കോഴിക്കോട്: കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂർ സ്വദേശിയായ വിദ്യാർത്ഥിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ദിയ അഷറഫെന്ന പത്തൊമ്പതുകാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ജുഡിഷ്യൽ അംഗം കെ.ബൈജുനാഥാണ് കേസെടുത്തത്. മത്സരത്തിനിടയിൽ കൈയിലെ എല്ല് പൊട്ടി. വലതു കൈവിരലുകൾക്ക് ഗുരുതര പരിക്കുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ല. ചികിത്സാസഹായം ചോദിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് പരാതി. ഇനിയും ആറു മാസത്തോളം ചികിത്സ തുടരണം. മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്. പത്തു ദിവസത്തിനകം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. 21ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |