തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മണ്ഡലം കമ്മിറ്രി മുതൽ ഡി.സി.സി തലംവരെ നടത്താൻ നിശ്ചയിച്ച പുനഃസംഘടന വൈകും. ഈ മാസം അവസാനം ഛത്തിസ്ഗഢിലെ റായ്പൂരിൽ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനുശേഷമേ ഇനി പുനഃസംഘടനാചർച്ച സജീവമാകൂവെന്നാണ് സൂചന.
സംഘടനയിലെ തർക്കങ്ങൾ
സംസ്ഥാനസർക്കാരിനെതിരായ പ്രക്ഷോഭത്തെ ബാധിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.പി.സി.സി. പുനഃസംഘടനാനടപടികൾ തൽക്കാലം മരവിപ്പിക്കുന്നതും ഈ സാഹചര്യത്തിലാണ്. എല്ലാ വിഭാഗം നേതാക്കളെയും പ്രവർത്തകരെയും ഒരുമിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ബഡ്ജറ്റിലെ നികുതി ഭാരത്തിനെതിരെയുള്ള യു.ഡി.എഫിന്റെ രാപ്പകൽ സമരം നാളെയും മറ്റന്നാളുമാണ്.
പുനഃസംഘടനാ ചർച്ചകൾക്കായി ജില്ലാതലത്തിൽ രൂപീകരിച്ച പ്രത്യേകസമിതികളെക്കുറിച്ചും പുനഃസംഘടനയ്ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളിലും വ്യാപക എതിർപ്പുണ്ട്.
എ ഗ്രൂപ്പിന്റെ കടുത്ത വിയോജിപ്പ് കാരണം
മാനദണ്ഡങ്ങളിൽ ഒന്നിലേറെ തവണ മാറ്റം വേണ്ടിവന്നു. പത്തനംതിട്ടയിൽ ഒരു വിഭാഗം നേതാക്കൾ പരസ്യപ്രതിഷേധമുയർത്തിയിരുന്നു. ഈ മാസം ഏഴിന് ജില്ലാതല സമിതികൾ പുനഃസംഘടനാ പട്ടിക കൈമാറണമെന്ന് കെ.പി.സി.സി അന്ത്യശാസനം നൽകിയിരുന്നെങ്കിലും നടപ്പായില്ല.
സർക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിലാണ് പാർട്ടി നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ധന സെസ് ഉൾപ്പെടെ ബഡ്ജറ്റിലെ നികുതിനിർദ്ദേശങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് യു.ഡി.എഫും കെ.പി.സി.സിയും ആഹ്വാനം ചെയ്തിരിക്കുന്നത്.
അടുത്ത രണ്ടാഴ്ച നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിൽ സർക്കാർവിരുദ്ധ വികാരം ജനങ്ങളിൽ സജീവമാക്കി നിറുത്താൻ ശക്തമായ പ്രക്ഷോഭപരിപാടികൾ വേണം. അതിന് കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് യു.ഡി.എഫ് ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |