
തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ തന്നെയും കുടുംബത്തെയും അധിക്ഷേപിക്കാൻ ശ്രമിച്ചയാൾക്ക് ചുട്ട മറുപടിയുമായി നടി ജ്യോതിക. സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റിയെ എങ്ങനെ പക്വതയോടെ നേരിടാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഡിഎംകെ ഭരണകാലത്തെയും താരത്തിന്റെ സാമൂഹിക ഇടപെടലുകളെയും കളിയാക്കിക്കൊണ്ടുള്ള കമന്റിനായിരുന്നു ജ്യോതികയുടെ മറുപടി.
തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരം ഒഴിഞ്ഞ സാഹചര്യത്തിൽ ഇനി ജ്യോതികയും കുടുംബവും ആക്ടിവിസം വഴി പണം സമ്പാദിക്കാൻ ഇറങ്ങുമെന്നായിരുന്നു ഒരാളുടെ പരിഹാസം. 'ഇന്റലിജന്റ് ഫൂൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നായിരുന്നു അധിക്ഷേപം നിറഞ്ഞ കമന്റ് വന്നത്. 'അക്കാ, നിങ്ങൾ ഇനി ആക്ടിവിസത്തിലേക്ക് ഇറങ്ങണം. ഡിഎംകെ അധികാരത്തിൽ നിന്നും പുറത്തായല്ലൊ. ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണമുണ്ടാക്കാം. ഡിഎംകെ ഭരണകാലത്ത് ഇതെല്ലാം നിങ്ങൾ മറന്നിരിക്കുകയായിരുന്നല്ലൊ' എന്നായിരുന്നു കമന്റ്.

'ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് ചേർന്ന പേര് തന്നെയാണ്'- എന്നായിരുന്നു താരത്തിന്റെ മറുപടി. ജ്യോതിക കുറിച്ച കമന്റ് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു. തന്റെ പ്രൊഫൈലിന് നൽകിയ പേര് പോലെ 'ബുദ്ധിയുള്ള വിഡ്ഢിയായാണ്' അയാൾ പെരുമാറുന്നതെന്നാണ് ജ്യോതിക പരിഹസിച്ചത്.
മറുപടി വൈറലായതോടെ നിരവധി ആരാധകർ ജ്യോതികയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് താരത്തെ തള്ളവിടാൻ നോക്കുന്നവർക്കുള്ള തക്കതായ മറുപടിയാണിതെന്നും ആരാധകർ കുറിച്ചു. മുൻപും തഞ്ചാവൂർ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ അടക്കമുള്ള വിഷയങ്ങളിൽ പരസ്യമായ നിലപാടെടുത്ത് ജ്യോതിക ശ്രദ്ധ നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
