SignIn
Kerala Kaumudi Online
Sunday, 24 May 2026 1.44 AM IST

കരസേനയുടെ ഹെലികോപ്ടർ ലേയിൽ തകർന്നുവീണു

d

 മൂന്ന് സൈനികർക്ക് അദ്ഭുത രക്ഷ

 അപകടസ്ഥലത്തുനിന്ന് സെൽഫി

ലേ: ലഡാക്കിലെ ലേയിൽ താങ്‌സ്റ്റെ മലനിരകൾക്കുസമീപം ഇന്ത്യൻ കരസേനയുടെ ഹെലികോപ്ടർ തകർന്നുവീണു. മൂന്ന് സൈനികർക്ക് അദ്ഭുത രക്ഷ. കരസേനയുടെ ചീറ്റ ഹെലികോപ്ടർ ബുധനാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെയാണ് സേന വിവരം പുറത്തുവിട്ടത്. മൂന്നാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗായ മേജർ ജനറൽ സച്ചിൻ മേത്തയും രണ്ട് ഓഫീസർമാരുമാണുണ്ടായിരുന്നത്.

നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഇവർ അപകടസ്ഥലത്തുനിന്നെടുത്ത സെൽഫി പുറത്തുവന്നു. മേജർ ജനറൽ മേത്തയാണ് സെൽഫിയെടുത്തത്. മൂവരും കല്ലിന് മുകളിൽ ഇരിക്കുന്നതും സമീപത്ത് കോപ്ടർ തകർന്നുകിടക്കുന്നതും കാണാം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. പർവതപ്രദേശത്തെ അപകടകരമായ കാലാവസ്ഥയാകാം കാരണമെന്ന് കരുതുന്നു.

1970കൾ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് ചീറ്റ ഹെലികോപ്ടറുകൾ. 1984ലെ ഓപ്പറേഷൻ മേഘദൂത് ഉൾപ്പെടെ സിയാച്ചിൻ മേഖലയിലെ സൈനിക നീക്കങ്ങളിൽ ഇവ പ്രധാന പങ്കുവഹിച്ചു. എന്നാൽ സമീപകാലത്ത് ചില അപകടങ്ങളും പൈലറ്റുമാരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.

പഴക്കമുള്ളതുകൊണ്ട് പ്രതിരോധ സേന ഘട്ടംഘട്ടമായി നിറുത്തലാക്കിവരുന്ന വിഭാഗമാണ് ചീറ്റാവ്യൂഹം. പകരം ഹിന്ദുസ്ഥാൻ എയറോ‌നോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന നേവൽ യൂട്ടിലിറ്റി കോപ്ടറാണ് വരിക. പരമാവധി 220 കിലോമീറ്റർ വേഗതയും 6.5 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനുള്ള ശേഷിയും 350 കിലോമീറ്റർ പ്രവർത്തന പരിധിയുമാണ് ഇവയ്ക്കുള്ളത്. ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ പറക്കാൻ കഴിയുന്ന അഞ്ച് സീറ്റുകളുള്ള കോപ്ടറുകളാണ് ചീറ്റ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360