
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്ന പി.ജി. ഡോക്ടർമാരുടെ ജോലിഭാരം, കുറഞ്ഞ സ്റ്റൈപ്പൻഡ്. ദുരിത ജീവിതം എന്നിവയെപ്പറ്റിയുള്ള പരാതികളും പരിദേവനങ്ങളും നാളുകളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. ഇവയെല്ലാം സർക്കാരിന്റെയും അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുളളതാണെങ്കിലും. ഇതേവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. ഇത് നമ്മുടെ ആരോഗ്യ പരിപാലന രംഗത്തുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പുരോഗതിയുടെ അളവുകോലുകളിൽ ആരോഗ്യ പരിപാലന സംവിധാനത്തിന് നിർണായക പങ്കാണല്ലോ ഉള്ളത്. രാജ്യാന്തര പ്രശസ്‌തമായ കേരളാ മോഡൽ വികസനത്തിന്റെചാലകശക്തികളിൽ പ്രമുഖ സ്ഥാനവും ആരോഗ്യ പരിപാലന മേഖലയ്ക്കുണ്ട്. ഇങ്ങനെയെല്ലാം ആതുരശുശ്രൂഷാ കേന്ദ്രങ്ങളെ കുറ്റമറ്റ നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് ഡോക്ടർമാർ.
മെഡിക്കൽ കോളജുകളിലെ ചികിത്സാ സംവിധാനമാവുമ്പോൾ പി.ജി. ഡോക്ടർമാർ ചെയുന്ന സേവനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
എം. ബി.ബി.എസ് പാസ്സായതിനു ശേഷം കൂടുതൽ സ്പെഷ്യലൈസ്‌ഡ് രംഗത്ത് പ്രാവീണ്യം നേടാൻ എത്തുന്നവരാണ് പിജി ഡോക്ടർമാർ. എം. ബി.ബി എസ് മികവാർന്ന രീതിയിൽ പാസ്സായി വീണ്ടും കർക്കശമായ ടെസ്റ്റെഴുതി പാസ്സായി വരുന്ന മിടുക്കന്മാരും മിടുക്കികളുമാണ് പിജി പഠനത്തിനെത്തുന്നത്. പ്രായേണ സീനിയർ ഡോക്ടർമാരില്ലാത്ത രാത്രി കാലങ്ങളിലെല്ലാം അതീവ ജാഗ്രതയോടെ പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ് പിജിക്കാർ. ദിവസം 10 മണിക്കൂറാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും, പലപ്പോഴും സമയമോ കാലമോ നോക്കാതെ രോഗികളെ പരിശോധിക്കാനും ചികിത്സ നിർദേശിക്കാനും അവരെ നിരീക്ഷിക്കാനുമൊക്കെ ചുമതലപ്പെട്ടവരാണിവർ. ചിലപ്പോഴെങ്കിലും ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി ചെയ്യേണ്ടിവരികയും ചെയ്യും.
ഇവരുടെ ജോലിയുടെ സ്വഭാവം, അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം, ജോലിഭാരം, അതുളവാക്കുന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ, അത് ആത്യന്തികമായി ചികിത്സാരംഗത്തു സൃഷ്‌ടിക്കാവുന്ന പ്രശ്‌നങ്ങൾ എന്നിവയെയെല്ലാം അതിന്റെ സാകല്യാവസ്ഥയിൽ വിലയിരുത്തിക്കൊണ്ടു വേണം ആ മേഖലയെ കൈകാര്യം ചെയ്യേണ്ടത്. അവരുടെ സ്റ്റൈപ്പെൻഡിന്റെ കാര്യത്തിലും സമാനമായ പരിശോധനയുടെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട തീരുമാനം എടുക്കേണ്ടതുണ്ട്. ശാരീരികാധ്വാനം മാത്രം ചെലവിടുന്ന തൊഴിലാളികൾക്കു പോലും 1200 ഉം 1300 ഉം രൂപ ദിവസക്കൂലി ലഭിക്കുന്ന സാഹചര്യത്തിലാണ് കർക്കശമായ പഠനത്തിന്റെയും വിശ്രമരഹിതമായ പ്രവർത്തനത്തിന്റെയുമൊക്കെ കഠിന വഴികൾ താണ്ടി വരുന്ന പി ജി ഡോക്ടർമാർക്ക് താരതമ്യേന തുച്ഛമായ സ്റ്റൈപ്പൻഡ് നൽകുന്നത്. ഹൗസ് സർജന്മാരുടെ കാര്യം ഇതിലേറെ ദയനീയമാണ്. പത്താം ക്ലാസ്സുവരെ മാത്രം പഠിച്ചിട്ട് ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്കു കിട്ടുന്ന ശമ്പളം പോലും ഹൗസ് സർജന്മാർക്ക് സ്റ്റൈപ്പൻഡായി ലഭിക്കുന്നില്ല എന്നത് നാണക്കേടാണ്.
ഏതു മേഖലയിലെ ഡോക്ടർമാരും ചെയ്യുന്നത് പകരം വയ്ക്കാൻ കഴിയാത്ത ജോലിയാണ്. രോഗം കണ്ടുപിടിക്കുക, അതിന്റെ നാനാതരം പ്രത്യാഘാതങ്ങൾ മനസ്സിലാക്കുക, രോഗികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തുക, രോഗികൾ പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കുക, രോഗങ്ങൾ വരാതിരിക്കാൻ നടപടികളെടുക്കുക എന്നിങ്ങനെ ഒരേ സമയം വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നവരാണ് ഡോക്ടർമാർ. നേഴ്സുമാർ, മറ്റ് പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരെയെല്ലാം കുട്ടിയോജിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവും ഇവർ കാണിക്കേണ്ടതുണ്ട്. എല്ലാത്തിലുമുപരിയായി കാരുണ്യത്തോടെയും അനുതാപത്തോടെയും രോഗികളെയടക്കം സമീപിക്കേണ്ടവരുമാണ്. എന്നു പറഞ്ഞാൽ, ഒരേ ജീവിതത്തിൽത്തന്നെ വ്യത്യസ്ത ജീവിതങ്ങൾ അങ്ങേയറ്റം മികവോടെ ചെയ്തു തീർക്കാനും അതുവഴി ആരോഗ്യ പരിപാലനരംഗത്തിന്റെ മാത്രല്ല, സമൂഹത്തിന്റെ തന്നെ ആരോഗ്യം ബലിഷ്‌ഠമായി കാത്തുസൂക്ഷിക്കാനും സജ്ജരാകുന്നവരാണ് ഡോക്ടർമാർ. ഇവരുടെ മുന്നണിപ്പോരാളികളാണ് സത്യത്തിൽ പി.ജി. ഡോക്ടർമാരും ഹൗസ് സർജന്മാരും എന്നതു ബോധ്യപ്പെട്ട് അവരുടെ സേവന വേതന വ്യവസ്ഥകൾ കുറ്റമറ്റതാക്കാൻ സർക്കാരും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടികളെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |