റിയാദ്: ഒമാൻ കടലിടുക്കിൽ ആക്രമിക്കപ്പെട്ട കപ്പലുകളിൽ നിന്നും പൊട്ടിത്തെറിക്കാത്ത മൈനുകൾ ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ എടുത്തുമാറ്റുന്ന ദൃശ്യങ്ങൾ അമേരിക്കൻ സൈന്യം പുറത്തുവിട്ടു. ആക്രമണത്തിന്റെ തെളിവ് നശിപ്പിക്കുന്നതിന് ഇറാൻ ശ്രമിച്ചതിന്റെ ഉദാഹരണമാണിതെന്നും അമേരിക്ക ആരോപിച്ചു. നോർവേ, തായ്‌വാൻ ടാങ്കറുകളിൽ നിന്നുള്ള അപായ സന്ദേശം ലഭിച്ചതിന് പിന്നാലെ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽ പടയിലെ പടക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് തന്നെ ഇറാൻ സൈന്യം ഇവിടെത്തുകയും കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ചെന്നുമാണ് ആരോപണം. ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണ് ഉറപ്പിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. എന്നാൽ സംഭവം നിഷേധിച്ച ഇറാൻ അമേരിക്ക തങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു. അതേസമയം, 1987ലും 88ലും "ടാങ്കർ യുദ്ധം" നടന്ന കാലത്ത് ഇറാൻ കപ്പലുകൾക്ക് നേരെ മൈൻ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടുണ്ടെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Video recorded by U.S aircraft of an IRGC Gashti-class patrol boat removing an unexploded limpet mine from M/T Kokuka Courageous. Courageous suffered an explosion while in #GulfofOman. Her 21 crew members were rescued by #USNavy destroyer #USSBainbridge. https://t.co/YpiEUALHWj pic.twitter.com/rjWKJN0qcf
— U.S. Navy (@USNavy) June 14, 2019
അതിനിടെ, സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്താനായി ഹൂതി വിമതന്മാർ അയച്ച അഞ്ച് ആളില്ലാ വിമാന(ഡ്രോൺ)ങ്ങളെ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ ഖമീസ് മുഷൈത്ത് പ്രദേശത്ത് വച്ചാണ് ഡ്രോണുകൾ തകർത്തത്. സംഭവത്തിൽ അബഹ വിമാനത്താവളത്തിലെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നും സൗദി വാർത്താ ഏജൻസി വ്യക്തമാക്കി. സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തുന്ന നിരന്തരമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരു ഇന്ത്യൻ വംശജയും ഉൾപ്പെട്ടിരുന്നു.
അതേസമയം, കപ്പൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്നും മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടേണ്ടി വരുമെന്നും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളും ആക്രമണ രീതിയും പരിശോധിക്കുമ്പോൾ സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് വ്യക്തമാണ്. ഇന്റലിജൻസ് റിപ്പോർട്ടുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തങ്ങളുടെ സഖ്യകക്ഷികളുടെ താത്പര്യങ്ങളെ ഹനിക്കുന്ന എല്ലാ നടപടികൾക്കും മറുപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മേഖലയിൽ പ്രതിസന്ധി വർദ്ധിച്ചതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. കപ്പൽ ആക്രമണത്തിന് പിന്നാലെ 4.5 ശതമാനം വില വർദ്ധനവുണ്ടായി. ഗൾഫിലേക്ക് എണ്ണ ശേഖരിക്കാൻ പോകേണ്ടിയിരുന്ന മൂന്ന് കപ്പലുകൾ വിവിധ രാജ്യങ്ങൾ റദ്ദാക്കി. ഗൾഫ് മേഖലയിൽ നിന്നും എണ്ണയെത്തുമോ എന്ന ആശങ്കയും മേഖലയിലെ യുദ്ധസമാന സാഹചര്യവുമാണ് നിലവിലെ വിലവർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ ജപ്പാൻ പ്രസിഡന്റ് ഷിൻസോ ആബെ ഇറാനുമായി ചർച്ച നടത്തി. മദ്ധ്യസ്ഥത വഹിക്കാനായി ആബെ ഇറാനിലെത്തിയ ദിവസം തന്നെയാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതെന്നും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |