
അഞ്ച് വർഷം കഴിയുമ്പോൾ കേരളത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് ഞെട്ടിക്കുന്ന വിജയം നേടിയ ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറയുന്നു. ഇടതുപക്ഷത്തിന് വലിയ അടിത്തറയുള്ള ചാത്തന്നൂരിൽ എൻ.ഡി.എക്ക് വിജയിക്കാമെങ്കിൽ കേരളത്തിൽ എവിടെയും അത് സാദ്ധ്യമാണ്. ഇന്നലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ഗോപകുമാർ എൻ.ഡി.എയുടെ സ്പീക്കർ സ്ഥാനാർത്ഥിയുമാണ്. ബി.ബി.ഗോപകുമാർ എം.എൽ.എ കേരളകൗമുദിയുമായി സംസാരിക്കുന്നു.
?ഞെട്ടിക്കുന്ന വിജയത്തിന് പിന്നിൽ
നേരത്തെ രണ്ടുതവണ ചാത്തന്നൂരിൽ മത്സരിച്ചിരുന്നു. 2016ൽ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാംസ്ഥാനത്തു വന്നു. 2021ൽ പതിനായിരം വോട്ടിന്റെ വർദ്ധനവ് ഉണ്ടായി. അതിനുശേഷം ചാത്തന്നൂരിലെ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ചു. അതുകൊണ്ട് ഇത്തവണ ജയിക്കട്ടേയെന്ന് ജനങ്ങൾ തീരുമാനിച്ചു.
?വിജയ പ്രതീക്ഷ ഉണ്ടായിരുന്നോ
മാദ്ധ്യമങ്ങളൊന്നും ചാത്തന്നൂരിൽ ബി.ജെ.പി വിജയിക്കുമെന്ന് പറഞ്ഞിരുന്നില്ല. എൽ.ഡി.എഫ് പതിനായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്നാണ് പല മാദ്ധ്യമങ്ങളും പറഞ്ഞത്. പോളിംഗിനുശേഷമാണ് അട്ടിമറി വിജയം ഉണ്ടാകുമെന്ന് പറഞ്ഞത്. ബി.ജെ.പി മൂന്നാം സ്ഥാനത്ത് ആയിരിക്കുമെന്നാണ് യു.ഡി.എഫും എൽ.ഡി.എഫും പറഞ്ഞിരുന്നത്. എന്നാൽ എനിക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നു.
? ജനങ്ങളുമായി ഇത്രയധികം ഹൃദയബന്ധം സ്ഥാപിച്ചത് എങ്ങനെയാണ്
ഞാൻ ജനിച്ചുവളർന്ന മീനാട് വാർഡിൽ നിന്ന് 1995- 2000ത്തിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായി. അന്ന് കോൺഗ്രസ് പ്രവർത്തകനായിരുന്നു. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റുമായിരുന്നു. 1996ൽ എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ സെക്രട്ടറിയായി. 99ൽ യൂണിയൻ പ്രസിഡന്റായി. ഇപ്പോഴും ആ പദവിയിൽ തുടരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റും ദക്ഷിണമേഖലാ പ്രസിഡന്റുമായി. ഇങ്ങനെയെല്ലാം ചാത്തന്നൂരിലെ ജനങ്ങൾക്കിടയിൽ നിന്നു. 2003ൽ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂൾ ആരംഭിച്ചപ്പോൾ അവിടെ ഹിന്ദി അദ്ധ്യാപകനായി. ഹെഡ്മാസ്റ്ററുടെ ചുമതലയുമുണ്ടായിരുന്നു. വിപുലമായ ശിഷ്യസമ്പത്ത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തു.
?കോൺഗ്രസ് വിടാനുള്ള കാരണം
അവഗണനയാണ് കാരണം. 2016ൽ ബി.ജെ.പി സ്ഥാനാർത്ഥിയായപ്പോൾ പല കോൺഗ്രസ് നേതാക്കളും ബന്ധപ്പെട്ടു. എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് അവരോട് പറഞ്ഞു. വീടിന് തൊട്ടടുത്തുള്ള ഉണ്ണിയെന്ന ആർ.എസ്.എസ് പ്രചാരകൻ 'സാർ, ബി.ജെ,പിയിലേക്ക് വരണം' എന്ന് നിരന്തരം പറയുമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരമായ ഇടപെടലും കോൺഗ്രസിലെ അവഗണനയും കൂടിയായപ്പോൾ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചു.
?ചാത്തന്നൂരിൽ ബഹളങ്ങളൊന്നുമില്ലാത്ത പ്രചാരണം ആയിരുന്നല്ലോ
ശാന്തമായുള്ള പ്രവർത്തനമായിരുന്നു. ആകെ വന്ന ദേശീയനേതാവ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയായിരുന്നു. റോഡ് ഷോകളൊന്നും നടത്തിയില്ല. ബൂത്തുതല പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉച്ചയ്ക്ക് കൊടുംവെയിൽ വകവയ്ക്കാതെ എൻ.ഡി.എ പ്രവർത്തകർ വീടുകൾ കയറി.
?രാജീവ് ചന്ദ്രശേഖറിന്റെ സ്വാധീനത്തെക്കുറിച്ച്
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വലിയ പിന്തുണയാണ് നൽകിയത്. കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഞാൻ ജില്ല പ്രസിഡന്റായത്. അദ്ദേഹം വലിയ പിന്തുണ നൽകി. രാജീവ് ചന്ദ്രശേഖറും വലിയ പിന്തുണയാണ് നൽകുന്നത്. ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. നേമത്ത് സ്ഥാനാർത്ഥിയായിരുന്നിട്ടും അദ്ദേഹം കൺവെൻഷനുശേഷം രണ്ട് മണിക്കൂർ ഇരുന്ന് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്തി. അദ്ദേഹത്തിന്റെ ഒരു കണ്ണ് ചാത്തന്നൂരുണ്ടായിരുന്നു.
?രാജീവ് ചന്ദ്രശേഖർ വന്നശേഷമുള്ള മാറ്റം
അദ്ദേഹം രാഷ്ട്രീയത്തിൽ പ്രൊഫഷണലിസം കൊണ്ടുവന്നു. സംഘടന തീരുമാനിക്കുന്ന കാര്യം നടപ്പാക്കുന്നതിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മേൽനോട്ടമുണ്ട്. അതാണ് തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കുന്നതിലേക്കും മൂന്ന് എം.എൽ.എമാരെ സൃഷ്ടിക്കുന്നതിലേക്കും നയിച്ചത്. വികസിത കേരളം എന്ന സ്വപ്നം കേരളത്തിനുമുന്നിൽ വച്ചു. രാഷ്ട്രീയ പ്രത്യാരോപണങ്ങൾ നടത്താൻ വന്നയാളല്ലെന്ന് വ്യക്തമാക്കി. വികസനത്തെക്കുറിച്ച് സംവദിച്ചു. അതൊരു പുതിയ അനുഭവമാണ്.
?രണ്ട് വലിയ നേതാക്കൾക്കൊപ്പമല്ലേ നിയമസഭയിൽ ഇരിക്കുന്നത്
രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും മുൻ കേന്ദ്രമന്ത്രിമാരാണ്. പാർലമെന്ററി രംഗത്ത് രണ്ടുപേർക്കും വലിയ അനുഭവ സമ്പത്തുണ്ട്. അവരോടൊപ്പം പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാൻ കഴിയുന്നത് വലിയ അനുഭവമാണ്.
?നിയമസഭയിൽ എൻ.ഡി.എയുടെ നിലപാട് എങ്ങനെയായിരിക്കും
ഇടതു, വലത് മുന്നണികൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇവിടെ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു. അതേസമയം ദേശീയതലത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ ഗുണം ചെയ്യുന്ന പി.എം ശ്രീ പദ്ധതി അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വേണ്ടെന്നുവച്ചു. ജനങ്ങൾക്ക് ഗുണം ചെയ്യുന്ന കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നില്ല. അത്തരം നിലപാടുകളെ എതിർക്കും. നിയമസഭയിലെ യഥാർത്ഥ പ്രതിപക്ഷം മൂന്ന് ബി.ജെ.പി എം.എൽ.എമാരായിരിക്കും.
?യു.ഡി.എഫ് സർക്കാരിന്റെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കില്ലേ
ഏത് നല്ലകാര്യത്തെയും പിന്തുണയ്ക്കുകയാണ് ബി.ജെ.പിയുടെ നയം. കേരളത്തിന്റെ വികസനകാര്യത്തിൽ ആരോടും സഹകരിക്കാൻ തയ്യാറാണ്.
?മോദിയോട് വലിയ ആരാധനയാണോ
വലിയ ആരാധനയാണ്. 2016ലെ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് പുറ്റിങ്ങൽ ദുരന്തമുണ്ടാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലേക്കെത്തി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എൻ.കെ.പ്രേമചന്ദ്രൻ എം.പിയും കഴിഞ്ഞ് പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന നാലാമത്തെയാൾ ഞാനായിരുന്നു. അദ്ദേഹവുമായി ഒരു മുൻപരിചയവുമുണ്ടായിരുന്നില്ല. പക്ഷേ കാറിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ തോളിൽവച്ച കൈ, തിരികെ കാറിൽ കയറുന്നതുവരെ എടുത്തില്ല. ദുരന്തത്തെക്കുറിച്ച് അദ്ദേഹം എന്നോടാണ് കൂടുതൽ ചോദിച്ചത്. അത് വലിയ അനുഭവമായിരുന്നു.
?ബി.ജെ.പിയുടെ കേരളത്തിലെ സാദ്ധ്യത
ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ കേരളത്തിലും ഇടതുപക്ഷം തകരുകയാണ്. അസ്വസ്ഥരായ അണികളും നേതൃനിരയുമാണുള്ളത്. നാല് സി.പി.എം നേതാക്കൾ എതിർപാളയത്തിൽ പോയി മത്സരിച്ചു. അതിൽ ഐഷാ പോറ്റി മാത്രമാണ് പരാജയപ്പെട്ടത്. ഇടതുപക്ഷത്തെ അസംതൃപ്ത അണികൾ ബി.ജെ.പിയിലേക്ക് വരും. മറുവശത്ത് ലീഗിനാൽ നിയന്ത്രിക്കപ്പെടുന്ന കോൺഗ്രസാണ്. അതിൽ അസംതൃപ്തിയുള്ളവരും ബി.ജെ.പിയിലേക്ക് വരും. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന് അടിത്തറയുള്ള ചാത്തന്നൂരിൽ അവർ പരാജയപ്പെട്ടു. ചാത്തന്നൂരിൽ വിജയിച്ചതിനാൽ ബി.ജെ.പിക്ക് കേരളത്തിൽ എവിടെയും ജയിക്കാം.
?ചാത്തന്നൂരിലെ ജനങ്ങളോട് പറയാനുള്ളത്
ചാത്തന്നൂരുകാർ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. ചാത്തന്നൂരിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ പരമാവധി പ്രയോജനപ്പെടുത്തും. ജനങ്ങളുമായി ആശയവിനിമയം നടത്തി അവരിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്ന പദ്ധതികൾ നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |