SignIn
Kerala Kaumudi Online
Tuesday, 21 March 2023 6.54 AM IST

അനശ്വരം, ശങ്കരാഭരണം കെ.വിശ്വനാഥ് അന്തരിച്ചു

viswanathan

ഹൈദരാബാദ്:ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മ്യൂസിക്കൽ ക്ലാസിക് ആയ സൂപ്പർഹിറ്റ് ചിത്രം ശങ്കരാഭരണത്തിന്റെ സംവിധായകൻ കെ. വിശ്വനാഥ് ( 92) അന്തരിച്ചു.രാഷ്‌ട്രം പത്മശ്രീയും ദാദ സാഹെബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ വസതിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. തിരക്കഥാകൃത്തും​ അഭിനേതാവുമായിരുന്നു. തെലുങ്ക് സിനിമയിലെ സർഗധനരായ സംവിധായകരിൽ പ്രമുഖനായിരുന്നു.

1980ൽ ഇറങ്ങിയ ശങ്കരാഭരണം മികച്ച സിനിമയ്ക്കുള്ള സ്വർണ കമലം ഉൾപ്പെടെ നാല് ദേശീയ പുരസ്കാരങ്ങൾ നേടി.1965 മുതൽ 2010 വരെ 45 വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിൽ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി അൻപതിലേറെ സിനിമകൾ സംവിധാനം ചെയ്‌തു. അ‌ഞ്ച് ദേശീയ അവാർഡുകൾ,​ ആറ് സംസ്ഥാന നന്ദി അവാർഡുകൾ,​ പത്ത് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡുകൾ,​ ബോളിവുഡ് ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രീയ കലാ ലോകത്തെ നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

സാഗരസംഗമം, ആത്മഗൗരവം, സപ്തപദി, സ്വർണകമലം, സ്വാതി മുത്യം, ശ്രുതിലയലു, തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളാണ്. കമലഹാസൻ അഭിനയിച്ച സ്വാതി മുത്യം 59ാമത് ഓസ്കാ‌ർ അവാർഡിൽ മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു.

സൗണ്ട് റെക്കോഡിസ്റ്റായിട്ടായിട്ടാണ് തുടക്കം. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറും സ്വതന്ത്ര സംവിധായകനുമായി. 1965ൽ ഇറങ്ങിയ ആത്മഗൗരവം ആണ് ആദ്യ സിനിമ. ശുഭപ്രദം ( 2010)അവസാന സിനിമയും.ജാതി വ്യവസ്ഥയും സ്ത്രീധനവും പോലുള്ള സാമൂഹ്യപ്രശ്നങ്ങൾ അദ്ദേഹത്തിന്റെ പല സിനിമകളിലും പ്രമേയമായിരുന്നു.

ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ പെഡപുലിവാറുവിൽ കസിനധുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930ലാണ് ജനനം. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി,​ രവീന്ദ്ര നാഥ്,​ നാഗേന്ദ്ര നാഥ് എന്നിവരാണ് മക്കൾ. നടൻ ചന്ദ്രമോഹൻ,​ അന്തരിച്ച ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യം,​ സഹോദരി എസ്. പി ശൈലജ എന്നിവർ ബന്ധുക്കളാണ്.

ശങ്കരാഭാരണം എന്ന ക്ലാസിക്

കലാ മൂല്യമുള്ള സിനിമകൾക്ക് വാണിജ്യ വിജയവും നേടാമെന്ന് തെളിയിച്ച് തെലുങ്ക് സിനിമയെ ആഗോളപ്രശസ്‌തമാക്കിയ സംഗീത ചിത്രമായിരുന്നു ശങ്കരാഭരണം. തെലുങ്ക് സിനിമ ശങ്കരാഭരണത്തിന് മുമ്പും ശേഷവും എന്ന് വേർതിരിക്കാം. കർണാടക സംഗീതത്തിന് ബോക്സ് ഓഫീസിൽ പണം വാരാമെന്ന് ആ സിനിമ തെളിയിച്ചു. വിവിധ ഭാഷകളിൽ മൊഴിമാറ്റിയ ശങ്കരാഭരണം നിരവധി തിയേറ്ററുകളിൽ ഇരുനൂറിലേറെ ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ചു. മലയാളം പതിപ്പ് ഒരു വർഷത്തിലേറെയാണ് പ്രദർശിപ്പിച്ചത്. സുർ സംഗം എന്ന പേരിൽ ഹിന്ദിയിൽ വിശ്വനാഥ് തന്നെ റീമേക്ക് ചെയ്‌തു.

ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി.ബാലസുബ്രഹ്മണ്യത്തെക്കൊണ്ട് ശാസ്ത്രീയ ഗാനങ്ങൾ പാടിപ്പിച്ച ധീരമായ പരീക്ഷണവും നടത്തി. ശങ്കരാ.. നാദശരീരാപരാ... എന്ന ഗാനം തലമുറകൾ ഏറ്രെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VISWANATHAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.