
ഹൈദരാബാദ്: ഐപിഎല്‍ സീസണില്‍ മൂന്നാം ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. ഒമ്പത് ഓവറില്‍ 105ന് ഒന്ന് എന്ന ശക്തമായ നിലയില്‍ നിന്നാണ് ഹൈദരാബാദ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആറിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 43(36) - ഫിന്‍ അലന്‍ 29(13) എന്നിവര്‍ സമ്മാനിച്ചത്. തുടക്കം മുതല്‍ ഇരുവരും അക്രമിച്ച് കളിക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അന്‍ക്രിഷ് രഘുവംശി 59(47) റണ്‍സ് നേടി ടോപ് സ്‌കോററായി. റിങ്കു സിംഗ് 22*(11), കാമറൂണ്‍ ഗ്രീന്‍ 3*(3) എന്നിവര്‍ പുറത്താകാതെ നിന്നു. ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് കൊല്‍ക്കത്തയുടെ ആകെ സമ്പാദ്യം ഏഴ് പോയിന്റ് ആയി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് 61(28) നേടിയ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ ഗംഭീര തുടക്കം ലഭിച്ചിരുന്നു. ഇഷാന്‍ കിഷന്‍ 42(29) കൂടി തിളങ്ങിയതോടെ ഒമ്പത് ഓവര്‍ പിന്നിടുന്നതിന് മുമ്പ് ടീം സ്‌കോര്‍ നൂറ് കടന്നു. അഭിഷേക് ശര്‍മ്മ 15(10) ആണ് ആദ്യം പുറത്തായത്. എന്നാല്‍ ഹെഡ്, പിന്നാലെ വന്ന ക്ലാസന്‍ 11(8) എന്നിവരുടെ വിക്കറ്റുകള്‍ വീണതിന് പിന്നാലെ ഹൈദരാബാദ് ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സുനില്‍ നരെയന്‍, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ഹൈദരാബാദിന്റെ കഥകഴിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |