
കാഞ്ഞാണി : ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളികളായ നാല് യുവാക്കളും ഇന്ന് വിമാനമാർഗ്ഗം നാട്ടിലെത്തും. തൃശൂർ അന്തിക്കാട് പാന്തോട് ബാലൻ മകൻ വൈശാഖ് (30), കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് കറപ്പൻ മകൻ രഘു (50), ഇരിങ്ങാലക്കുട വെള്ളാനിക്കര കുറ്റിക്കാട്ട് പറമ്പിൽ ചന്ദ്രൻ മകൻ വിജീഷ് (38), കാറളം കൊല്ലായിൽ സുരേഷ് മകൻ കിരൺ (38) എന്നിവരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
ഗുരുതരമല്ലാത്ത പരിക്കോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ സഹായവുമായി ഓൾ കേരള മലയാളി അസോസിയേഷൻ പ്രവർത്തകരാണെത്തിയത്. അസോസിയേഷൻ നോർക്കയുമായി ബന്ധപ്പെട്ടാണ് നാല് പേരെയും നാട്ടിലെത്തിക്കുന്നത്. നോർക്ക അധികൃതർ ഇന്നലെ എയർപോട്ടിന് സമീപം നാലുപേർക്കും താമസസൗകര്യം ഒരുക്കിയെന്ന് രഘു പറഞ്ഞു. സ്ഥിതി വിലയിരുത്താനായി നോർക്ക സെക്രട്ടറിയുമെത്തി. ഭുവനേശ്വറിൽ നിന്ന് ഇന്ന് വൈകിട്ട് മൂന്നോടെ ബംഗളുരുവിലെത്തും. വൈകിട്ട് ആറിന് അവിടെ നിന്ന് തിരിച്ച് ഏഴ് മണിയോടെ കൊച്ചിയിലെത്തും. വീട്ടിലെത്തും വരെ നോർക്ക അധികൃതരും ഒപ്പമുണ്ടാകും. ചെലവ് നോർക്കയാണ് വഹിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ നാട്ടുകാരുമെത്തും. കൊൽക്കത്തയിൽ ബുദ്ധക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മാണവുമായി ബന്ധപ്പെട്ട് പോയ യുവാക്കൾ നാട്ടിലേക്ക് കൊറമാണ്ടൽ എക്‌സ്‌പ്രസിൽ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |