SignIn
Kerala Kaumudi Online
Sunday, 17 May 2026 2.44 AM IST

ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയിൽ; വെള്ളക്കരം വർദ്ധിപ്പിച്ച വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്‌പീക്കറുടെ റൂളിംഗ്

roshy-augustine

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വ‌ർദ്ധിപ്പിച്ച വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്‌പീക്കറുടെ റൂളിംഗ്. വെള്ളക്കരം വർദ്ധിപ്പിച്ച വിവരം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നുവെന്ന് സ്‌പീക്കർ എ എൻ ഷംസീർ ചൂണ്ടിക്കാട്ടി. ചട്ടം 303 പ്രകാരം എ പി അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിംഗ്.

വെള്ളക്കരം വർദ്ധിപ്പിച്ച് സർക്കാ‌ർ ഉത്തരവ് പുറപ്പെടുവിച്ചത് സഭാസമ്മേളന കാലയളവിലാണ്. ഇത്തരം തീരുമാനങ്ങൾ സഭാസമ്മേളന കാലത്ത് സഭയിൽ തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് എ പി അനിൽകുമാർ ഉന്നയിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ റൂളിംഗുകൾ ഉണ്ടായിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചത് ഉചിതമായില്ലെന്നുമാണ് അനിൽകുമാ‌ർ ഉന്നയിച്ച ക്രമപ്രശ്നത്തിൽ വ്യക്തമാക്കിയത്.

നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം സ്വീകരിക്കുമ്പോൾ സഭാസമ്മേളന കാലയളവിലാണെങ്കിൽ അക്കാര്യം സഭയിൽതന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമാണ് സഭയ്ക്കുള്ളതെന്ന് സ്‌പീക്കർ റൂളിംഗിനിടെ വ്യക്തമാക്കി. ഇതിന് മാതൃകയായി മുൻകാല റൂളിംഗുകളുണ്ട്. സംസ്ഥാനത്ത് വർഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കരത്തിന്റെ നിരക്ക് വ‌ർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അന്തിമ തീരുമാനം പുറപ്പെടുവിച്ചത് തികച്ചും ഭരണപരമായ നടപടി ആണെങ്കിൽ പോലും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തിൽ ആയിരിക്കുന്ന കാലയളവിൽ ഇക്കാര്യം സഭയിൽതന്നെ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിൽ ഉത്തമമായ മാതൃകയായേനെ എന്ന് സ്‌പീക്കർ ചൂണ്ടിക്കാട്ടി. ഭാവിയിൽ ബന്ധപ്പെട്ടവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WATERTAX, SPEAKER, RULING, MINISTER ROSHY AUGUSTINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA