SignIn
Kerala Kaumudi Online
Monday, 18 May 2026 12.37 AM IST

'രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്'; കാട്ടാന ആക്രമണമുണ്ടായി ഒരാഴ്ച കഴിഞ്ഞാണ് എംപി മണ്ഡലത്തിൽ എത്തിയതെന്ന് വി മുരളീധരൻ

v-muraleedharan

ന്യൂഡൽഹി: വയനാട്ടിൽ മൂന്നുപേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും എംപിയായ രാഹുൽ ഗാന്ധി മണ്ഡലം സന്ദർശിക്കാൻ വൈകിയതിനെ അപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ.

'രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്. വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളെടുക്കുന്നു. വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് കുടുംബം പറയുന്നു. ആനയുടെ ചവിട്ടേറ്റയാളെ മെഡിക്കൽ കോളേജിൽ നിന്ന് മറ്റൊരു മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോർഡ് വച്ചതുകൊണ്ട് മാത്രം ആശുപത്രി മെഡിക്കൽ കോളേജാകില്ല. താലൂക്ക് ആശുപത്രിയുടെ മുന്നിലാണ് മെഡിക്കൽ കോളേജെന്ന ബോർഡ് വച്ചത്.'- വി മുരളീധരൻ പറഞ്ഞു.

'വന്യമൃഗശല്യം ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന് മാർഗനിർദേശങ്ങൾ ഉണ്ട്. വനംമന്ത്രി ടി വി കണ്ട് രസിക്കുകയല്ല വേണ്ടത്. എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്. മുഖം മിനുക്കാൻ പി ആര്‍ എക്സർസൈസാണ് നടക്കുന്നത്.' - മുരളീധരൻ ആരോപിച്ചു.

ഇന്ന് രാവിലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചത്. കാട്ടാന ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് അദ്ദേഹം ആദ്യം പോയത്. തുടർന്നാണ് പോളിന്റെ വീട്ടിലെത്തിയത്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഈ മാസം പത്തിന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബേലൂർ മാഗ്നയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞദിവസമാണ് പോൾ കൊല്ലപ്പെട്ടത്. കുറുവാദ്വീപിന് സമീപത്തുവച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ജില്ലയിൽ പതിനേഴ് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പോളിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

അതേസമയം, പ്രതിഷേധം അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ചില വാട്സാപ്പ് ഗ്രൂപ്പുകൾ പ്രശ്നം വഷളാക്കുകയാണ്. താൻ വയനാട്ടിൽ പോയിട്ടില്ലെന്നത് ആരോപണമല്ല, വസ്തുതയാണ്. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വയനാട്ടിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V MURALEEDHARAN, RAHIL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA