SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

വായനാശീലവും കൈയിലെ പെൻസിലും

d

ശുഭമായി വരുന്നതെല്ലാം ശുഭം തന്നെ എന്നൊരു ഇംഗ്ലീഷ് ചൊല്ലുണ്ട്. All is well that ends well. കേരളത്തി​ന്റെ പുതിയ മുഖ്യമന്ത്രി വി​.ഡി​.സതീശന്റെ ഗുണഗണങ്ങൾ വിവരിക്കുന്നതിൽ മാദ്ധ്യമങ്ങളി​ൽ വലിയൊരു വാശി തന്നെ ദർശിക്കാം. അപ്പോഴും അധികമാരും പരാമർശിക്കാത്ത ഒരു സ്വഭാവ വൈശിഷ്ട്യത്തെപ്പറ്റി കേരളകൗമുദി​യി​ൽ വായിച്ചു. വി.ഡി.സതീശന്റെ വായനാശീലവും എപ്പോഴും അദ്ദേഹം ഒരു പെൻസിൽ കൊണ്ടുനടക്കുന്നതി​നെയും കുറി​ച്ചായി​രുന്നു അത്. വായിക്കുമ്പോൾ മാത്രമല്ല, പ്രസക്തമോ പ്രധാനമോ ആയ ആശയപ്രകടനം ശ്രദ്ധയിൽപ്പെട്ടാലും അദ്ദേഹം പെൻസിലിനാൽ കുറിക്കുന്നയാളാണ്.


വായനയോളം വലിയ ഗുരുവില്ല എന്ന സന്ദേശം ഞാൻ എപ്പോഴും ബന്ധപ്പെടുത്തുന്നത് ഒരു വിശ്വമഹാഗുരുവിനോടാണ്. ഒരു തുണ്ട് കടലാസും ഒരു ചെറിയ പേനയും ചെറുതായൊരു കോറലും എങ്ങനെയാണ് ജനാധിപത്യത്തിന്റെ നാരായവേരാവുന്നത് എന്ന് ലോകത്തോട് വിവരിച്ചത് ലോകത്തിലെ തന്നെ പ്രശസ്തനായ പ്രധാനമന്ത്രിയായിരുന്ന
വിൻസ്റ്റൻ ചർച്ചിലാണ്.

ചർച്ചിൽ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം വലിയ വായനക്കാരനുമായിരുന്നു. ഇംഗ്ലണ്ടിന്റെ ചരിത്രം എന്ന ഒരു വിപുലമായ ഗ്രന്ഥം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിമനോഹരമായ ഇംഗ്ലീഷ് ഭാഷാശൈലി. ചർച്ചിലിനെപോലെ തന്നെ വലിയ വായനക്കാരനായിരുന്നു ഇന്ത്യയിലെ പരമഭരണാധികാരിയായിരുന്ന വൈസ്രോയി പ്രഭുവും. എപ്പോഴും ഉണ്ടാവും കൈയിലൊരു പുസ്തകവും ഒരു പെൻസിലും. പുസ്തകവായന തുടരുമ്പോൾ അചുംബിതാശയങ്ങളോ, അതിചിന്ത വഹിക്കുന്ന വിവരങ്ങളോ ഉണ്ടെങ്കിൽ, പേജിന്റെ പാർശ്വഭാഗത്ത് വളരെ നേരിയ ഒരു രേഖ വരയ്ക്കും. ഈ ശീലം പല വലിയ വായനക്കാരുടെ കൂടെയും ഉണ്ടായിരുന്നു.


ഇന്ത്യാ മഹാരാജ്യം ഇംഗ്ലീഷുകാർ അടക്കി വാഴാൻ തുടങ്ങിയപ്പോൾ വേനൽക്കാലത്ത് കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സുഖശീതളമായ വേനൽക്കാല തലസ്ഥലമായി കണ്ടെത്തിയത് സിംലയാണ്. പരമോന്നത ഭരണാധികാരിയായ വൈസ്രോയിക്കായി അതിമനോഹരമായ വലിയൊരു കൊട്ടാരമാണ് പണിതുണ്ടാക്കിയത്.

ഗാംഭീര്യവും മനോഹാരിതയും നിറഞ്ഞ തന്റെ മുറിയിൽ ചെറിയൊരു കാര്യം മാത്രമാണ് അവിടെ കൂടുതലായി ഒരുക്കാൻ വൈസ്രോയി കഴ്‌സൺ പ്രഭു നിർദ്ദേശിച്ചത്. ഏതെങ്കിലും ഒരു മൂലയ്ക്ക് പുസ്തകങ്ങളും പെൻസിലുകളും വയ്ക്കാൻ ചെറിയൊരു മേശയും കസേരയും വേണമെന്നായിരുന്നു ആ നിർദ്ദേശം. വായനാവേളയിൽ പ്രഭുവിന്റെ കൈയിൽ
പെൻസിൽ ഉണ്ടാകും. പ്രധാന ഭാഗങ്ങളും വരികളും രേഖപ്പെടുത്താൻ.

വായിച്ചു പോകുന്ന പേജുകളിൽ പ്രധാന ഭാഗങ്ങളിൽ അടയാളപ്പെടുത്താൻ പെൻസിൽ കൈയിൽ വയ്ക്കുന്നത് എന്റെയും ശീലമായിരുന്നു. പുസ്തകം മടക്കി കൊടുക്കുമ്പോൾ ലൈബ്രേറിയൻ സ്‌നേഹമുള്ള സ്വരത്തിൽ ശാസിച്ചിരുന്നു, എല്ലാ വായനക്കാരും അങ്ങനെ കോറിയിട്ടാൽ പുസ്തകം പിന്നീട് വായിക്കാൻ പറ്റില്ലല്ലോ? അപ്പോഴും ആ ശീലം മാറ്റാൻ എനിക്കു കഴിഞ്ഞില്ല. ഇപ്പോഴും ആ 'ദുശ്ളീലം' തുടരുന്നു. എന്റെ കുറവുകൾ ക്ഷമാപൂർവം സഹിക്കുന്ന സഹധർമ്മിണിക്ക് പുസ്തകത്തിൽ ഇങ്ങനെ വരച്ചിടുന്നത് അസഹ്യമായിരുന്നു. എന്നാൽപോലും ശീലം മാറ്റാൻ കഴിഞ്ഞില്ല.

അഭിഭാഷക വൃത്തിയിൽ ഒരു ശിഷ്യയും ഇക്കാര്യത്തിൽ എന്നെ ശക്തിപൂർവം അനുകരിച്ചു. പക്ഷേ യുവതലമുറയുടെ കോറൽ അതിശക്തവും അതിവിപുലവുമാണ്. 'കാക്ക ചവറു മാന്തും പോലെ' എന്ന് ആ കോറലുകളെപ്പറ്റി ആക്ഷേപം കേൾക്കാനും അത് ഇടവരുത്തി. എന്നിട്ടും പുസ്തകം വായിക്കുമ്പോൾ ഒരു പെൻസിൽ കൈയിൽ വയ്ക്കാനും ആവശ്യമുള്ളപ്പോൾ ഒന്ന് വരയ്ക്കാനുമുള്ള ശീലം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വി.ഡി.സതീശന്റെ വായനാശീലത്തെപ്പറ്റിയും വായിക്കുമ്പോൾ കൈയിൽ ഉണ്ടാവുന്ന പെൻസിലിനെപ്പറ്റിയും അറിഞ്ഞപ്പോഴാണ് ഈ ശിഥില ചിന്തകൾ മനസിൽ രൂപം കൊണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY