
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ പിണറായി വിജയന് താമസിക്കാൻ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് എതിർവശത്തുള്ള രണ്ട് പാർട്ടി ഫ്ളാറ്റുകൾ സജ്ജമാക്കി. ചിന്ത പബ്ളിക്കേഷന്റെ ഓഫീസ് പ്രവർത്തിക്കുന്ന മന്ദിരത്തിലെ മൂന്നാം നിലയിലെ 3എ, 3 ബി ഫ്ളാറ്റുകളാണിത്. സി.പി.എം പി.ബി അംഗങ്ങൾക്കും പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കൾക്കും പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ളാറ്റ്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്നും അദ്ദേഹം ഉടൻ ഇവിടേക്ക് താമസം മാറ്റുമെന്നാണ് സൂചന.
കണ്ണൂരിലെ വസതിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഉപയോഗിക്കുന്ന എ.കെ.ജി സെന്ററിലെ കാറിലാണ് ക്ലിഫ് ഹൗസിലേക്ക് പോയത്. കാറിന് മുന്നിലും പിന്നിലുമായി പൊലീസിന്റെ രണ്ട് സുരക്ഷാ വാഹനങ്ങൾ മാത്രമാണുണ്ടായിരുന്നത്. മറ്റ് സുരക്ഷാ അകമ്പടി വാഹനങ്ങൾ ഒഴിവാക്കി.
ബോംബ് സ്‌ക്വാഡും സുരക്ഷയ്ക്കുള്ള പൊലീസ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
പ്രതികരിക്കാതെ മുഖ്യമന്ത്രി
വിമാനത്താവളത്തിന് പുറത്തു കാത്തു നിന്ന മാദ്ധ്യമ പ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഒരു ചിരി മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. വി. ശിവൻകുട്ടി, വി.ജോയി, എ.എ. റഹീം എന്നിവർ പിണറായി വിജയനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. പിണറായി വിജയനൊപ്പം കുടുംബവും തലസ്ഥാനത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |