
കണ്ണൂർ: തളിപ്പറമ്പിൽ പികെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ മണ്ഡലം കമ്മിറ്റിക്ക് എതിർപ്പെന്ന് റിപ്പോർട്ട്. ശ്യാമളയ്ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് എതിർപ്പ് ഉയരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയാണ് പികെ ശ്യാമള. എന്നാൽ നാളെ മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. പി ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക ഇന്നലെ ജില്ലാ കമ്മിറ്റി അംഗീകരിച്ചിരുന്നു.
മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് കെകെ ശൈലജ ആവശ്യപ്പെട്ടെങ്കിലും പാർട്ടി അത് അംഗീകരിച്ചില്ല. രണ്ട് ടേം പൂർത്തിയായെന്നും പാർട്ടിയുടെ ഉറച്ച സീറ്റായതിനാലും ശൈലജ മത്സരിക്കേണ്ടെന്ന് പാർട്ടി തീരുമാനിക്കുകായിരുന്നു. പേരാവൂരിൽ മത്സരിക്കാൻ തയ്യാറായാൽ രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകാമെന്ന് പാർട്ടി അറിയിച്ചു. ഈ നിർദ്ദേശം ശൈലജ അംഗീകരിക്കുകയായിരുന്നു.
അതേസമയം, സിപിഎം സിറ്റിംഗ് സീറ്റായ തളിപ്പറമ്പിൽ നിന്ന് എംവി ഗോവിന്ദൻ പിൻമാറുമ്പോൾ പകരം ഭാര്യയെ മത്സരിപ്പിക്കുന്നതിൽ പ്രവർത്തകരിൽ നിന്ന് എതിർപ്പുയരുന്നുണ്ട്. ടിഐ മധുസൂദനനെ പയ്യന്നൂരിൽ മത്സരിപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിലും മാറ്റമില്ല. മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, തലശേരിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ എന്നിവരുടെ പേരുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |