SignIn
Kerala Kaumudi Online
Friday, 02 October 2026 4.09 PM IST

റിട്ട. അദ്ധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് ആഭരണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

vasantha
തലയ്ക്കടിയേറ്റ് മരണപ്പെട്ട വസന്ത, അറസ്റ്റിലായ ജയരാജൻ.

  • മതിൽ ചാടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്

വാടാനപ്പിള്ളി (തൃശൂർ) : ഗണേശമംഗലത്ത് തനിച്ചുതാമസിക്കുന്ന റിട്ട. അദ്ധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് സ്വർണാഭരണം മോഷ്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പൊലീസ്. സീപേൾ ബാറിന് സമീപം വാലിപറമ്പിൽ വസന്തയെ (76) കൊലപ്പെടുത്തിയ കേസിലാണ് ഗണേശമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് മൂത്താംപറമ്പിൽ ജയരാജനെ (68 മണി ) പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു കൊലപാതകം. ഏറെ വർഷം മുമ്പേ ഭർത്താവുമായി വേർപിരിഞ്ഞ വസന്ത ഇരുനില വീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസിയെത്തി നോക്കിയപ്പോൾ ഒരാൾ മതിൽ ചാടി പോകുന്നത് കണ്ടു. ഇയാൾ ഓടിപ്പോകുന്നത് കണ്ട് വഴിയേ പോയ മത്സ്യതൊഴിലാളി തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. ഇതിനിടെ മൊബൈലിൽ അയാളുടെ ഫോട്ടോയുമെടുത്ത് വിട്ടയച്ചു.

സംശയം തോന്നിയ അയൽവാസി വീടിന്റെ മതിൽക്കെട്ടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് പിൻഭാഗത്ത് വസന്തയെ മരിച്ച നിലയിൽ കണ്ടത്. വസന്ത പല്ലുതേച്ച് നിൽക്കുമ്പോഴാണ് പ്രതി അകത്ത് കയറിയത്. വിവരം അറിയിച്ചതോടെ വാടാനപ്പിള്ളി പൊലീസ് ജയരാജനെ കസ്റ്റഡിയിലെടുത്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചു. പൊലീസ് വിരലടയാളമെടുത്ത് പരിശോധിച്ചപ്പോഴാണ് കൊല ചെയ്തത് ജയരാജനാണെന്ന് തിരിച്ചറിഞ്ഞത്. ഈ സമയം വസന്ത അണിഞ്ഞിരുന്ന മാല നഷ്ടപ്പെട്ടിരുന്നു. മോതിരം മാത്രമാണ് ഉണ്ടായിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കാണാതായ വസന്തയുടെ മാല, ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. മോഷണത്തിനായാണ് കൊല ചെയ്തതെന്ന് ജയരാജ് പൊലീസിനോട് പറഞ്ഞു.

മൽപ്പിടുത്തത്തിലാണ് വസന്തയ്ക്ക് തലയ്ക്കടിയേറ്റത്. നെഞ്ചിലും മാന്തിയ പാടുണ്ടായിരുന്നു. വയറ്റിൽ കുത്തുമേറ്റു. മൃതദേഹം വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് ഉച്ചയോടെ പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയത്. കൊല ചെയ്ത ശേഷം ജയരാജൻ ബക്കറ്റിൽ ചവിട്ടി മതിൽ ചാടിയാണ് രക്ഷപെട്ടത്. മതിൽ ചാടി ഇയാൾ പോകുന്നത് അയൽവാസിയും മത്സ്യത്തൊഴിലാളിയും കണ്ടതാണ് നിർണ്ണായകമാണ്. അതിനാൽ മണിക്കൂറുകൾക്കുള്ളിൽ കൊലയാളിയെ പിടികൂടാനായി. റൂറൽ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രെ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ എന്നിവർ സ്ഥലത്തെത്തി. ആറ് വർഷം മുമ്പാണ് വസന്ത തന്റെ സ്ഥലത്ത് ഇരു നില വീട് നിർമ്മിച്ചത്. സമീപമുള്ള ഇവരുടെ ബന്ധുവീട്ടിലേക്കാണ് ജയരാജന്റെ മകളെ വിവാഹം ചെയ്തയച്ചത്. പിന്നീട് മകളും മരുമകനും വേർപിരിഞ്ഞു. വസന്ത സ്വർണാഭരണം അണിയുന്നതും ഇവരുടെ കൈവശം പണമുള്ളതുമെല്ലാം ജയരാജന് നന്നായി അറിയാം. ഇതാണ് കൊലപാതകത്തിന് വഴിയൊരുക്കിയത് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA