SignIn
Kerala Kaumudi Online
Tuesday, 05 May 2026 7.04 PM IST

' ഐ.എ.എസ് വിപ്ലവം'

Increase Font Size Decrease Font Size Print Page
ias

അസാധാരണമായ കാഴ്ചകളാണ് കേരളത്തിലെ ഭരണ നേതൃത്വത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. സർക്കാരിനും മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമെതിരേ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.ബി.അശോക് സ്വവസതിയിൽ വാർത്താസമ്മേളനം വിളിച്ച് തുറന്നടിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ സർക്കാരിന്റെ നയവും നടപടിയും പരാമർശിച്ചെന്നും അത് വിമർശനാത്മകമാണോയെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി സർക്കാർ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് ഡോ.ബി.അശോക് ആഞ്ഞടിച്ചത്. സസ്പെൻഷൻ ഉത്തരവ് അംഗീകാരമായി കാണുന്നെന്നും ബാഡ്ജ് പോലെ നെഞ്ചിൽ കുത്തുമെന്നും പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ ഉത്തരവ് പുന:പരിശോധിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ഏറെക്കാലമായി സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും അത്ര സ്വരചേർച്ചയിലല്ല. സെക്രട്ടറി റാങ്കുള്ള എൻ.പ്രശാന്ത് ഏറെക്കാലമായി സസ്പെൻഷനിലാണ്. ചീഫ്സെക്രട്ടറി ഡോ.എ.ജയതിലകും ഭൂരിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ ഒത്തുപോവുന്ന മട്ടില്ല. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാത്ത സ്ഥലംമാറ്റങ്ങൾക്കെതിരേ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ മുഖ്യമന്ത്രിക്കെതിരേ ഐ.എ.എസ് അസോസിയേഷൻ നൽകിയ 5കേസുകളിലും സർക്കാർ തോറ്റു. ചട്ടവിരുദ്ധമായ നടപടികളെല്ലാം റദ്ദാക്കിച്ചു. അഖിലേന്ത്യാ ചട്ടപ്രകാരം മാത്രമേ ഐ.എ.എസ് കേഡർ നടത്തിക്കൊണ്ടു പോകാനാവൂ എന്ന് കോടതി ഉത്തരവിട്ടു. ഇത് സർക്കാരിന് വലിയ മന:ക്ലേശമുണ്ടാക്കി. ഇതിനു പിന്നാലെ തന്നെ സർക്കാരിന് പുറത്തേക്ക് മാറ്റാനുള്ള ഉഡായിപ്പുകളും തന്ത്രങ്ങളും പ്രയോഗിച്ചെന്നാണ് അശോകിന്റെ ആക്ഷേപം. 10 കോടി ചെലവിട്ട് തദ്ദേശ കമ്മിഷൻ രൂപീകരിച്ചത് ട്രൈബ്യൂണൽ റദ്ദാക്കി. ജൂനിയർ തസ്തികയായ കെ.ടി.ഡി.എഫ്.സി എം.ഡിയാക്കിയതും കോടതി മരവിപ്പിച്ചു. എല്ലാ പോരിലും നാണംകെട്ട പരാജയമേറ്റുവാങ്ങിയതിന്റെ ക്ഷീണംതീർക്കാൻ സമൂഹമാദ്ധ്യമങ്ങളിൽ ഇടപട്ടെന്ന പേരിൽ സസ്പെൻഡ് ചെയ്തെന്നാണ് ആക്ഷേപം.

പോവുന്ന പോക്കിൽ ശത്രുക്കളെന്ന് സംശയിക്കുന്നവരുടെ നേർക്ക് ഒരു റൗണ്ട് വെടിയുതിർക്കുകയാണ് സർക്കാരെന്നും അശോക് തുറന്നടിച്ചു. സർക്കാരുദ്യോഗസ്ഥർ തന്റെ അടിമകളാണെന്നും പുകഴ്‌ത്തിപ്പാടാൻ ജനിച്ചവരാണെന്നും ഒരുമിച്ചുനിന്ന് വാഴ്‌ത്തുപാട്ട് പാടാമെന്നുമാണ് ചിലരുടെ മനോഭാവം. സമൂഹമാദ്ധ്യമ ഇടപെടലിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിരുന്നു. നിയമോപദേശം തേടിയ കമ്മിഷൻ താത്വികമായ ലേഖനമാണെന്നു ചൂണ്ടിക്കാട്ടി പരാതിയിൽ ഇടപെട്ടില്ല. അച്ചടക്കലംഘനമുണ്ടോയെന്ന് സർക്കാരിന് പരിശോധിക്കാമെന്നും കമ്മിഷൻ നിലപാടെടുത്തു. ആ ഫയൽ പരിഗണിച്ചാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. ഏത് പരാമർശമാണ് സർക്കാരിന്റെ താത്പര്യത്തിന് എതിരായതെന്ന് സസ്പെൻഷൻ ഉത്തരവിലില്ല. മാദ്ധ്യമങ്ങളിൽ നടത്തിയ ഇടപെടൽ എന്നുമാത്രമാണുള്ളത്. ഏത് പരാമർശമെന്ന് അറിഞ്ഞാലേ മറുപടി നൽകാനാവൂ. മുഖ്യമന്ത്രിയിൽ താഴെയുള്ള ഒരാൾക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരേ നടപടിയെടുക്കാനാവില്ല. മുഖ്യമന്ത്രിയുടെ അംഗീകാരം അനിവാര്യമാണ്. മുഖ്യമന്ത്രിക്കെതിരായ 5കേസുകൾ തോറ്റതുമായി തട്ടിച്ചുനോക്കുമ്പോൾ സസ്പെൻഷൻ ഉത്തരവ് നിസാരമാണ്. കാലാവധി തീരാൻ ദിവസങ്ങൾക്ക് മുൻപ് ആരും മിണ്ടാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാരെന്നും അശോക് ആരോപിച്ചു.

ഏകോപനം പാളി

ഒന്നാം പിണറായി സർക്കാർ ഐ.എ.എസുദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഒരു ടീമായി പ്രവർത്തിച്ചു. രണ്ടാം പിണറായി സർക്കാരിന് താളംതെറ്റി. 12വിരമിച്ച ഉദ്യോഗസ്ഥരെ സർക്കാരിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്തിച്ചതാണ് വിനയായത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വകുപ്പുകളെ ഏകോപിപ്പിക്കേണ്ടത്. ആദ്യം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഏകോപിപ്പിച്ചു. പിന്നീട് ആ സ്ഥാനം ഒഴിച്ചിട്ട ശേഷം 2018ൽ വിരമിച്ച ഉദ്യോഗസ്ഥനെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി സൃഷ്ടിച്ച് നിയമിച്ചു. അതോടെ സിവിൽസർവീസുമായി ഏകോപനമില്ലാതായി. അദ്ദേഹം ക്യാബിനറ്റ് പദവിയോടെ ചീഫ്സെക്രട്ടറിയെ പോലെ പ്രവർത്തിച്ചു. ഐ.എ.എസ് അസോസിയേഷന്റെ കേസുകൾ വിരമിച്ച ഉദ്യോഗസ്ഥർ വ്യക്തിപരമായെടുത്തു. കേസുകൾ നടത്തിച്ചതിന്റെ പ്രതികാരമെന്നോണമാണ് സസ്പെൻഷൻ. ഇത് കാട്ടി ഭീഷണിപ്പെടുത്തേണ്ടതില്ല. കാലാന്തരത്തിൽ മാഞ്ഞുപോവും. അഖിലേന്ത്യാ സർവീസുദ്യോഗസ്ഥരോട് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു. രാഷ്ട്രീയതാത്പര്യമുള്ളവരോട് ആശ്രിതവാത്സല്യം കാട്ടി അരുമമൃഗങ്ങളായി വളർത്തിയെടുക്കുന്നു. അവരെക്കൊണ്ട് ക്രമക്കേടുകളും അഴിമതികളും നടത്തിക്കുക. അല്ലാത്തവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു. ഇതായിരുന്നു കഴിഞ്ഞ 5വർഷത്തെ പ്രവർത്തനശൈലി -അശോക് പറഞ്ഞു.

ഒരടി പോലും പിന്നോട്ടില്ല

ഐ.എ.എസ് ഉദ്യോഗസ്ഥർ ആരുടെയും അടിമകളല്ല

അത് അവസാനിപ്പിക്കാനും ചോദ്യങ്ങളില്ലാത്ത അടിമകളെ സൃഷ്ടിക്കാനും ബോധപൂർവമായ ശ്രമം

തുടർഭരണം ഉറപ്പാക്കാൻ ആറുമാസമായി ഉദ്യോഗസ്ഥ കോക്കസ് സജീവമായി പ്രവർത്തിക്കുന്നു.

വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തനിക്കെതിരേ തിരിഞ്ഞത്. തദ്ദേശകമ്മിഷനാക്കി ഉത്തരവിറക്കി. പുറത്താക്കിയാലും പറയാനുള്ളത് പറയും.

മുബയിലെ ഡിജിറ്റൽ മാർക്കിംഗ് കമ്പനിയെ ഉപയോഗിച്ച് 130കോടിയുടെ ക്യാമ്പെയിൻ

ടെൻഡറുകളില്ലാതെ കരാർ നൽകിയതിലടക്കം ക്രമക്കേടാണ്. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്താക്കിയ സ്ഥിതിയാണിപ്പോൾ. സിവിൽസർവീസിനു പുറത്ത് അനാവശ്യമായ രാഷ്ട്രീയ സമ്മർദ്ദമുണ്ടാക്കി. സഹകരിക്കാതിരിക്കുന്നവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നു. സ്വന്തം ബുദ്ധിയുപയോഗിച്ച് വിശകലനം നടത്തി ബോദ്ധ്യം വരുന്ന കാര്യങ്ങൾ ഫയലിലെഴുതുകയും, മന്ത്രിമാരോട് പറയുകയുമാണ് സിവിൽ സർവീസിന്റെ രീതി. അല്ലെങ്കിൽ സംസ്ഥാന സർവീസ് മതിയാവുമായിരുന്നു. ആ രീതി അവസാനിപ്പിക്കാനും ചോദ്യങ്ങളില്ലാത്ത അടിമകളെ സൃഷ്ടിക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നു. വകുപ്പുകളിൽ ഡസൻ കണക്കിന് പ്രശ്നങ്ങളുണ്ട്. ഭരണം മാറുമ്പോൾ പുതിയ സർക്കാരിന് വിവരങ്ങൾ നൽകാൻ ഏതെങ്കിലും ഉദ്യോഗസ്ഥൻ തുനിഞ്ഞാൽ ശരിയാക്കിക്കളയുമെന്ന ഭീഷണിയാണെങ്കിൽ വിലപ്പോവില്ലെന്നും അശോക് ചൂണ്ടിക്കാട്ടുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.