SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ജൈവസമ്പത്തിനെ സംരക്ഷിക്കാം

d

അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനം ഇന്ന്
ഭൂമി ജീവന്റെ സാന്നിദ്ധ്യമുള്ള ഏക ഗ്രഹമാണെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു. അനവധി സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്മജീവികൾ, സമുദ്രജീവികൾ, വനങ്ങൾ, നദികൾ, മലനിരകൾ, കായലുകൾ തുടങ്ങിയ പ്രകൃതിയിലെ എല്ലാത്തരം ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥകളും ചേർന്നാണ് ഭൂമിയിലെ ജൈവവൈവിദ്ധ്യം (Biodiversity) രൂപപ്പെടുന്നത്. ഈ വൈവിദ്ധ്യമാണ് ഭൂമിയിലെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അടിസ്ഥാനം. അമൂല്യമായ ഈ ജൈവസമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ഓർമ്മിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മേയ് 22-ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ “അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനം” ആചരിക്കുന്നത്. ജൈവവൈവിദ്ധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണം, പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത, സുസ്ഥിര വികസനത്തിന്റെ ആവശ്യകത എന്നിവ ലോകജനതയിലേക്ക് എത്തിക്കുന്നതിൽ ഈ ദിനം നിർണായക പങ്കുവഹിക്കുന്നു.
1992-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിക്കു ശേഷമാണ് ജൈവവൈവിദ്ധ്യ സംരക്ഷണം ആഗോള തലത്തിൽ കൂടുതൽ പ്രാധാന്യം നേടിയത്. അതിന്റെ തുടർച്ചയായാണ് Convention on Biological Diversity (CBD) രൂപംകൊണ്ടത്. ജൈവ വിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര ഉപയോഗം, ജനിതക വിഭവങ്ങളിൽ നിന്നുള്ള ലാഭത്തിന്റെ നീതിപൂർവമായ പങ്കുവെയ്പ്പ് എന്നിവയാണ് ഈ കൺവെൻഷന്റെ പ്രധാന ലക്ഷ്യങ്ങൾ.

അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനത്തിന്റെ ചരിത്രം
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി 1993-ൽ Convention on Biological Diversity പ്രാബല്യത്തിൽ വന്ന ഡിസംബർ 29-നെ അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനമായി പ്രഖ്യാപിച്ചു. എന്നാൽ ഡിസംബർ മാസത്തിലെ അവധിക്കാലം മൂലം വിവിധ രാജ്യങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ ഉണ്ടായ ബുദ്ധിമുട്ടുകളും, 1992 മേയ് 22-ന് നയ്റോബി ഫൈനൽ ആക്ട് വഴി ജൈവവൈവിദ്ധ്യ കൺവെൻഷന്റെ കരട് അംഗീകരിക്കപ്പെട്ടതിന്റെ പ്രാധാന്യവും പരിഗണിച്ച് 2000-ൽ ഈ ദിനാചരണം മേയ് 22 ആയി മാറ്റി. കാലക്രമേണ ഈ ദിനം ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും വിദ്യാർത്ഥികളെയും സർക്കാരുകളെയും പൊതുസമൂഹത്തെയും ഒന്നിപ്പിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി മാറി. ഓരോ വർഷവും പ്രത്യേക പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ, സെമിനാറുകൾ, പഠന ക്ലാസുകൾ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ശാസ്ത്രീയ ചർച്ചകൾ എന്നിവ സംഘടിപ്പിക്കപ്പെടുന്നു.

ജൈവവൈവിദ്ധ്യം: വർഗീകരണം
ജൈവവൈവിദ്ധ്യം എന്നത് ഭൂമിയിലെ ജീവജാലങ്ങളുടെ സമഗ്ര വൈവിദ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരസ്പരബന്ധങ്ങളുടെയും ഏകോപിപ്പിക്കൽ കൂടിയാണ്. ജൈവവൈവിദ്ധ്യത്തെ മൂന്നു പ്രധാന തലങ്ങളിലായി വിശദീകരിക്കാം.
1. ജനിതക വൈവിദ്ധ്യം (Genetic Diversity) ഒരേ സ്പീഷീസിനുള്ളിലെ ജീനുകളുടെ വ്യത്യാസങ്ങളെയാണ് ജനിതക വൈവിദ്ധ്യം എന്ന് പറയുന്നത്. ഉദാഹരണത്തിന് നെല്ലിന്റെ വിവിധ ഇനങ്ങൾ, വാഴയുടെ വ്യത്യസ്ത ഇനങ്ങൾ എന്നിവ ജനിതക വൈവിദ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്.
2. സ്പീഷീസ് വൈവിദ്ധ്യം (Species Diversity): ഒരു പ്രദേശത്ത് കാണപ്പെടുന്ന വ്യത്യസ്ത ജീവിവർഗങ്ങളുടെ സാന്നിധ്യമാണിത്. വനങ്ങളിൽ സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, കീടങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ സാന്നിധ്യം ഇതിന്റെ ഉദാഹരണമാണ്.
3. ആവാസവ്യവസ്ഥ വൈവിദ്ധ്യം (Ecosystem Diversity): വനങ്ങൾ, നദികൾ, കായലുകൾ, സമുദ്രങ്ങൾ, മലനിരകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകളുടെ വൈവിദ്ധ്യമാണ് ഇത്. ഓരോ ആവാസവ്യവസ്ഥയും അനവധി ജീവജാലങ്ങളുടെ നിലനില്പിന് അടിത്തറയാകുന്നു.

ജൈവവൈവിദ്ധ്യ സമ്പത്തും കേരളവും
ലോകത്തിലെ 17 അതീവ ജൈവവൈവിദ്ധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ടം ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ ജൈവസമ്പത്ത് മേഖലയാണ്. കേരളത്തിലെ കായലുകൾ, കണ്ടൽ വനങ്ങൾ, മലനിരകൾ, സമുദ്ര തീരങ്ങൾ, ഔഷധസസ്യസമ്പത്ത്, തണ്ണീർത്തടങ്ങൾ, നെൽപ്പാടങ്ങൾ എന്നിവ ജൈവസമ്പത്തിന്റെ പ്രധാന ഘടകങ്ങളാണ്. കൂടാതെ, പ്രകൃതിയുമായി ബന്ധപ്പെട്ട സമ്പന്നമായ പാരമ്പര്യജ്ഞാനവും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.

ജൈവവൈവിദ്ധ്യ ത്തിന്റെ പ്രാധാന്യം
ജൈവവൈവിദ്ധ്യത്തിന്റെ പരിസ്ഥിതി സേവനങ്ങൾ ചുവടെ ചേർക്കുന്നു.
ഭക്ഷ്യസുരക്ഷ: ജൈവവൈവിദ്ധ്യം ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാന ഘടകമാണ്. വിവിധ വിളകളും കൃഷിരീതികളും ഭക്ഷ്യോത്പാദന സ്ഥിരത ഉറപ്പാക്കുന്നു. ആരോഗ്യവും ഔഷധവും: ആയിരക്കണക്കിന് ഔഷധങ്ങൾ സസ്യങ്ങളിൽ നിന്നും പ്രകൃതിദത്ത വിഭവങ്ങളിൽ നിന്നും ലഭിക്കുന്നവയാണ്. പരമ്പരാഗത ചികിത്സാരീതികളുടെ അടിസ്ഥാനം ജൈവവൈവിധ്യമാണ്.
പരിസ്ഥിതി സന്തുലിതാവസ്ഥ: വനങ്ങൾ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും കാലാവസ്ഥ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ തണ്ണീർത്തടങ്ങൾ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലചക്രവും ജൈവവൈവിദ്ധ്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സാമ്പത്തിക പ്രാധാന്യം: കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം, വനവിഭവങ്ങൾ തുടങ്ങിയ മേഖലകൾ ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗമായി ബന്ധപ്പെട്ടിരിക്കുന്നു.

ജൈവവൈവിദ്ധ്യത്തിന് നേരെയുള്ള വെല്ലുവിളികൾ
മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലുകൾ ജൈവവൈവിദ്ധ്യത്തിന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണ്. വനനശീകരണവും ആവാസവ്യവസ്ഥ നാശവും: കൃഷിവ്യാപനം, നഗരവത്കരണം, റോഡ് നിർമ്മാണം, വ്യവസായവത്ക്കരണം എന്നിവ കാരണം വനങ്ങൾ നശിക്കുകയും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ ഇല്ലാതാകുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം: താപനില ഉയരുന്നത്, മഴയുടെ അനിശ്ചിതത്വം, കടൽനിരപ്പ് ഉയരുന്നത് എന്നിവ ജീവജാലങ്ങളുടെ നിലനില്പിനെ ബാധിക്കുന്നു. മലിനീകരണം: പ്ലാസ്റ്റിക് മാലിന്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, വ്യാവസായിക മാലിന്യങ്ങൾ എന്നിവ മണ്ണിനെയും ജലത്തെയും വായുവിനെയും മലിനമാക്കുന്നു. അധിനിവേശ ജീവിവർഗങ്ങൾ: അധിനിവേശ ജീവിവർഗങ്ങൾ തദ്ദേശീയ സ്പീഷീസുകളെ പുറത്താക്കുകയും പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുകയും ചെയ്യുന്നു. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം: അമിത മത്സ്യബന്ധനം, വേട്ടയാടൽ, വനവിഭവങ്ങളുടെ അമിത ഉപയോഗം എന്നിവ ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു.

2026 അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിന പ്രമേയം
“Acting Locally for Global Impact” “ആഗോള പ്രത്യാഘാതങ്ങൾക്കായി പ്രാദേശികമായി പ്രവർത്തിക്കുക”. 2026 ലെ പ്രമേയം പ്രാദേശിക പ്രവർത്തനങ്ങളുടെ ആഗോള പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. ഗ്രാമങ്ങൾ, നഗരങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീ-യുവജന കൂട്ടായ്മകൾ, ശാസ്ത്രജ്ഞർ, സിവിൽ സമൂഹ സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ജൈവവൈവിധ്യ സംരക്ഷണത്തിൽ നിർണായകമാണെന്ന് ഈ പ്രമേയം വ്യക്തമാക്കുന്നു.

പ്രധാന ലക്ഷ്യങ്ങൾ:
● 2030-ഓടെ ഭൂമിയുടെ 30% സംരക്ഷിത മേഖലയാക്കുക
● പ്രകൃതിനാശം കുറയ്ക്കുക
● ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുക
● ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുക
● മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വം ശക്തിപ്പെടുത്തുക
സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള ബന്ധം
ജൈവവൈവിധ്യ സംരക്ഷണം ഐക്യരാഷ്ട്രസഭയുടെ നിരവധി Sustainable Development Goals (SDGs) മായി ബന്ധപ്പെട്ടിരിക്കുന്നു.

ജൈവവൈവിധ്യം ഭൂമിയിലെ ജീവന്റെ അടിത്തറയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ജൈവവൈവിധ്യ സംരക്ഷണം അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തിലൂടെയും സുസ്ഥിര ജീവിതശൈലിയിലൂടെയും മാത്രമേ ഭാവി തലമുറകൾക്ക് സുരക്ഷിതവും സമ്പന്നവുമായ ഭൂമി കൈമാറാൻ കഴിയൂ. 2026 ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്: “പ്രകൃതിയെ സംരക്ഷിക്കുന്നത് മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള അനിവാര്യ ഉത്തരവാദിത്തമാണ്.”
ജൈവവൈവിധ്യം സംരക്ഷിക്കാം…
ഭൂമിയുടെ ഭാവി ഉറപ്പാക്കാം.

(ബോട്ടണി ഡിപ്പാർട്ട്മെന്റ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY