മംഗളൂരു: കടലിൽ നിന്ന് പരശുരാമൻ സൃഷ്‌ടിച്ചെടുത്തതാണ് കേരളം എന്നൊരു പഴമൊഴി നമുക്കിടയിലുണ്ട്. ചരിത്രപരമായി വസ്തുതകൾ ഇല്ലെങ്കിലും ഹൈന്ദവർ വിശ്വാസപരമായി ഈ പഴമൊഴി സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ പരശുരാമന് തിരുവല്ലത്ത് ക്ഷേത്രവുമുണ്ട്. കർക്കിടകവാവ് ദിവസത്തെ ബലിയിടൽ ചടങ്ങ് ലോകപ്രശസ്തവുമാണ്. ഇപ്പോഴിതാ കർണാടകയിൽ പരശുരാമന് വലിയൊരു വിസ്‌മയലോകം തീർത്തിരിക്കുകയാണ് അവിടുത്തെ സർക്കാർ.
ഉഡുപ്പി ജില്ലയിലെ കർക്കലയിലാണ് ദി പരശുരാമ തീം പാർക്ക് യാഥാർത്ഥ്യമായിരിക്കുന്നത്. പാർക്കിന്റെ ഉദ്‌ഘാടനം ഇക്കഴിഞ്ഞ ജനുവരി 28ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിച്ചു. 33 അടിയുള്ള പരശുരാമന്റെ വെങ്കലപ്രതിമയാണ് പാർക്കിന്റെ ഏറ്റവും ആകർഷണീയ ഘടകം. ഒരുകൈയിൽ പരശുവും മറുകൈയിൽ ധനുസും ഉയർത്തി നിൽക്കുന്ന പ്രതിമ കാണേണ്ട കാഴ്‌ച തന്നെയാണ്.
കർണാടകയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമാക്കി പരശുരാമ പാർക്കിനെ മാറ്റുന്നതിന് മാസ്‌റ്റർ പ്ളാൻ തയ്യാറാകുന്നതായി ഉദ്‌ഘാടന വേളയിൽ ബസവരാജ് ബൊമ്മൈ അറിയിച്ചു. തുളുനാടിന്റെ ശിൽപി എന്നാണ് പരശുരാമനെ കന്നഡക്കാർവിശേഷിപ്പിക്കുന്നത്. ബൈലൂരിലെ ഉമിക്കൽ കുന്നിലാണ് പാർക്ക് സ്ഥാപിച്ചിട്ടുള്ളത്, ഉഡുപ്പിക്കും കർക്കാലയ്‌ക്കുമിടയിലെ ദേശീയപാതയോരത്താണിത്.
ഭജന മന്ദിരം, മ്യൂസിയം, ഓപ്പൺ എയർ ആംഫി തിയേറ്റർ, പരശുരാമന്റെ കഥവിവരിക്കുന്ന പെയിന്റിംഗുകൾ, ഓഡിയോ വിഷ്വൽ ഗാലറി, റസ്‌റ്റോറന്റ് എന്നിവയാണ് പാർക്കിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |