SignIn
Kerala Kaumudi Online
Sunday, 17 May 2026 6.05 AM IST

വിഴിഞ്ഞം ഭൂഗർഭ  റെയിൽപ്പാത : ഓസ്ട്രിയൻ  മോഡൽ തുരങ്ക  നിർമ്മാണം

train

തിരുവനന്തപുരം: രാജ്യത്തെ വലിയ മൂന്നാമത്തെ റെയിൽവേ ടണൽ വിഴിഞ്ഞത്ത് നിർമ്മിക്കുന്നത് ചെലവു കുറഞ്ഞ ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതിയിൽ. ചെലവേറിയ ടണൽ ബോറിംഗ് മെഷീൻ രീതിക്കുപകരം ചെലവുകുറഞ്ഞ ആധുനിക ഡ്രില്ലിംഗ് ബ്ളാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂഗർഭപാത നിർമ്മിക്കുന്നത് രാജ്യത്ത് ആദ്യം. അധികം സ്ഥലമേറ്റെടുപ്പ് വേണ്ട. ഭൂഗർഭ പാതയായതിനാൽ 5.5 ഹെക്ടർ സ്ഥലമേറ്റെടുത്താൽ മതി. അല്ലെങ്കിൽ 65 ഹെക്ടർ വേണ്ടിവരും.

വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നർ നീക്കത്തിനായി നിർമ്മിക്കുന്ന ഭൂഗർഭ റെയിൽപ്പാതയുടെ വിശദമായ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ)​ ചീഫ് സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷനായ പദ്ധതി നിർമ്മാണസമിതി അംഗീകാരം നൽകി. കൊങ്കൺ റെയിൽവേയ്ക്കാണ് നിർമ്മാണച്ചുമതല. ബാലരാമപുരത്തെ പ്രധാന റെയിൽവേ ലൈനുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന പാതയുടെ ആകെനീളം 10.76 കിലോമീറ്റർ. ഇതിൽ 9.5 കിലോമീറ്ററാണ് ഭൂഗർഭപാത. 42 മാസത്തിനുള്ളിൽ പൂർത്തിയാക്കും. 36 മാസം കൊണ്ട് ടണൽ നിർമ്മിക്കും. തുറുമുഖ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ആദ്യഘട്ടം സെപ്തംബറിൽ ഉദ്ഘാടനം ചെയ്യും. രണ്ട് കൂറ്റൻ ബാർജുകളിൽ കണ്ടെയ്നറുകളെത്തിച്ച് അടുത്തമാസം ട്രയൽറൺ.

ഉധംപു‌ർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ ഭാഗമായ 12.75 കി.മീറ്റർ ടണൽ, 11.2 കി.മീ നീളമുള്ള പിർ പഞ്ചാൾ എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ മറ്റുരണ്ട് റെയിൽവേ ടണലുകൾ. റെയിൽപ്പാത നിർമ്മാണം പൂർത്തിയാകുന്നതുവരെ കണ്ടെയ്നർ നീക്കം റോഡ് മാർഗമായിരിക്കും. ഇതിനായി കന്യാകുമാരി ഹൈവേയുമായി ബന്ധിപ്പിച്ച് തുറമുഖ റോഡ് വീതികൂട്ടി. തുറമുഖ കമ്പനിയും സംസ്ഥാന സർക്കാരും ചേർന്നാകും നിർമ്മാണം. പണം കണ്ടെത്താൻ കേന്ദ്രസഹായവും തേടും.

ബാലരാമപുരത്ത് ബ്രോഡ്ഗേജ് പാത

തുറമുഖത്തിന് 150 മീറ്റർ അടുത്തുവരെ റെയിൽപ്പാതയെത്തും

ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നവീകരിച്ച് ക്രോസിംഗ് സിഗ്നൽ സ്റ്റേഷനാക്കും

ബാലരാമപുരത്ത് 1.2കിലോമീറ്ററിൽ ബ്രോഡ്ഗേജ് പാതയും നിർമ്മിക്കും

കണ്ടെയ്നർ യാർഡിന്റെ നിർമ്മാണം തുടങ്ങി

ന്യൂ ഓസ്ട്രിയൻ ടണലിംഗ്

പാറയുടെ ഘടനയും സ്വഭാവവും അനുസരിച്ച് പൊട്ടിച്ചും പൊടിച്ചും അതുപയോഗിച്ചുതന്നെ വശങ്ങൾ ബലപ്പെടുത്തിയും തുരന്നുപോകുന്ന രീതി. പൊട്ടിക്കുന്ന അവശിഷ്ടങ്ങൾ കൊണ്ടുതന്നെ വശങ്ങളടക്കം നിർമ്മിക്കുന്നതിനാൽ ചെലവ് കുറയും.

1400 കോടി

നിർമ്മാണച്ചെലവ്

റെയിൽ റൂട്ട്

ബാലരാമപുരം- പള്ളിച്ചൽ- വെങ്ങാനൂർ- വിഴിഞ്ഞം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA