കോന്നി : കലഞ്ഞൂർ കാരുവയലിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസി ശ്രീഭവനത്തിൽ ശ്രീകുമാറിനെ (37) പൊലീസ് അറസ്റ്റു ചെയ്തു. കലഞ്ഞൂർ അനന്തുഭവനിൽ അനന്തു (28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാരുവേലിൽ കനാലിലാണ് മൃതദേഹം കണ്ടത്. തലയ്ക്ക് പിന്നിലുള്ള മുറിവും മൃതദേഹം കണ്ടെത്തിയ കനാലിന്റെ സമീപത്തെ റബർത്തോട്ടത്തിലും അവിടേക്കുള്ള വഴിയിലും കണ്ട രക്തത്തിന്റെ പാടുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ മുടിയും കൊലപാതകം നടന്നതായുള്ള സൂചനകൾ പൊലീസിന് നൽകിയിരുന്നു. ബുധനാഴ്ച്ച അർദ്ധരാത്രിയിലാണ് കുളത്തുമൺ വനമേഖലയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പൊലീസ് എത്തി മൃതദേഹം കണ്ടെടുത്ത് ഇൻക്വസ്റ്റ് തയാറാക്കുന്നതു വരെ സ്ഥലത്തുണ്ടായിരുന്ന സമീപവാസി ശ്രീകുമാർ പിന്നീട് ഒളിവിൽപ്പോയത് സംശയത്തിന് ഇടയാക്കിയിരുന്നു. ശ്രീകുമാറിന്റെ ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ അനന്തുവും ശ്രീകുമാറുമായി നേരത്തേയും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കുളത്തുമണ്ണിലുള്ള ബന്ധുവീട്ടിലാണ് ശ്രീകുമാർ ഒളിവിൽ കഴിഞ്ഞിരുന്നത്. അവിടെ വനത്തോടു ചേർന്നുള്ള ഷെഡിലായിരുന്നു രാത്രി വിശ്രമം. പകൽ വനത്തിലേക്ക് കയറിപ്പോകും. ഇവിടെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി ഷെഡിന് സമീപം പതുങ്ങിയിരുന്നു. രാത്രി ഷെഡിലേക്ക് വന്ന ശ്രീകുമാർ പൊലീസ് സംഘത്തെ കണ്ട് വനത്തിലേക്ക് ഓടി. പ്രതിക്ക് പിന്നാലെ ഓടി മൽപ്പിടുത്തം നടത്തിയ നാല് പൊലീസുകാർക്കും പരുക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച മുതൽ അനന്തുവിനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തൊട്ടടുത്തുള്ള റബർ പ്ലാന്റേഷനിലാണ് കൊല നടന്നത്. ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു. മദ്യപിച്ചു കഴിഞ്ഞാൽ ബോധം കെട്ട് അവിടെ തന്നെ കിടക്കുന്നതാണ് അനന്തുവിന്റെ പതിവ്. ഞായറാഴ്ചയും കൂട്ടുകാർക്കൊപ്പം പ്ലാന്റേഷനിൽ ഇരുന്ന് മദ്യപിച്ചിരുന്നു. ഈ സമയം അവിടെ എത്തിയ ശ്രീകുമാർ അനന്തു ഒറ്റയ്ക്കാകാൻ കാത്തിരുന്നു. മറ്റുസുഹൃത്തുക്കൾ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നിലെത്തിയ ശ്രീകുമാർ വീട്ടിൽ ആടിനെ കെട്ടാൻ ഉപയോഗിച്ചിരുന്ന കമ്പി വടിക്ക് അടിച്ച് താഴെയിട്ടു. മൂന്ന് അടിയോടെ മരിച്ചുവെന്ന് ഉറപ്പാക്കിയപ്പോൾ മൃതദേഹം 400 മീറ്ററോളം വലിച്ചിഴച്ചും ചുമന്നും സമീപത്തെ കനാലിൽ കൊണ്ടിട്ടശേഷം കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കമ്പി വടിയും കനാലിൽ ഉപേക്ഷിച്ചു. കോന്നി ഡിവൈ.എസ്.പി കെ.ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ കൂടൽ പൊലീസ് എസ്.എച്ച്.ഒ പുഷ്പകുമാർ, എസ്.ഐ.ദിജേഷ്, സി.പി.ഒമാരായ അനീഷ്, അനൂപ്, ഫിറോസ്, രതീഷ്, പുഷ്പകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |