SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ്

d

രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കുകയുമാണ് ഈ വകുപ്പിന്റെ ലക്ഷ്യം. യു.ഡി.എഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിരുന്നതാണ് വയോജന വകുപ്പിന്റെ രൂപീകരണം. പത്തുവർഷത്തിനുള്ളിൽ കേരളത്തിലെ നാലിലൊരാൾ അറുപത് വയസ് പിന്നിട്ടവരാകുമെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. കേരളത്തിലെ വയോജനങ്ങളുടെ എണ്ണം 2036ൽ ജനസംഖ്യയുടെ 22.8 ശതമാനമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രായമുള്ളവർ കേരളത്തിലാണ്. 2011ലെ സെൻസസ് പ്രകാരം കേരളത്തിലെ വയോജനങ്ങൾ 12.6 ശതമാനമായിരുന്നെങ്കിൽ 2021ൽ 16.5 ശതമാനമായി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളതും കേരളത്തിലാണ്.

വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് വെറും സാങ്കേതികമല്ലെന്നും അത് പുതിയ നയസമീപനങ്ങളുടെ തുടക്കമാണെന്നും ജപ്പാനിലെ മാതൃകയിൽ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്. കേരളത്തിൽ യുവജനങ്ങൾ പഠനത്തിനും ഉപജീവനത്തിനുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറുന്നത് നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടതും അവരെ ചേർത്തുപിടിക്കേണ്ടതും സ്റ്റേറ്റിന്റെ കടമയായി മാറുന്നു. മുതിർന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ചൂഷണങ്ങൾ തടയുന്നതിനുമായി ഇന്ത്യയിൽ ആദ്യമായി വയോജന കമ്മിഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളം. അർഹരായ വയോധികർക്ക് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് ഉറപ്പാക്കുന്ന നിയമങ്ങളും നിലവിലുണ്ട്. ഇതൊക്കെയാണെങ്കിലും വൃദ്ധരായവർ ഉപേക്ഷിക്കപ്പെടുന്നതിന്റെയും അവഗണിക്കപ്പെടുന്നതിന്റെയും വാർത്തകൾ നിത്യവും വരാറുണ്ട്.

സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം പങ്കാളിയുടെ വിയോഗവും മക്കളുടെ ദൂരെയുള്ള ജീവിതം മൂലവും മിണ്ടാനും പറയാനും പ്രിയപ്പെട്ടവരാരും അടുത്തില്ലാത്തതു കാരണവും വയോജനങ്ങൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവണം പ്രത്യേക വകുപ്പ് പ്രഥമ പരിഗണന നൽകേണ്ടത്. തന്റെ ക്ഷേമങ്ങൾ ആരായാൻ സർക്കാരിന്റെ പ്രതിനിധിയായി ഒരാൾ നിശ്ചിത ഇടവേളകളിൽ വീട്ടിലെത്തും എന്ന പതിവുണ്ടായാൽ അത് വൃദ്ധജനങ്ങൾക്കു നൽകുന്ന ആശ്വാസവും സുരക്ഷിതത്വബോധവും വളരെ വലുതായിരിക്കും. ജപ്പാൻ മാതൃക പിന്തുടർന്നാവും വകുപ്പ് പ്രവർത്തിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വയോജനങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി, പകൽ സമയം ഒത്തുകൂടാൻ സർക്കാർ കേന്ദ്രങ്ങൾ, സൗജന്യ ചികിത്സ, ഓർമ്മക്കുറവിന് പ്രത്യേക ചികിത്സയും പരിചരണവും വീടുകളിലെത്തിയുള്ള ആരോഗ്യ ചികിത്സ തുടങ്ങിയവയാണ് ജപ്പാൻ മോഡലിന്റെ പ്രത്യേകതകൾ. ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കാൻ റോബോട്ടുകളുടെ തുണയും നൽകാറുണ്ട്. അതൊന്നും തത്കാലം ഇവിടെ നടക്കില്ലെങ്കിലും പ്രത്യേക വകുപ്പിന്റെ കീഴിൽ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ തന്നെ അധികം സാമ്പത്തിക ചെലവ് വരാതെ മികച്ച സേവനങ്ങൾ വൃദ്ധജനങ്ങൾക്ക് ലഭ്യമാക്കാനാവും.

ജപ്പാനിലേതുപോലെ തന്നെ ചൈനയിലും വാർദ്ധക്യ ജനസംഖ്യ ഒരു വലിയ പ്രശ്നമാണ്. വയോജനങ്ങളുടെ കഴിവുകൾ പുതിയ ഉത്‌പന്നങ്ങൾ പോലും സൃഷ്ടിക്കാൻ കഴിയുന്ന മേഖലകൾക്കായി ചൈന പ്രയോജനപ്പെടുത്തുന്നുണ്ട്. അതായത് പുതിയ സ്റ്റാർട്ടപ്പുകൾ യുവാക്കൾക്ക് മാത്രമല്ല വൃദ്ധജനങ്ങളുടെ കൂട്ടായ്മയ്ക്കും തുടങ്ങി വിജയിപ്പിക്കാനാവുമെന്ന് ചൈനീസ് മോഡൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് ഉണ്ടാകുന്നതിനൊപ്പം തന്നെ ഭാവനാസമ്പന്നനും നടത്തിപ്പിൽ കാര്യപ്രാപ്തി പുലർത്തുന്നയാളുമായ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും വേണം. കുടുംബശ്രീ തുടങ്ങുമ്പോൾ അതിത്രയും വലുതാകുമെന്നോ വിജയിക്കുമെന്നോ ആരും കരുതിയിരുന്നതല്ല. അതുപോലെ മറ്റൊന്നായി വയോജന വകുപ്പിന്റെ ഉദ്യമങ്ങൾക്കും മാറാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്കുതന്നെ അത് മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY