
മലപ്പുറം: തൊടിയപുലത്ത് 14കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ 16കാരനായ പ്ളസ് വൺ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വാണിയമ്പലത്തിനും തൊടിയപുലത്തിനുമിടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ഇന്നുച്ചയോടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്‌കൂളിലേയ്ക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. രാവിലെ 9.30ന് കരുവാരക്കുണ്ട് സ്കൂളിന്റെ മുൻവശത്ത് കുട്ടി ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് എങ്ങോട്ടാണ് പോയതെന്നത് കണ്ടെത്താനായില്ല. ഇതിനിടെ വീട്ടിലേയ്ക്ക് വരുന്നതായി കുട്ടി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സ്‌കൂൾ യൂണിഫോം ആണ് പെൺകുട്ടി ധരിച്ചിരുന്നത്. കുട്ടിക്ക് പ്രായപൂർത്തിയാകാത്ത 16കാരനുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തിൽ മനസിലാക്കിയിരുന്നു. 16കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്. പ്രതി തന്നെയാണ് മൃതദേഹം പൊലീസിന് കാട്ടിക്കൊടുത്തത്. നേരത്തെ പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിൽ പ്രതിയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും താക്കീത് നൽകി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്നും മറ്റ് ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |