SignIn
Kerala Kaumudi Online
Friday, 29 March 2024 1.08 AM IST

കേരളത്തിന്റെ സാമ്പത്തിക വളർച്ച അധികം വൈകാതെ തൃശ്ശൂർ നിശ്ചയിക്കും, സ്വർണമല്ല ഇനി വജ്രത്തിന്റെ കച്ചവടം പൂരനഗരിയിൽ പൊടിപൊടിക്കും

diamonds

മുന്നൂറോളം കമ്പനികളും 25,000 ലേറെ തൊഴിലാളികളുമായി രണ്ടരപതിറ്റാണ്ട് മുൻപ് തൃശൂർ ജില്ലയുടെ സമ്പദ്‌രംഗത്തിന് തിളക്കം നൽകിയിരുന്നു വൈരക്കൽ അഥവാ ഡയമണ്ട് വ്യവസായം. വ്യവസായത്തിന് ആവശ്യമായ വൈരക്കല്ലുകളുടെ (ഡയമണ്ട്) വില താങ്ങാനാവാത്തതായിരുന്നു. കുത്തക ഗുജറാത്ത് മുതലാളിമാരുടെ കൈകളിലും. എന്നാൽ പരമ്പരാഗതമായ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വൈരക്കൽ മിനുക്കുപണിയിൽ മലയാളികളുടെ വൈദഗ്ധ്യവും കരവിരുതും വിശ്വാസ്യതയും കാരണം തൃശൂരിലെ വൈരക്കൽ തൊഴിൽശാലകളിലേക്ക് വൈരക്കല്ലുകൾ വിതരണം ചെയ്യാൻ ഗുജറാത്ത് മുതലാളിമാർ തയ്യാറായി. തൃശൂരിലെ തൊഴിൽശാലകളിലേയ്ക്ക് ഏറ്റവും ചെറിയ വൈരക്കല്ലുകളാണ് വിതരണം ചെയ്തിരുന്നത്.

സൂക്ഷ്മമായ കല്ല് ഉരച്ചുമിനുക്കി സുന്ദരമാക്കുന്ന അദ്ധ്വാനമായിരുന്നു തൊഴിലാളികളുടേത്. ആകൃതിയില്ലാത്ത ചെറുവൈരക്കല്ലുകൾ മുറിച്ചും ഉരച്ചും ആഭരണ നിർമാണത്തിന് പര്യാപ്തമാക്കുന്ന ജോലിയാണിത്. ഒരു ദിവസം ഉരച്ചെടുക്കുന്ന കല്ലിന്റെ എണ്ണത്തിനനുസരിച്ചാണ് കൂലി. ക്ഷമ, നൈപുണ്യം, കാഴ്ചശക്തി എന്നിവയുണ്ടായാലേ മികച്ച പണിക്കാരനാകാൻ കഴിയൂ. നല്ല കൂലി ലഭിച്ചതോടെ ആയിരങ്ങൾ ഈ തൊഴിലിൽ ആകൃഷ്ടരായി. നിരവധി സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ബോംബെ, സൂറത്ത് എന്നിവിടങ്ങളിൽ നിന്ന് വൈരക്കൽ കൊണ്ടുവന്ന് പോളിഷ് ചെയ്ത് തിരിച്ചുനൽകുന്ന ജോലികളിൽ യുവാക്കളും ഏറെയുണ്ടായിരുന്നു. കൈപ്പറമ്പ്, പുറ്റേക്കര, തോളൂർ, അവണൂർ, അടാട്ട്, എളവള്ളി, ചൂണ്ടൽ, കണ്ടാണശേരി, തൃശൂർ എന്നിവിടങ്ങളിൽ ഡയമണ്ട് വ്യവസായം തഴച്ചുവളർന്നു. ഡയമണ്ട് പോളിഷിംഗിൽ ആധുനിക സാങ്കേതികവിദ്യ നിലവിൽവന്നതോടെ തൃശൂരിലെ ഡയമണ്ട് വ്യവസായം തളർന്നു. കമ്പനികൾ പൂട്ടി.

തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് ചേക്കേറി. വ്യവസായം അസ്തമിച്ചു. പ്രതാപം വീണ്ടെടുക്കാൻ മുണ്ടൂരിനടുത്ത് ചൂലിശേരിയിൽ സംയോജിത ഡയമണ്ട് സമുച്ചയത്തിലൂടെ വൈരക്കൽ വ്യവസായത്തെ തിരികെയെത്തിക്കാനാണ് ഡയമണ്ട് ഡെവലപ്‌മെന്റ് കോർപറേഷന്റെ ലക്ഷ്യം. ഡയമണ്ട് പോളിഷിംഗിനും ഡയമണ്ട് ആഭരണ നിർമ്മാണത്തിനും ആവശ്യമായ കോമൺ ഫെസിലിറ്റി സെന്ററും ബന്ധപ്പെട്ട മേഖലകളിൽ പരിശീലനത്തിന് ടെസ്റ്റിംഗ് സെന്ററും ഇതിനായി ലഭ്യമാക്കാനാകും. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത വ്യവസായത്തിന്റെ വളർച്ചയ്ക്കും ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയോടെയാണ് സമുച്ചയത്തെക്കുറിച്ച് ആലോചിച്ചത്. പദ്ധതിയുടെ അംഗീകാരത്തിനായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ കോർപറേഷൻ ഭാരവാഹികൾ മന്ത്രി പി.രാജീവിന് കഴിഞ്ഞവർഷം പദ്ധതിരേഖ കൈമാറിയിരുന്നു.

വിശദാംശങ്ങൾ പഠിക്കാൻ വ്യവസായ സെക്രട്ടറിയേയും ചുമതലപ്പെടുത്തി. കേരളത്തിന്റെ ഡയമണ്ട് ഹബ് കേരളത്തിന്റെ ഡയമണ്ട് ഹബ് എന്നായിരുന്നു തൃശൂർ അറിയപ്പെട്ടിരുന്നത്. കേരളത്തിന് കോടികൾ നൽകിയിരുന്ന വ്യവസായം കൂടിയായിരുന്നു ഇത്. അഞ്ച് വർഷം മുൻപ് വെറും അഞ്ച് യൂണിറ്റുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വർണാഭരണ നിർമ്മാണത്തിന് പ്രസിദ്ധമായ തൃശൂരിൽ ഈയിടെയായി ഡയമണ്ട് ആഭരണ നിർമ്മാണ വ്യവസായത്തിനും സാദ്ധ്യതയേറിയിട്ടുണ്ട്. വ്യവസായത്തിന്റെ വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനം, അസംസ്‌കൃത വസ്തുവിന്റെ ലഭ്യത, പരിശീലനം എന്നിവയ്ക്കുമായി ഡയമണ്ട് പാർക്ക് ആരംഭിക്കാൻ 154 സംരംഭകർ ചേർന്ന് ചൂലിശേരിയിൽ 4.39 ഏക്കർ സ്ഥലം വാങ്ങി. തുടർന്നാണ് കേരള ഡയമണ്ട് ഡെവലപ്‌മെന്റ് കോർപറേഷൻ രജിസ്റ്റർ ചെയ്തത്. ജില്ലയ്‌ക്ക് ആവശ്യമായ പോളിഷ് ചെയ്ത ഡയമണ്ട് നിലവിൽ പുറമേ നിന്നാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് അവണൂർ പഞ്ചായത്തിലെ സ്വന്തം സ്ഥലത്ത് ഒരു സംയോജിത ഡയമണ്ട് സമുച്ചയം സ്ഥാപിക്കാനായി കോർപറേഷൻ പദ്ധതിയിട്ടത്.

വൈരക്കൽ വ്യവസായം തിരികെ വരുന്നത് കേരളത്തിന്റെ സാമ്പത്തികവളർച്ചയ്‌ക്ക് മുതൽക്കൂട്ടാകുമെന്നതിൽ തർക്കമില്ല. മുംബയിൽ ആസ്ഥാനം മുംബയ് നഗരത്തിൽ നൂറുകണക്കിന് വൈരക്കൽ തൊഴിൽ ശാലകളുണ്ടായിരുന്നു. ഇതെല്ലാം പതുക്കെ ഗുജാത്തിലെത്തി. ഗുജറാത്തിൽ ഒരു മേൽക്കൂരയ്ക്കു കീഴിൽ പതിനായിരത്തിനു മുകളിൽ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയ വൻകിട വ്യവസായ ശാലകൾ ഉയർന്നുവന്നു. ടെക്സ്റ്റയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ വൈരക്കൽ വ്യവസായ മേഖലയിലായിരുന്നു. എഴുപതുകളിൽ മുംബയിലെത്തിയ മലയാളികളായ വൈരക്കൽ തൊഴിലാളികളിൽ പലരും അധികം വൈകാതെതന്നെ കമ്പനി ഉടമകളായി മാറി. എൺപതുകളിൽ വൈരക്കൽ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സമരങ്ങളെ തുടർന്ന് കമ്പനി നടത്തിയിരുന്ന മലയാളികളിൽ ഭൂരിപക്ഷവും നാട്ടിലേക്ക് തിരികെവന്നു. അങ്ങനെയാണ് തൃശൂരിൽ വൈരക്കൽരംഗം പ്രധാന തൊഴിൽ മേഖലകളിലൊന്നായി മാറിയത്.

തൊഴിലില്ലായ്മയും ദാരിദ്ര്യവും കഠിനമായിരുന്ന അക്കാലത്ത് വൈരക്കൽ മേഖലയിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വേതനം ആശ്വാസമായിരുന്നു. എങ്കിലും അക്കാലത്ത് വൈരക്കൽ ആഭരണങ്ങൾ ഉപയോഗിച്ചിരുന്ന മലയാളികളുടെ എണ്ണം വളരെ കുറവായിരുന്നു. പക്ഷേ, ഇന്ന് കേരളത്തിലെ നഗരങ്ങളിലും ചെറുപട്ടണങ്ങളും പ്രവർത്തിക്കുന്ന സ്വർണ്ണകടകളിൽ വൈരക്കൽ പതിച്ച ആഭരണങ്ങളുടെ വില്‌പന കോടികളുടേതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, DIAMONDS, THRISSUR, BUSINESS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.