തൃക്കാക്കര: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച മുൻകരുതൽ നടപടി പ്രകാരം വീട്ടിൽത്തന്നെ കഴിഞ്ഞിരുന്ന പെൺകുട്ടിക്ക് ഉപരിപഠനത്തിനാവശ്യമായ സർട്ടിഫിക്കറ്റ് വീട്ടിലെത്തിച്ച് ജില്ലാഭരണകൂടവും പൊതുപ്രവർത്തകരും നിപ ഭീതിക്കിടയിലും ഒരു കുടുംബത്തിനാകെ ആശ്വാസമായിമാറി. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 330 പേരാണ് മുറിക്കു പുറത്തിറങ്ങാതെ സ്വന്തം വീടുകൾക്കുള്ളിൽ കഴിയുന്നത്. ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച 21 ദിവസത്തേക്കാണ് ഇത്തരത്തിൽ ഇവർ തിരക്കുകളും ജോലിയുമെല്ലാം മാറ്റി വച്ച് വീടിനുള്ളിൽ കഴിയാമെന്ന് സമ്മതിച്ചത്.
അതിനിടയിലാണ് രോഗം സ്ഥിരീകരിച്ച യുവാവിന്റെ അടുത്ത ബന്ധുവായ വിദ്യാർത്ഥിനിക്ക് ഉപരിപഠന ആവശ്യത്തിനായി വരുമാന, ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ജൂൺ 12ന് അറിയിപ്പ് ലഭിച്ചത്. കുടുംബം എന്തു ചെയ്യുമെന്ന ആശങ്കയിലായി. സർട്ടിഫിക്കറ്റ് വാങ്ങാൻ പോകാതിരിക്കാനും വയ്യ, പുറത്ത് പോകരുതെന്നുള്ള നിർദേശം അവഗണിക്കാനും വയ്യ.
വീട്ടുകാരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനായി ദിവസവും വിളിക്കുന്ന പ്രദേശത്തെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.സുരേഷിനെ വീട്ടുകാർ ഉടനെ വിവരമറിയിച്ചു. സുരേഷ് ഈ വിവരം നിപ കൺട്രോൾ സെല്ലിൽ അറിയിച്ചപ്പോൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷകയ്ക്ക് വീട്ടിലിരുന്നുതന്നെ ലഭ്യമാക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ നിർദേശം നൽകുകയായിരുന്നു. തുരുത്തിപ്പുറം അക്ഷയ സെന്ററുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സർട്ടിഫിക്കറ്റുകൾക്ക് ആവശ്യമായ അപേക്ഷ ഫോമുകൾ വാങ്ങി വൈകിട്ടോടെ വിദ്യാർത്ഥിയുടെ വീട്ടിലെത്തിച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അംബ്രോസിനെ വിവരമറിയിച്ചു. വിദ്യാർഥിനിയുടെ അപേക്ഷയും ആവശ്യമായ രേഖകളും വാർഡ് മെമ്പർ വാങ്ങി ജൂൺ 13ന് രാവിലെ അക്ഷയ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. തുടർന്ന് വില്ലേജ് ഓഫീസർ ആവശ്യമായ അന്വേഷണം പൂർത്തീകരിച്ച് ജൂൺ 13നു തന്നെ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികൾ സ്വീകരിച്ചു.
ആവശ്യഘട്ടത്തിൽ ജനസേവനത്തിനായി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും കൈകോർക്കുന്നത്തിന്റെ ഉത്തമ മാതൃകകൾ പലതുമുണ്ട് ഈ നിപ കാലത്ത്. ജില്ല കൺട്രോൾ റൂമിൽ നിന്നും സർവൈലൻസ് വിഭാഗം ഉദ്യോഗസ്ഥർ വീടുകളിൽ കഴിയുന്നവരെ ബന്ധപ്പെടുമ്പോൾ പലർക്കും അടിയന്തര ആവശ്യങ്ങളായിരുന്നു പറയാനുണ്ടായിരുന്നത്. പ്രമേഹത്തിനുള്ള ഇൻസുലിൻ തീർന്നത്, മെഡിക്കൽ സർട്ടിഫിക്കറ്റ്, അങ്ങിനെ പലതും. കഴിയാവുന്ന എല്ലാ സഹായവും അവരുടെ വീടുകളിൽ എത്തിച്ച് ജില്ലാ കൺട്രോൾ റൂം വിവിധ സേവനകേന്ദ്രങ്ങളുടെ ഏകോപനം ഉറപ്പുവരുത്തിയത് പലർക്കും ആശ്വാസകരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |