
നമ്മുടെ നാട്ടിൽ വിളക്കുവച്ച് ആരാധിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷ്ഠയ്‌ക്ക് മുകളിലോ അല്ലെങ്കിൽ ഗോപുരത്തിന് മുകളിലോ വ്യാളിമുഖം സ്ഥാപിച്ചിരിക്കുന്നത് കാണാൻ കഴിയും. ശിവകിരീടമണിഞ്ഞ് നാക്ക് പുറത്തേക്ക് തള്ളി കൈകൾ രണ്ടും താഴേക്ക് നീട്ടിപ്പിടിച്ച് ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം.
വ്യാളിമുഖത്തിന് പിന്നിലെ ഐതിഹ്യം
സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസനുഷ്‌ഠിച്ച് ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി തനിക്കൊരു പുത്രനെ വേണമെന്ന് ആവശ്യപ്പെട്ടു. ഒരു സത്‌പുത്രൻ പിറക്കട്ടെയെന്ന് ഭയവാൻ വരം കൊടുത്തു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത് തങ്ങള്‍ക്കും മുകളിലായിരിക്കുമെന്ന് മറ്റ് ദേവപത്‌നിമാർ വ്യാകുലപ്പെട്ടു. അവർ വിഷമം നാരദമുനിയെ അറിയിച്ചു. തുടർന്ന് പ്രകൃതിദേവിക്ക് ഭക്ഷണമായി നൽകുന്ന പഴങ്ങളിൽ വജ്രം കലർത്തി ഗർഭം അലസിപ്പിക്കാൻ നാരദരുടെ സാന്നിദ്ധ്യത്തിൽ ദേവീദേവന്മാർ തീരുമാനിച്ചു.
പ്രകൃതിദേവിയുടെ തോഴിമാരെ ഇവർ സ്വാധീനിച്ച് ഇത് ചെയ്‌തു. പത്ത് മാസത്തിന് ശേഷം പ്രകൃതിദേവി പ്രസവിച്ചപ്പോൾ കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃത രൂപമാണ് ഭൂമിയിൽ പിറന്നുവീണത്. മാത്രമല്ല, ഈ വ്യാളിമുഖം പിറന്നുവീണപ്പോൾ വജ്രത്തിന്റേതുപോലുള്ള 'കിം' എന്ന ശബ്‌ദവും ഉണ്ടായെന്നാണ് വിശ്വാസം. അതിനാൽ പ്രകൃതിദേവിയുടെ പുത്രനെ 'കിം പുരുഷൻ ' എന്നും അറിയപ്പെടുന്നുണ്ട്. തന്റെ കുഞ്ഞിന്റെ വികൃതരൂപം കണ്ട പ്രകൃതിദേവി കോപിച്ചു. ദേവിയുടെ ശാപമേൽക്കാതിരിക്കാൻ മറ്റ് ദേവീദേവന്മാർ പ്രകൃതിദേവിയോട് അപേക്ഷിച്ചു.
'ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക് എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. കിംപുരുഷനെ (വ്യാളിമുഖത്തെ) വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ'- എന്ന് ദേവന്മാർ വാക്കുനൽകി. അങ്ങനെയാണ് ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്റെയും മുകളില്‍ അധിപനായി ശിവപുത്രന്‍ കിം- പുരുഷന്‍ (വ്യാളിമുഖന്‍) വിരാജിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |