
നിത്യവും പത്രങ്ങളിൽ വായിക്കുന്ന വാർത്തകളിൽ നല്ലൊരു പങ്ക് അപകട മരണങ്ങളാണ്. റോഡപകടങ്ങളും ട്രെയിനപകടങ്ങളും വിമാനാപകടങ്ങളും നിരവധി മനുഷ്യജീവനപഹരിക്കുന്നു. ദൃശ്യമാദ്ധ്യമങ്ങൾ തുറന്നാലും വേദനിപ്പിക്കുന്ന അപകടദൃശ്യങ്ങളാണ്. അതിനിരയാകുന്നവരെപ്പറ്റി ഉറ്റവരല്ലാതെ മറ്റെല്ലാവരും ക്രമേണ മറക്കുന്നു. എത്ര ശ്രദ്ധിച്ചാലും വന്നുകയറുന്ന അപകടങ്ങളെ നാം വിധിയുടെ പട്ടികയിൽ പെടുത്തുന്നു. അശ്രദ്ധ മൂലം സംഭവിക്കുന്ന അപകടങ്ങളുടെ എണ്ണം വർദ്ധിച്ചുവന്നിട്ടും അതിൽ നിന്ന് അധികമൊന്നും പഠിക്കുന്നില്ല എന്നതാണ് ഖേദകരം. ജാഗ്രതക്കുറവുമൂലം മരണത്തെ പുൽകുന്ന സംഭവങ്ങളിൽ വില്ലനാരെന്ന് കണ്ടെത്താനാകാതെ സഹതപിക്കാനേ കഴിയൂ.ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി അപകടത്തിൽ പെടുന്നവർ, പുറപ്പെട്ട ട്രെയിനിൽ ചാടിക്കയറി ദാരുണാന്ത്യം വരിക്കുന്നവർ... ഇത്തരം സംഭവങ്ങൾ രാജ്യത്ത് എല്ലായിടത്തും നടക്കുന്നുണ്ട്. അതു വായിച്ചറിഞ്ഞിട്ടും കേട്ടറിഞ്ഞിട്ടും എത്ര പേർ കൂടുതൽ ജാഗ്രത പുലർത്തുന്നു എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കൊച്ചിയിൽ പ്ളാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച യുവതി ട്രെയിനിന് അടിയിൽപ്പെട്ട് ദാരുണമായി മരിച്ചത് കഴിഞ്ഞ ദിവസമാണ്. രോഗബാധിതയായ ഭർതൃമാതാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പുറപ്പെട്ട മൺട്രോതുരുത്ത് തുമ്പുമുഖം നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ബൈജുവിന്റെ ഭാര്യ ചിപ്പിയാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ളാറ്റ്‌ഫോമിൽ പുലർച്ചെ അഞ്ചുമണിയോടടുപ്പിച്ചായിരുന്നു അപകടം. ഒരു മിനിട്ട് വൈകി പുറപ്പെട്ട എറണാകുളം - വഞ്ചിനാട് എക്സ്‌പ്രസ് ട്രെയിനിന്റെ ഓർഡിനറി കോച്ചിൽ കയറാൻ ശ്രമിക്കവേ പിടിവിട്ട് പ്ളാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. വാഴക്കാലയിലെ താമസസ്ഥലത്ത് നിന്ന് പുലർച്ചെ സ്റ്റേഷനിലെത്തിയ ചിപ്പി, ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്‌പ്രസിൽ യാത്ര ചെയ്യാനാണ് ടിക്കറ്റെടുത്തത്. വഞ്ചിനാടിന് മൺട്രോതുരുത്തിൽ സ്റ്റോപ്പില്ല. അബദ്ധത്തിൽ ട്രെയിൻ മാറിക്കയറുമ്പോഴാണ് അപകടമുണ്ടായത്. സ്റ്റേഷനിൽ എത്താൻ വൈകിയതും ഏതു ട്രെയിനിലാണ് പോകേണ്ടതെന്നതിൽ വന്ന സംശയവും അപകടത്തിന് വഴിതെളിച്ചിരിക്കാം.
മൃതിയടയുന്നവരുടെ ശ്രദ്ധയെയോ അശ്രദ്ധയെയോ നിരൂപണം ചെയ്യുന്നതിൽ അർത്ഥമില്ല. അങ്ങനെ ചിന്തിക്കുന്നതുതന്നെ മനുഷ്യത്വരഹിതമാണ്. മരണം വരുന്ന വഴിയും വേഗതയും നമുക്ക് അജ്ഞാതവുമാണ്. എങ്കിലും ഇത്തരം സംഭവങ്ങൾ പല സ്ഥലത്തും പല രീതിയിൽ ആവർത്തിക്കുന്നതിനാൽ ചിലതൊക്കെ പഠിക്കാനും ചിന്തിക്കാനും നാം ശ്രദ്ധിക്കണം. ഒറ്റയ്ക്കായാലും കൂട്ടമായാലും യാത്രകളിൽ പുലർത്തേണ്ട മുൻകരുതലുകളും ജാഗ്രതയും ജീവിതത്തിരക്കിനിടയിൽ മറന്നുപോകുന്നത് അപകടങ്ങളിലേക്കുള്ള ദൂരം കുറയ്ക്കുന്നു.
മുൻകാലത്ത് സമയം നോക്കാനും അറിയാനുമുള്ള സംവിധാനങ്ങൾ കുറവായിരുന്നു. മൊബൈൽ വ്യാപകമായതോടെ സമയം, യാത്രാദൂരം എന്നിവ എപ്പോൾ വേണമെങ്കിലും നോക്കാം. ഭൗതിക സൗകര്യങ്ങളും സാഹചര്യങ്ങളും കൂടിയപ്പോൾ നാം സ്വയം പാലിക്കേണ്ട കരുതലുകളിൽ ഒരുപാട് കുറവ് വന്നിട്ടുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് സെക്കൻഡുകൾക്കു മുമ്പ് പ്ളാറ്റ്‌ഫോമുകളിൽ പരക്കം പായുന്നവരും ആളുകളെ തള്ളിമറിച്ചിട്ടു പോകുന്നവരും കുറവല്ല. ആ സമയത്ത് സ്റ്റേഷനു മുന്നിൽ വാഹനങ്ങളുടെ തിരക്കായിരിക്കും. അതിൽ നിന്നിറങ്ങി എങ്ങനെയെങ്കിലും ട്രെയിൻ പിടിക്കാൻ ശ്രമിക്കുമ്പോൾ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി ചിന്തിച്ചെന്നുവരില്ല. ചിന്തിക്കാൻ സാവകാശം കിട്ടിയെന്നും വരില്ല. എല്ലാം അസ്വസ്ഥമായ മനസോടെ ചെയ്യാൻ ശീലിക്കുന്നത് ദുശ്ശീലമാണെന്ന് ഓർക്കണം. ഏതു യാത്രയ്ക്കും അല്പം നേരത്തേ ഇറങ്ങാനും ശാന്തമായി ആസ്വദിച്ച് യാത്രചെയ്യാനും മനസുവയ്ക്കണം. അങ്ങനെയായാൽ വൻ അപകടങ്ങൾ ഒരു പരിധിവരെ മാറിനിൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |