SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ഗ്ലാമർ ലോകത്തെ ഗൾഫ് റാക്കറ്റ്

d

ട്ടിപ്പിന്റെ 'ആടു തേക്കു മാഞ്ചിയം" കാലം മുതൽ ഇരപക്ഷത്ത് മലയാളികളുണ്ട്. മണിചെയിനായും വിദേശ റിക്രൂട്ട്മെന്റായും സോളാറായും ഇരട്ടിലാഭമായും പാതിവിലത്തട്ടിപ്പായും ലോൺ ആപ്പായും ചൂഷണം തുടരുകയാണ്. പാഠം എത്ര പഠിച്ചിട്ടും ഇതിനൊരു അറുതിയില്ല. മോഹന വാഗ്ദാനങ്ങളിൽപ്പെട്ട് മലയാളികൾ ആപ്പിലാകും. മറഞ്ഞിരുന്ന് ഓപ്പറേഷൻ നടത്താൻ, ഇന്റർനെറ്റിന്റേയും സ്മാർട് ഫോണിന്റേയും സോഷ്യൽ മീഡിയയുടേയും വ്യാപനം തട്ടിപ്പുകാർക്ക് അനുഗ്രഹമായി. ഓരോ പദ്ധതിയും പൊളിയുമെന്നായാൽ ചൂഷകർ പുതിയ തന്ത്രവുമായി വരും. അതിന്റെ പുതിയ പതിപ്പായിരുന്നു ഡിജിറ്റൽ അറസ്റ്റ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അതിൽത്തന്നെ പുതിയ വേർഷനുകളുണ്ടായി. കസ്റ്റംസായും സി.ബി.ഐ ആയും ആധാർ അതോറിട്ടിയുമായുമെല്ലാം ക്രിമിനലുകൾ ആൾമാറാട്ടം നടത്തിയെത്തി. ഇതെല്ലാം സാമ്പത്തിക തട്ടിപ്പാണെങ്കിൽ, ശാരീരിക ചൂഷണവും മറുഭാഗത്ത് തുടരുകയാണ്. മനുഷ്യക്കടത്ത്, പെൺവാണിഭം, തൊഴിൽ പീഡനം എന്നിങ്ങനെ. ജീവിതം സുരക്ഷിതമാകുമെന്ന ധാരണയിൽ ഇത്തരം തട്ടിപ്പുകളിലേക്കും വഴുതി വീഴുന്നവരേറെ. ഇത്തരം തട്ടിപ്പുകൾക്കും വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന പുതിയ വേർഷനുകൾ വന്നുകഴിഞ്ഞു. അതിലൊന്നാണ് കൊച്ചിയും ദുബായും കേന്ദ്രീകരിച്ച് നടന്ന 'ഫാഷൻ ഷോ" സെക്സ് റാക്കറ്റ് കേസ്. അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്.

മോഡലിംഗിലെ ചതി

ഗൾഫിലെ സെക്സ് റാക്കറ്റിന്റെ പ്രധാന ഏജന്റ് ഗുരുവായൂർ സ്വദേശിയും പ്രവാസിയുമായ സ്റ്റോയ്സിയെന്ന സിന്ധുവാണെങ്കിൽ യുവതികളെ വലയിൽ വീഴ്ത്തുന്നതിന്റെ സൂത്രധാര തിരുവനന്തപുരം സ്വദേശിയായ മോഡൽ 23കാരി അലീന എബ്രഹാമായിരുന്നു. ഫാഷൻ വർക്ക്‌ ഷോപ്പിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് ഇരകളെ ദുബായിൽ എത്തിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാഷൻ ഷോയിൽ മികച്ച അവസരം കിട്ടുമെന്നും അലീന പ്രചരിപ്പിച്ചിരുന്നു. ഇതിനായി പ്രമോഷൻ വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എട്ട് മലയാളി മോഡലുകളെ ഇവർ ഭീഷണിപ്പെടുത്തി പലർക്കായി കാഴ്ചവച്ചു. ഇതിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചു. കൂടുതൽ ഇരകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്. സിന്ധു, അലീന എന്നിവർക്കു പുറമേ ഇടനിലക്കാരിയായ മഞ്ജിമയെന്ന പൊന്നാനിക്കാരിയും ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മോഡലിംഗിൽ നല്ല ഭാവി പ്രതീക്ഷിച്ച് സംഘത്തിന്റെ കെണിയിൽപ്പെട്ടവരെ

ബർ ദുബായിലെ ഫ്‌ളാറ്റിലെത്തിച്ചാണ് പലർക്കായി കാഴ്ചവച്ചിരുന്നത്. മയക്കുമരുന്ന് കലർത്തി ബോധരഹിതരാക്കിയും പീഡിപ്പിച്ചു. നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. അസാന്മാർഗിക ജീവിതമാണ് നയിക്കുന്നതെന്ന ആരോപണവുമായി പ്രതികൾ തന്നെ ഈ ചിത്രങ്ങൾ ഇരകളുടെ ബന്ധുക്കൾക്കയച്ചു. ചിലരുടെ പാസ്‌പോർട്ടും ഫോണും വാങ്ങിവച്ചു. ഒരു മാസത്തെ ക്രൂരപീഡനത്തിന് ശേഷം രക്ഷപ്പെട്ട ഫോർട്ടുകൊച്ചി സ്വദേശിനി പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. സിന്ധുവിന്റെ മക്കൾ ദുബായിൽ നടത്തുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തേയും പെൺവാണിഭത്തിന് മറയാക്കി.

ഗുണ്ടാ ബന്ധം

സെക്സ് റാക്കറ്റ് കേസിലെ പ്രതിയായ അലീന കുറച്ചുനാൾ മുമ്പ് മറ്റൊരു കേസിലും അറസ്റ്റിലായിരുന്നു. ഗുണ്ടാ നേതാവായ ഔറംഗസേബിനൊപ്പം വൈറ്റിലയിലെ ബാറിൽ മദ്യപിച്ച് ഭീഷണി മുഴക്കിയതിനായിരുന്നു ഇത്. ഇപ്പോഴത്തെ പെൺവാണിഭക്കേസിലും ഔറംഗസേബിന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പരാതിക്കാരിക്ക് അലീന അയച്ച ശബ്ദസന്ദേശത്തിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. യുവതി മൊഴി നൽകാൻ തീരുമാനിച്ചപ്പോഴാണ് ഭീഷണിയുണ്ടായത്. 'കൂടെ നിന്നുള്ള ചതിയാണിത്. എന്ത് ഉടായിപ്പ് കാണിച്ചാലും ഞാൻ അത് വിടുമായിരിക്കും, പക്ഷേ, അയാൾ പണി തന്നിരിക്കും..." എന്നായിരുന്നു സന്ദേശം. അതിനിടെ ഇൻസ്റ്റഗ്രാം വീഡിയോയുമായി ഔറംഗസേബ് രംഗത്തുവന്നു. യുവതികളെ വിദേശത്തെത്തിച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്. പരാതിക്കു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും ഇയാൾ ആരോപിച്ചു. പരിപാടിയിൽ പങ്കെടുത്ത താരങ്ങളെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ചോദിച്ചു. തുടർന്ന് ഔറംഗസേബിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഒന്നാം പ്രതി സിന്ധുവിന്റെ വാട്സാപ്പ് ചാറ്റുകളെന്നു കരുതുന്ന സ്‌ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചിരുന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പിന്നാലെ തുക പറഞ്ഞ് ഡീൽ ഉറപ്പിച്ചു. ചിത്രങ്ങളയച്ചതിനു പിന്നാലെ പെൺകുട്ടികൾക്ക് റേറ്റ് എത്രയെന്ന് ചോദിക്കുന്നതും 6000 എന്ന് മറുപടി നൽകുന്നതും, 3000 അവളുടെ കയ്യിൽ കൊടുക്കണമെന്ന സിന്ധുവിന്റെ നിർദ്ദേശവുമാണ് ഇതിൽ കാണുന്നത്. ലൈംഗിക ചൂഷണത്തിന് 25,000രൂപയാണ് ഓരോ തവണയും റാക്കറ്റിനു ലഭിച്ചിരുന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഫാഷൻ ശില്പശാലയെന്ന വ്യാജേന യുവതികളെ ദുബായിൽ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയ കേസിലെ അന്വേഷണം സിനിമാ-സീരിയൽ താരങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി സിന്ധുവിന്റെ മക്കൾ നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ചില താരങ്ങളുമായി ബന്ധമുണ്ട്. ഇവർ മുഖേന യുവതികളെ സ്വാധീനിച്ചാണോ ദുബായിൽ എത്തിച്ചതെന്ന് പൊലീസ് പരിശോധിക്കും. കരിയറും സമ്പാദ്യവും മെച്ചപ്പെടുത്താനുള്ള ഓരോ നിറംപിടിപ്പിച്ച വാഗ്ദാനങ്ങൾക്കു പിന്നിലും വലിയ ചതിക്കുഴികളുണ്ടാകാം. ആധികാരികത ഉറപ്പാക്കാനായില്ലെങ്കിൽ പ്രലോഭനങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതാണ് ഉചിതമെന്ന് ഏവരും തിരിച്ചറിയണം. എങ്കിൽ തട്ടിപ്പുകാരെ നമുക്കുതന്നെ ഒരുപരിധി വരെ പരാജയപ്പെടുത്താനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY