
കൊല്ലം : കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗാനമേളയിൽ ആർ.എസ്.എസ് ഗണഗീതം പാടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിന്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. നാഗർകോവിൽ നൈറ്റ് ബേർഡ‌് എന്ന ഗാനമേള ട്രൂപ്പിലെ ഗായകനാണ് കേസിൽ ഒന്നാംപ്രതി. ക്ഷേത്രോപദേശക സമിതി അംഗങ്ങൾക്കെതിരെയും കേസെടുത്തു, ഗാനമേളയിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്,ഐ,ആറിലുള്ളത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നുമാണ് ഉപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് പ്രതികരിച്ചിരിക്കുന്നത്. ഗാനമേളയ്ക്കെതിരെ കോട്ടുക്കൽ സ്വദേശി പ്രതിനാണ് പൊലീസിൽ പരാതി നൽകിയത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിൽ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയും പരാതി നൽകിയിട്ടുണ്ട്.
അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോൺസർ ചെയ്തത്. അവർ നേരത്തെ തന്നെ ഈപാട്ട് പാടണമെന്ന് നിർദ്ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതർ പറയുന്നു. ആർഎസ്എസുമായി ബന്ധപ്പെട്ട രണ്ടു പാട്ട് പാടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ അതിലൊന്ന് തങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |