്റ്റിലായ ശേഷം, പഴയ തീയതിയിൽ ലോറി വാടകക്കരാറുണ്ടാക്കിയെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. പൊലീസ് അന്വേഷണത്തിനിടെ മന്ത്രി സജി ചെറിയാന് ഷാനവാസ് പ്രതിയല്ലെന്ന് എങ്ങനെ മനസിലായി? .സ്വന്തം ആളെ സംരക്ഷിക്കാനുള്ള യജമാനന്റെ വെപ്രാളമാണിതെന്നും കുഴൽനാടൻ പറഞ്ഞു. ഒരു കോടിയുടെ ലഹരി പിടിക്കുന്നതിന് മുൻപ് ഷാനവാസിന്റെ ജന്മദിനാഘോഷത്തിൽ ഈ കേസിലെ പ്രതികൾ പങ്കെടുത്തെന്ന് വി.ഡി.സതീശൻ പറഞ്ഞു. ക്രിമിനൽ, ക്വട്ടേഷൻ മാഫിയയുമായി ഷാനവാസിന് അവിശുദ്ധ ബന്ധമുണ്ടെന്നും, ഇതിലൂടെയുള്ള പണം ബിനാമി ബിസിനസുകൾക്കുപയോഗിക്കുന്നുവെന്നും, നിലയ്ക്കുനിറുത്തിയില്ലെങ്കിൽ സർക്കാരിന് അവമതിപ്പുണ്ടാവുമെന്നുമുള്ള സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് സതീശൻ സഭയിൽ വായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |