തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പുറത്തുവന്ന അനധികൃത പാർക്കിംഗ് കൊള്ള നഗരത്തിൽ വ്യാപകമാണെന്ന് കോർപ്പറേഷന്റെ കണ്ടെത്തൽ. ഗാന്ധിപാർക്കിൽ നിലവിൽ നടക്കുന്ന പിരിവ് അനധികൃതമാണെന്നും,നിലവിൽ പിരിക്കുന്ന കരാറുകാരന് അതിനുള്ള അധികാരമില്ലെന്നും മേയർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ബസുകളിൽ നിന്ന് 750 രൂപ ഗാന്ധിപാർക്കിൽ ഫീസ് വാങ്ങിയെന്ന് രസീത് സഹിതം മേയർ വ്യക്തമാക്കി. ഐരാണിമുട്ടത്തും എസ്.എം.വി സ്കൂൾ വളപ്പിലും മേയർ വി.വി.രാജേഷ് നേരിട്ടെത്തി നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. ഈഞ്ചയ്ക്കൽ പ്രദേശത്തും സമാനമായ പ്രശ്നമുണ്ടെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥിന് ഫോണിലൂടെ പരാതി ലഭിച്ചു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന്റെ നടത്തിപ്പുകാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ ഉടമസ്ഥതയിലാണ് ഗാന്ധി പാർക്ക്.മണക്കാട് സ്വദേശിയായ രാധാകൃഷ്ണനാണ് പാർക്കിംഗ് കരാർ കൊടുത്തിരുന്നത്. കരാറുകൾ കൃത്യമായിട്ട് പാലിക്കാത്തതിനാൽ കോർപ്പറേഷന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി 2023ൽ അദ്ദേഹത്തിന് നോട്ടീസ് കൊടുത്തു.കരാറിന്റെ മൂന്നാമത്തെ ഗഡു കോർപ്പറേഷനിൽ അടയ്ക്കാത്തതിനാൽ 2023ൽ ഇയാളുടെ കരാർ റദ്ദായി. അതേ വ്യക്തിയും അദ്ദേഹത്തിന്റെ ജോലിക്കാരുമാണ് ഇപ്പോഴും അവിടെ പണം പിരിക്കുന്നത്.കഴിഞ്ഞദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നും,ഇയാളെ ഗാന്ധിപാർക്കിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇപ്പോൾ കോർപ്പറേഷൻ ഒരു താത്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.
കരാറുകളിൽ വ്യാപക പരിശോധന
മുൻകാലങ്ങളിൽ കോർപ്പറേഷൻ കൊടുത്ത പാർക്കിംഗ്,വിവിധ കെട്ടിടങ്ങൾ എന്നിവയുടെ കരാറുകൾ കൂട്ടത്തോടെ പരിശോധിക്കുമെന്ന് മേയർ വി.വി.രാജേഷ് വ്യക്തമാക്കി.
പാർക്കിംഗ് കേന്ദ്രങ്ങൾക്ക് ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചേ പ്രവർത്തിക്കാനാകൂ. കെട്ടിടങ്ങൾ കരാറെടുത്തവർ മറിച്ചുകൊടുത്തിട്ടുണ്ടോ വാണിജ്യകെട്ടിടങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. പലതിനും കരാർ നിലവിലില്ലാത്ത സ്ഥിതിയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |